ലോകായുക്ത നിയമഭേദഗതി നിയമസഭ പാസാക്കിയിരിക്കുകയാണ്. ചര്‍ച്ച ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന്റെ അസാനിധ്യത്തിലാണ് ലോകായുക്തയുടെ പല്ലും നഖവും എടുത്തുകളയുന്ന ഭേദഗതി സര്‍ക്കാര്‍ പാസാക്കിയെടുത്തിരിക്കുന്നത്. ആറുമാസം മുമ്പ് കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ കാലാവധി പൂര്‍ത്തിയായപ്പോള്‍ ഓര്‍ഡിനന്‍സ് പുതുക്കാന്‍ വേണ്ടി വീണ്ടും ഗവര്‍ണര്‍ക്കയക്കുകയും അദ്ദേഹം ഒപ്പുവെക്കാതെ തിരിച്ചയക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയമസഭ ചേര്‍ന്ന് പുതിയ ഭേദഗതി പാസാക്കിയിരിക്കുന്നത്. ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നും അന്യേഷണ ഏജന്‍സി തന്നെ വിധി പറയാന്‍ പാടില്ലെന്നും അതുകൊണ്ടാണ് അനിവാര്യമായ ഭേദഗതി കൊണ്ടുവന്നിരിക്കുന്നതെന്നുമാണ് ബില്‍ അവതരിപ്പിച്ച്‌കൊണ്ട് മന്ത്രി പി. രാജീവ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാതികളില്‍ നിയമ സഭ തീരുമാനമെടുക്കും. മന്ത്രിമാര്‍ക്കെതിരെയുള്ള പരാതികളില്‍ തീരുമാനം മുഖ്യമന്ത്രിയുടേതുമായിരിക്കും. എം.എല്‍.എ മാര്‍ക്കെതിരെയുള്ള പരാതികളില്‍ സ്പീക്കര്‍ ആയിരിക്കും തീരുമാനങ്ങളെടുക്കുക. ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വീസ് ചട്ടപ്രകാരം സര്‍ക്കാര്‍ തീരുമാനമെടുക്കും. എന്നാല്‍ ബില്ലില്‍ കൊണ്ടു വന്നിട്ടുള്ള ഭേദഗതികളിലൂടെ ലോകായുക്തയെ തകര്‍ക്കുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നത് വ്യക്തമാണ്. നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഭേദഗതിയാണിതെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
ലോകായുക്തയുടെ വിധി സര്‍ക്കാറിന് തള്ളാമെന്നുള്ള വ്യവസ്ഥ ജുഡീഷ്യറിക്ക് മേലുള്ള കടന്നു കയറ്റമാണെന്നും ലോകായുക്ത എന്നത് ജുഡീഷ്യല്‍ ബോഡിയാണെന്നും പ്രതിപക്ഷ നേതാവ് ബില്ലിന്റെ ചര്‍ച്ചയില്‍ നിയമസഭയില്‍ വ്യക്തമാക്കുകയുണ്ടായി. ജുഡീഷ്യറിയിലേക്കുള്ള എക്‌സിക്യൂട്ടീവിന്റെ കടന്നുകയറ്റമാണ് ഈ ഭേദഗതിയിലൂടെ ഉണ്ടാകുന്നതെന്നും ഇത് ഭരണഘടനാ വിരുദ്ധവും ജുഡീഷ്യല്‍ അധികാരത്തെ കവര്‍ന്നെടുക്കുന്ന അപ്പലറ്റ് അതോറിറ്റിയായി എക്‌സിക്യൂട്ടീവ് മാറുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്ന ഗുരുതര ആരോപണവും അദ്ദേഹം സഭയില്‍ ഉന്നയിക്കുകയുണ്ടായി. സബ്ജക്ട് കമ്മറ്റിയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ നിരവധി പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോകായുക്തയെ ഈ വിധം നോക്കുകുത്തിയാക്കുന്ന നിയമഭേദഗതി കൊണ്ടുവരുന്നത് എന്തിനാണെന്ന് പകല്‍ പോലെ വ്യക്തവും അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാവുന്നതുമാണ്. മന്ത്രിസഭയുടെ നായകനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തന്നെ ലോകായുക്തയില്‍ കേസ് നിലനില്‍ക്കുകയാണ്. പ്രളയ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയെന്നതാണ് മുഖ്യമന്ത്രിക്കെതിരായ കേസ്. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാവിന്റെ കടം തീര്‍ക്കാന്‍ നല്‍കിയെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്തനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കണ്ണൂര്‍ വി.സി നിയമനത്തില്‍ സ്വജന പക്ഷപാതം ആരോപിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രി ആര്‍. ബിന്ദുവിനെതിരെ ഉന്നിയച്ച പരാതിയാണ് മറ്റൊന്ന്. ഇതിനു പുറമേ അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറിയ രണ്ടാം പിണറായിസര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സി.പി.എമ്മിലും സി.പി.ഐയിലുമെല്ലാം ഈ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കേസുകള്‍ ലോകായുക്തയുടെ മുന്നിലെത്താനുള്ള സാധ്യതകളും സര്‍ക്കാര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നമ്മുടെ നാടിന്റെ പ്രബുദ്ധതയെ പോലും വെല്ലുവിളിക്കുന്ന രീതിയില്‍ അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം നിയമവിധേയമാക്കുന്ന തരത്തിലുള്ള ഉത്തരവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ശരീരം അപ്പാടെ മുങ്ങിയാല്‍ കുളിരറിയില്ല എന്നതുപോലെ അഴിമതിയില്‍ മുങ്ങിയ ഈ സര്‍ക്കാറിന് സ്വന്തം മനസാക്ഷിയെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത രീതിയിലുള്ള നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരുമ്പോള്‍ ഒരു കുളിരുമില്ലെന്നതാണ് അവസ്ഥ.
ഇടതു മുന്നണിയിലെ പ്രധാന ഘടക കക്ഷിയായി സി.പി.ഐയുടെ വര്‍ത്തമാന കാല ദയനീയത വ്യക്തമാക്കുന്നതാണ് ഈ ബില്ലുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങള്‍. നിയമ ഭേദഗതിക്കെതിരെ അവര്‍ തുടക്കം മുതല്‍ ഉയര്‍ത്തിയത് കടുത്ത എതിര്‍പ്പായിരുന്നു. മന്ത്രിസഭായോഗത്തില്‍ ലോകായുക്തയുടെ ചിറകരിയാനുള്ള ഓര്‍ഡിനന്‍സിനെ അനുകൂലിച്ചു എന്നു വിലയിരുത്തി തങ്ങളുടെ മന്ത്രിമാരെ ശാസിക്കുക വരെയുണ്ടായി. ഇതേ തുടര്‍ന്ന് അടുത്ത യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ നിയമഭേദഗതിയെ എതിര്‍ത്ത് സംസാരിക്കുകയും ചെയ്തു. എന്നാല്‍ സി.പി.എം കണ്ണുരുട്ടിയതോടെ കാനവും കൂട്ടരും പതിവുപോലെ നിലപാട് ചുരുട്ടിക്കെട്ടുന്നതാണ് കണ്ടത്. ലോകായുക്തയേ വരുതിയിലാക്കിയതോടെ രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം നരേന്ദ്രമോദി സര്‍ക്കാറും ചേട്ടന്‍ബാബയും അനിയന്‍ ബാബയും തന്നെയാണെന്ന് ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുകയാണ്. കേന്ദ്രത്തില്‍ ജുഡീഷ്യറിയെ ഉള്‍പ്പെടെ സ്വാധീനിക്കാനുള്ള ശ്രമം മേദിസര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നു എന്ന ആരോപണം ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ അതേ രീതിയില്‍ അന്വേഷണ ഏജന്‍സികളെ തങ്ങളുടെ ചൊല്‍പ്പടിക്ക് കീഴില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ പിണറായി സര്‍ക്കാറും നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണമാണ് ഇന്നലെ സംസ്ഥാന നിയമസഭയില്‍ കണ്ടത്.