ബീജിങ്: ദക്ഷിണ ചൈന കടലില്‍നിന്ന് പിടിച്ചെടുത്ത അമേരിക്കന്‍ അന്തര്‍ജല ഡ്രോണ്‍ ചൈന തിരിച്ചുനല്‍കി. ഡ്രോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത നയതന്ത്ര പിരിമുറുക്കം ഇതോടെ അയഞ്ഞു. ഫിലിപ്പീന്‍സിലെ സുബിക് ബേയില്‍ വെച്ചാണ് ഡ്രോണ്‍ കൈമാറ്റം നടന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിധേയമായി ദക്ഷിണ ചൈന കടലില്‍ ഡ്രോണ്‍ പ്രവര്‍ത്തനം തുടരുമെന്ന് യു.എസ് അറിയിച്ചു.
ശാസ്ത്രീയ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ചൈന ഡ്രോണ്‍ പിടിച്ചെടുത്തതെന്ന് അമേരിക്ക പറയുന്നു. ദക്ഷിണ ചൈന കടലില്‍ അവകാശവാദമുന്നയിക്കുന്ന ചൈന അതേ ചൊല്ലി നിരവധി അയല്‍ രാജ്യങ്ങളുമായി തര്‍ക്കത്തിലാണ്. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ കാരണം ചൈന-യു.എസ് ബന്ധത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. പരമ്പരാഗത നയതന്ത്ര മര്യാദ ലംഘിച്ച് ട്രംപ് തായ്‌വാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചത് ചൈനയെ ചൊടിപ്പിച്ചിരുന്നു.