X

യുവാന്‍ ശങ്കര്‍രാജയെ നിര്‍ബന്ധിച്ച് മതം മാറ്റിയതാണോ? ഭാര്യ സഫ്‌റൂണ്‍ നിസാറിന് പറയാനുള്ളത് ഇതാണ്

ചെന്നൈ: തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകരില്‍ ഒരാളാണ് സംഗീതേതിഹാസം ഇളയരാജയുടെ മകന്‍ യുവാന്‍ ശങ്കര്‍രാജ. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവാന്‍ ഇസ്‌ലാം മതം സ്വീകരിക്കുകയും അബ്ദുല്‍ ഖാലിഖ് എന്ന പേരു സ്വീകരിക്കുകയും ചെയ്തിരുന്നു. 2015ല്‍ സഫ്‌റൂണ്‍ നിസാര്‍ എന്ന മുസ്‌ലിം യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു.

യുവാന്റെ മതംമാറ്റത്തിന് പിന്നില്‍ സഫ്‌റൂണ്‍ ആയിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ചില മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ യുവാനെ ഒരിക്കലും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ല എന്നു പറയുകയാണ് ഇപ്പോള്‍ ഭാര്യ. തന്നെ കാണുന്നതിനും മൂന്നു വര്‍ഷം മുമ്പ് യുവാന്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു എന്ന് സഫ്‌റൂണ്‍ വെളിപ്പെടുത്തി. ഒരു ഇന്‍സ്റ്റഗ്രാം സംവാദത്തിലാണ് ഇവര്‍ ഇതേക്കുറിച്ച് മനസ്സു തുറന്നത്.

ഞങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അന്വേഷിക്കുന്ന എല്ലാ ഉത്തരവും ഖുര്‍ആനിലുണ്ടെന്ന് മനസ്സിലാക്കിയാണ് അദ്ദേഹം മതം മാറിയത്- അവര്‍ കൂട്ടിച്ചേര്‍ത്തു.

യുവാന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. 2005 മാര്‍ച്ചില്‍ കാമുകി സുജയ ചന്ദ്രനുമായിട്ടായിരുന്നു ആദ്യത്തെ വിവാഹം. മൂന്നു വര്‍ഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു. 2011ല്‍ ശില്‍പ്പയെ വിവാഹം ചെയ്‌തെങ്കിലും അതും അധികനാള്‍ നീണ്ടില്ല. 2014ലാണ് താന്‍ ഇസ്‌ലാം സ്വീകരിച്ചതായി യുവാന്‍ പ്രഖ്യാപിച്ചത്. 2015ലായിരുന്നു സഫ്‌റൂണ്‍ നിസാറുമായുള്ള വിവാഹം.

23 വര്‍ഷത്തെ കരിയറിനിടെ നൂറിലധികം ചിത്രങ്ങള്‍ക്ക് യുവാന്‍ സംഗീതം നല്‍കിയിട്ടുണ്ട്. 16-ാം വയസ്സിലാണ് സംഗീത സംവിധാനം ആരംഭിച്ചത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇളയരാജയുടെ ഇളയ മകനാണ്.

Test User: