സോള്‍: ഉത്തരകൊറിയയുടെ പ്രതിഷേധങ്ങളും ഭീഷണികളും വകവെക്കാതെ അമേരിക്കയും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസം തുടങ്ങി.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണത്തിനുശേഷം കൊറിയന്‍ മേഖലയില്‍ യുദ്ധഭീതി നിലനില്‍ക്കെയാണ് ഇരുരാജ്യങ്ങളും സൈനികാഭ്യാസങ്ങളുമായി മുന്നോട്ടുപോകുന്നത്. അധിനിവേശ റിഹേഴ്‌സലായാണ് ഉത്തരകൊറിയ ഇതിനെ കാണുന്നത്.
സംയുക്ത സൈനികാഭ്യാസത്തില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ ദാക്ഷിണ്യമില്ലാത്ത ആണവാക്രമണം നേരിടേണ്ടിവരുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ഏതുസമയത്തും ഹവായിലെയോ ഗുവാമിലെയോ യു.എസ് സൈനിക താവളങ്ങളില്‍ മിസൈലാക്രമണമുണ്ടാകും.
അമേരിക്ക ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണത്തിനാവും സാക്ഷ്യംവഹിക്കേണ്ടിവരികയെന്ന് ഔദ്യോഗിക പത്രമായ റൊഡോങ് സിന്‍മുനി ഭീഷണി മുഴക്കുന്നു. പ്രതിരോധത്തിന്റെ ഭാഗമാണ് സംയുക്ത സൈനികാഭ്യാസമെന്ന് അമേരിക്കയും ദക്ഷിണകൊറിയയും വ്യക്തമാക്കിയിട്ടുണ്ട്.
വീണ്ടുവിചാരമില്ലാത്ത അഭ്യാസപ്രകടനങ്ങള്‍ ആണവയുദ്ധത്തിലായിരിക്കും അവസാനിക്കുകയെന്ന് ഉത്തരകൊറിയ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് 11 ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസം തുടങ്ങിയത്. 17,500 യു.എസ് സൈനികരും അരലക്ഷം ദക്ഷിണകൊറിയന്‍ സൈനികരും ഇതില്‍ പങ്കെടുക്കുന്നുണ്ട്.
ആയുധങ്ങളും ടാങ്കുകളും ഉപയോഗിക്കാതെ കമ്പ്യൂട്ടര്‍ സിമുലേറ്റര്‍ പരിശീലനമാണ് ഇത്തവണത്തെ സൈനികാഭ്യാസങ്ങളുടെ പ്രത്യേകത. പുതിയ പ്രകോപനങ്ങള്‍ക്കുള്ള അവസരമായി ഇതിനെ കാണരുതെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ഉത്തരകൊറിയയോട് അഭ്യര്‍ത്ഥിച്ചു.
ഉത്തരകൊറിയയുടെ ആവര്‍ത്തിച്ചുള്ള പ്രകോപനങ്ങള്‍ കണക്കിലെടുത്ത് പരിശീലനം നടത്തുക മാത്രമാണ് ചെയ്യുന്നതെന്ന് മൂണ്‍ ജെ വ്യക്തമാക്കി. ആയുധങ്ങള്‍ പരീക്ഷിച്ചും ഭീഷണി മുഴക്കിയുമാണ് സൈനികാഭ്യാസങ്ങളോട് ഉത്തരകൊറിയ സാധാരണ പ്രതികരിക്കാറുള്ളത്.
കഴിഞ്ഞ വര്‍ഷം യു.എസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം നടക്കുമ്പോള്‍ ഉത്തരകൊറിയ അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന 500 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. ഉത്തരകൊറിയ പുതുതായി പരീക്ഷിച്ച ഭൂഖണ്ഡാന്തര മിസൈലുകള്‍ക്ക് അമേരിക്കയുടെ ഏത് ഭാഗത്തെ ആക്രമിക്കാനും ശേഷിയുണ്ടെന്നാണ് വിദഗ്ധര്‍ കരുതുന്നത്. അമേരിക്കയില്‍ ആണവാക്രമണം നടത്താനും ഉത്തരകൊറിയ വൈകാതെ കരുത്തുനേടുമെന്ന് അവര്‍ ഭയക്കുന്നു.
- 7 years ago
chandrika
Categories:
Video Stories