ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്‍ ദുരന്തമാണെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്. യുദ്ധകാലത്തിന് സമാനമാണ് നിലവിലെ രാജ്യത്തെ സ്ഥിതിയെന്നും ദ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേരെടുത്ത് പറഞ്ഞ് അതിരൂക്ഷ വിമര്‍ശനങ്ങളാണ് ലേഖനത്തില്‍ ഉന്നയിക്കുന്നത്.
തീരുമാനത്തിന്റെ ലക്ഷ്യം നല്ലതാണെന്ന് അംഗീകരിക്കുന്നു. യുദ്ധസമയത്ത് റേഷനായി കിട്ടുന്ന ഭക്ഷണത്തിനായി ആളുകള്‍ ക്യൂ നില്‍ക്കേണ്ടി വരാറുണ്ട്. എന്നാല്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പണം കിട്ടാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ഇങ്ങനെ വരി നില്‍ക്കേണ്ടി വരുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്. പൊടുന്നനെ എടുത്ത തീരുമാനത്തിന്റെ അനന്തരഫലം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിഴലിക്കും.
ഇന്ത്യയിലെ 90 ശതമാനം പേര്‍ക്കും വേതനം ലഭിക്കുന്നത് പണമായിട്ടാണ്. ഇതില്‍ ലക്ഷക്കണക്കിന് കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഉള്‍പ്പെടുന്നു. ഗ്രാമങ്ങളില്‍ ജീവിക്കുന്ന 60 കോടി ജനങ്ങള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ ഇപ്പോഴും അന്യമാണ്. അവര്‍ ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് പണം ഉപയോഗിച്ചാണ്. അവരുടെ സാമ്പാദ്യങ്ങളെല്ലാം സൂക്ഷിക്കുന്നത് 1000, 500 രൂപ നോട്ടുകള്‍ ആയിട്ടായിരിക്കും. അതിനെയെല്ലാം കള്ളപ്പണമെന്ന് മുദ്രകുത്തി അവരുടെ ജീവിതം താറുമാറാക്കിയത് വലിയ ദുരന്തമാണ്. ഓരോ പൗരന്റേയും ജീവിതവും അവകാശവും സംരക്ഷിക്കുക എന്നത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. ഈ അടിസ്ഥാന ഉത്തരവാദിത്തത്തെയാണ് പ്രധാനമന്ത്രി ഒറ്റ പ്രഖ്യാപനത്തിലൂടെ പരിഹസിച്ചത്.
നൂറു കോടിയിലധികം വരുന്ന ഇന്ത്യക്കാര്‍ക്ക് സര്‍ക്കാറിലുള്ള വിശ്വാസമാണ് നോട്ട് നിരോധിച്ച ഒറ്റ നടപടിയിലൂടെ നരേന്ദ്രമോദി തകര്‍ത്തത്. എല്ലാ പണവും കള്ളപ്പണമാണെന്നും എല്ലാ കള്ളപ്പണവും പണമായിട്ടാണ് സൂക്ഷിക്കുന്നതെന്നും പറയുന്നത് വിഡ്ഢിത്തമാണ്. ചെറിയൊരു പങ്കേ കറന്‍സിയായി സൂക്ഷിക്കുന്നുള്ളൂ. മറ്റുള്ളവ ഭൂമി, സ്വര്‍ണം, വിദേശബാങ്ക് അക്കൗണ്ടുകള്‍ എന്നിവയിലാണുള്ളത്. വ്യവസായ ഉത്പാദനവും തൊഴില്‍ അവസങ്ങളും കുറഞ്ഞുവരുന്ന കാലത്തെ ഈ തീരുമാനം വിപരീത ഫലമാണുണ്ടാക്കുക- ഡോ. സിങ് കൂട്ടിച്ചേര്‍ത്തു.