കൊച്ചി: യുവനടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ പ്രധാന പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നു. രണ്ടാഴ്ചക്കകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കുകയെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിവൈഎസ്പി കെ.ജി ബാബുകുമാര്‍ പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന പ്രതി സുനില്‍കുമാര്‍ അങ്കമാലിയിലെ അഭിഭാഷകന് കൈമാറിയ മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധന ഫലം കോടതിയില്‍ നല്‍കിയിട്ടുണ്ട്.
എന്നാല്‍ പൊലീസിന് കൈമാറിയിട്ടില്ല. ഇത് വിചാരണവേളയില്‍ തെളിവായി കണക്കാക്കും. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനി പൊലീസില്‍ നല്‍കിയ മൊഴി. പൊലീസ് രണ്ട് പ്രാവശ്യം പ്രതീഷിനെ വിളിപ്പിച്ചുവെങ്കിലും മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് സൂചനകളൊന്നും നല്‍കിയില്ല. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ ഫോണ്‍ കണ്ടെത്താനായി പ്രതീഷിനെ നിയമപരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും. കുറ്റപത്രം നല്‍കുന്നതിന് മുമ്പ്തന്നെ ഇത് നടത്താനാണ് പൊലീസ് തയ്യാറെടുക്കുന്നത്. അങ്കമാലിയിലെ അഭിഭാഷകന്‍ സുനിയുടെ വക്കാലത്ത് ഒഴിയുകയും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു. കേരളത്തെ ഞെട്ടിച്ച കേസിലെ മുഖ്യപ്രതിയെ സഹായിക്കുന്ന തരത്തിലാണ് പ്രതീഷ് ചാക്കോയുടെ ഇടപെടലെന്നാണ് പൊലീസ് നിഗമനം.
ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം യുവനടിയെ ആക്രമിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് സുനിയും കൂട്ടാളികളും കോയമ്പത്തൂരിലേക്ക് കടന്നു. കേസില്‍ ഇതുവരെ സുനി ഉള്‍പ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ മതിയായ തെളിവുകള്‍ പൊലീസിന് ശേഖരിക്കാന്‍ കഴിയാത്തത് കുറ്റപത്രത്തെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ട്.