യുവത്വത്തിന്റെ കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് കേരളത്തിന്റെ ഫുട്‌ബോള്‍ ടീം സന്തോഷ് ട്രോഫിക്ക് ഒരുങ്ങുന്നു. തലസ്ഥാനത്തെ എല്‍.എസ്.സി.പിയില്‍ ഒരു മാസത്തോളം നീണ്ട പരിശീലന ക്യാമ്പിന് താല്‍ക്കാലിക വിട നല്‍കി ടീമംഗങ്ങള്‍ ക്രിസ്മസ് ആഘോഷത്തിനായി ഇന്നലെ പിരിഞ്ഞു. ക്രിസ്മസിന് ശേഷം പരിശീലന ക്യാമ്പ് എല്‍.എല്‍.സി.പിയില്‍ 26ന് പുനരാരംഭിക്കും.സന്തോഷ് ട്രോഫിയുടെ പ്രാഥമിക റൗണ്ട് എന്ന കടമ്പ കടക്കുന്നതിന് ഇക്കുറി യുവനിരയെയാണ് കേരളം കളത്തിലിറക്കുന്നത്. അതുകൊണ്ടു ജൂനിയര്‍ താരങ്ങള്‍ക്കും കോളജ് താരങ്ങള്‍ക്കുമാണ് പരിശീലന ക്യാമ്പില്‍ ഇടം. ഇവര്‍ക്കൊപ്പം പരിചയ സമ്പന്നരായ താരങ്ങള്‍ ചേരുമ്പോഴും ടീമിന്റെ ശരാശരി പ്രായം 25ന് വയസിന് താഴെയാണ്.ഇന്ത്യയുടെ മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളായിരുന്ന വി.പി.ഷാജി ഒരുക്കുന്ന പരിശീലന ക്യാമ്പിലെ മൂന്നിലൊന്ന് താരങ്ങളും കോളജ് ടീമംഗങ്ങളാണ്. ഇവര്‍ക്കൊപ്പം എസ്.ബി.ടിയില്‍ നിന്നുള്ള മികച്ച ജൂനിയര്‍ താരങ്ങളുമുണ്ട്. ജൂനിയര്‍ ടീമില്‍നിന്നുള്ള മൂന്നു കളിക്കാര്‍ സന്തോഷ് ട്രോഫി പ്ലേയിങ് ഇലവനില്‍ ഉണ്ടാകണമെന്നതാണ് പുതിയ വ്യവസ്ഥ. ഇവര്‍ക്കു പകരം ഇറങ്ങുന്നതും ജൂനിയര്‍ താരമാവണമെന്നതിനാല്‍ ടീമില്‍ ഏറ്റവും കുറഞ്ഞത് ആറ് അണ്ടര്‍ 21 താരങ്ങളെ ഉള്‍പ്പെടുത്തേണ്ടിവരും. അതുകൊണ്ടുതന്നെ പരിചയസമ്പന്നരില്‍ പലരും ഇക്കുറി കളത്തിന് പുറത്താണ്. 60 പേരുമായി ആരംഭിച്ച ക്യാമ്പിലെ അംഗങ്ങളുടെ എണ്ണം 30 ആയി ചുരുക്കിയിട്ടുണ്ട്. രണ്ട് മൂന്ന് പരിശീലന മത്സരങ്ങള്‍ കൂടി കഴിഞ്ഞ ശേഷം അന്തിമ ടീമിനെ ഈ മാസം 30ന് പ്രഖ്യാപിക്കുമെന്ന് പരിശീലകന്‍ വി.പി ഷാജി പറഞ്ഞു. സന്തോഷ് ട്രോഫി മല്‍സരങ്ങള്‍ തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കു മാറ്റിയതിനാല്‍ ടീമിന്റെ അവസാനഘട്ട പരിശീലനങ്ങള്‍ കോഴിക്കോടായിരിക്കും. അതിന് മുമ്പ് തിരുവനന്തപുരത്ത് രണ്ട് പരിശീലന മത്സരങ്ങളെങ്കിലും ഒപ്പിക്കാനുള്ള തത്രപ്പാടിലാണ് ഷാജിയും സഹപരിശീലകന്‍ മില്‍ട്ടണ്‍ ആന്റണിയും. ഗോള്‍ കീപ്പിങ് പരിശീലകനായി മുന്‍ അന്താരാഷ്ട്ര താരം ഫിറോസ് ഷെരീഫും ടീമിനൊപ്പമുണ്ട്. എം.ആര്‍.സി. വെല്ലിങ്ടണിന് പുറമെ കേരള പൊലീസുമായി മാത്രമാണ് ഇതുവരെ ടീം പരിശീലന മത്സരം കളിച്ചത്.
- 8 years ago
chandrika
Categories:
Video Stories
യുവത്വമാണ് ഷാജിയുടെ കേരളാ സംഘം
Related Post