X

മ്യാന്‍മറിനെ വിമര്‍ശിച്ച് മനുഷ്യാവകാശ സംഘടനകള്‍

നൈല്‍പിഗോ: രാജ്യത്ത് റോഹിങ്ക്യകള്‍ക്കെതിരെ നടന്ന വംശഹത്യയെ വെള്ളപൂശാന്‍ മ്യാന്‍മാര്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍. ആങ് സാങ് സൂകി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നിയമിച്ച അന്വേഷണകമ്മീഷന്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിനെതിരെയാണ് മനുഷ്യവാകാശ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘം രാഖ്യാനിലെ കൂട്ടക്കൊലയെക്കുറിച്ചുള്ള ആരോപണങ്ങള്‍ നിഷേധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെയാണ് ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്. റിപ്പോര്‍ട്ട് ഏകപക്ഷീയവും കൂട്ടക്കൊലയെ വെള്ളപൂശുന്നതുമാണെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്ന സംഘടന ആരോപിച്ചു. റോഹിങ്ക്യകള്‍ തിങ്ങിപ്പാര്‍ക്കുന്ന രാഖൈനില്‍ സുരക്ഷാ സേന നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ തന്നെ ശബ്ദമുയര്‍ന്നിരുന്നു.

ബലാല്‍സംഗം, കൊലപാതകം, മര്‍ദ്ദനം, കൊള്ള തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണ് സേനക്കെതിരെ ഉയര്‍ന്നത്. സൈനികന്‍ രോഹിങ്ക്യകളെ മര്‍ദിക്കുന്നത് വിഡിയോയില്‍ പകര്‍ത്തുന്ന ദൃശ്യം നവമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇങ്ങനെ സര്‍ക്കാരിനും സൈന്യത്തിനുമെതിരെയുള്ള ആരോപണങ്ങള്‍ കനത്തതോടെയാണ് സര്‍ക്കാര്‍ സംഭവങ്ങളെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചത്. എന്നാല്‍ സൈനികര്‍ക്കെതിരെ നടപടിയെടുക്കാന്‍ വേണ്ട തെളിവുകളില്ലെന്നായിരുന്നു ഇടക്കാല റിപ്പോര്‍ട്ട്. എന്നാല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനെ വെള്ള പൂശുന്നതാണെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ ആരോപണം.

chandrika: