കഴിഞ്ഞ ഒരാഴ്ചയിലധികമായി പ്രാര്‍ത്ഥനയില്‍ കഴിയുകയാണ് ഒരു പ്രദേശം. വെണ്‍മണല്‍ ബിസ്മില്ല മന്‍സില്‍ പി.വി. സമീഹി (25)ന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പ്രദേശം ഒന്നടങ്കം പ്രാര്‍ത്ഥനയില്‍ മുഴുകുന്നത്. റിയാദ് ബത്ഹയില്‍ സ്വകാര്യ ട്രാവല്‍സില്‍ ജോലിചെയ്യുന്ന സമീഹിനെ കഴിഞ്ഞ 13 മുതലാണ് കാണാതായത്. ജോലിസ്ഥലത്തു നിന്നും സഹോദരന്റെ താമസ സ്ഥലത്ത് പോയി തിരിച്ചുവരവെയായിരുന്നു അപ്രത്യക്ഷമാകുന്നത്.
ഒന്നര വര്‍ഷമായി റിയാദില്‍ ജോലിചെയ്യുന്ന സമീഹിന്റെ മാതാപിതാക്കള്‍ കഴിഞ്ഞ രണ്ടുമാസമായി സന്ദര്‍ശന വിസയില്‍ റിയാദിലുണ്ട്. സഹോദരന്‍ സഫീറിന്റെ കൂടെയാണ് ഇവര്‍ താമസിക്കുന്നത്. 13ന് ടിബിജെ 5642 വെള്ള ഹ്യൂണ്ടായ് ആക്‌സന്റ് കാറിലായിരുന്നു ഇവിടേക്ക് സമീഹ് പോയത്. സുഹൃത്തും വെണ്‍മണല്‍ സ്വദേശിയുമായ മുസമ്മിലിന്റെ കാറായിരുന്നു ഇത്.
സഹോദരന്റെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ചു അല്‍പസമയം ചെലവഴിച്ചു ജോലി സ്ഥലത്തേക്ക് മടങ്ങിയെങ്കിലും പിന്നീട് സമീഹിനെ കുറിച്ചോ സഞ്ചരിച്ച വാഹനത്തെക്കുറിച്ചോ യാതൊരു വിവരവുമുണ്ടായില്ല.
ജോലിസ്ഥലത്ത് എത്തുന്നതിന് കുറച്ചുദൂരം മുമ്പ് സഹപ്രവര്‍ത്തകരോട് ഫോണില്‍ സംസാരിച്ചിരുന്നു. വഴി തെറ്റിയതായും അഞ്ചുമിനിട്ടിനകം ട്രാവല്‍സില്‍ എത്തുമെന്നുമായിരുന്നു അറിയിച്ചത്. എന്നാല്‍ പിന്നീട് ഈ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതായാണ് അറിഞ്ഞ്.
സാമൂഹ്യ പ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പലവിധത്തില്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ യാതൊരുവിവരവും ലഭിച്ചിട്ടില്ല. റിയാദ് പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്. റിയാദ് ഗവര്‍ണറേറ്റിനെയും സമീപിച്ചിട്ടുണ്ട്.
പൊലീസിന്റെ പിടിയിലകപ്പെട്ടുവെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. ഈ വഴിക്കുള്ള അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിക്കാത്തത് കൂടുതല്‍ ആശങ്കയിലാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാട്ടിലുള്ള അമ്മാവന്‍ പി.വി. സിദ്ദീഖ് ഫൈസി കണ്ണൂര്‍ എസ്.പിക്ക് ഇന്നലെ പരാതി നല്‍കിയിട്ടുണ്ട്. നാട്ടില്‍ നിന്നുപയോഗിച്ചിരുന്ന ഫോണ്‍ നമ്പറായ 9562591616 എന്ന നമ്പര്‍ തന്നെയായിരുന്നു വാട്‌സ് ആപ്പ് നമ്പറായി ഉപയോഗിച്ചിരുന്നത്. ഇവിടെ നിന്നു വാങ്ങിയ എല്‍ജി സെറ്റിലായിരുന്നു സിം ഉപയോഗം. ഐഎംഇ നമ്പര്‍ കണ്ടെത്തുകയോ സിം മെസേജുകളില്‍ നിന്നും ആശയ വിനിമയം നടത്തിയത് മനസ്സിലാക്കുകയോ ചെയ്താല്‍ എളുപ്പത്തില്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സഹായം തേടിയത്.
റിയാദില്‍ നിന്ന് തുടര്‍ച്ചയായി അന്വേഷണം നടത്തുമ്പോള്‍ പ്രദേശവാസികള്‍ യുവാവിനെ കണ്ടെത്തുന്നതിന് പ്രാര്‍ത്ഥനയില്‍ കാത്തിരിക്കുകയാണ്. സന്തോഷകരമായ വാര്‍ത്ത ഉടന്‍ കേള്‍ക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പ്രദേശവാസികള്‍.