വാഷിങ്ടണ്‍: അമേരിക്കയിലെ പ്രമുഖ നഗരങ്ങളില്‍ വലതുപക്ഷ തീവ്രവാദികളുടെ മുസ്്‌ലിം വിരുദ്ധ മാര്‍ച്ച്. ശരീഅത്തിനെതിരെ ദേശീയ മാര്‍ച്ച് എന്ന പേരില്‍ ആക്ട് ഫോര്‍ അമേരിക്കയുടെ ആഹ്വാന പ്രകാരം രാജ്യത്തെ 28 നഗരങ്ങളില്‍ റാലികള്‍ നടന്നു. മുസ്്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ ചില റാലികളില്‍ ഉന്തുംതള്ളുമുണ്ടായി. വാഷിങ്ടണ്‍, സിയാറ്റില്‍ തുടങ്ങിയ നഗരങ്ങളില്‍ റാലിക്കാരും ആന്റിഫ എന്ന ഫാസിസ്റ്റ് വിരുദ്ധ സംഘടനയുടെ പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടി.
അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. ചിലയിടങ്ങളില്‍ ആന്റിഫ സമാന്തര റാലികള്‍ നടത്തി. മുസ്്‌ലിംകള്‍ക്കെതിരെ അക്രമങ്ങള്‍ ഇളക്കിവിടുകയാണ് റാലിക്കാരുടെ ലക്ഷ്യമെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സ് ആരോപിച്ചു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ അമേരിക്കന്‍ സമൂഹത്തില്‍ ഇസ്‌ലാമോഫോബിയ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകനായ അലിയ സാലിം അഭിപ്രായപ്പെട്ടു. 2007ലാണ് ആക്ട് ഫോര്‍ അമേരിക്ക സ്ഥാപിതമായത്. തങ്ങള്‍ക്ക് അഞ്ചു ലക്ഷത്തിലേറെ അനുയായികളുണ്ടെന്നാണ് സംഘടനയുടെ അവകാശവാദം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് ഉറച്ച പിന്തുണ നല്‍കിയ ഗ്രൂപ്പുകളിലായിരുന്നു ഈ സംഘടന.