ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിനാണെന്ന വിമര്‍ശനവുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ വീണ്ടും രംഗത്ത്.
ഇക്കാര്യത്തില്‍ മുന്‍ യുപിഎ സര്‍ക്കാറിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാന്ദ്യം പരിഹരിക്കാന്‍ എന്‍ഡിഎയ്ക്ക് ആവശ്യത്തിന് സമയം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗം മോശമായിരുന്ന അവസ്ഥയില്‍ നോട്ട് അസാധുവാക്കല്‍ പോലുള്ളവ നടപ്പിലാക്കാന്‍ പാടില്ലായിരുന്നു. അതിന്റെ കൂടെ ധൃതിപിടിച്ച് ജിഎസ്ടി കൂടി നടപ്പിലാക്കിയതോടെ പ്രശ്‌നം ഗുരുതരമായതായി യശ്വന്ത് സിന്‍ഹ പറഞ്ഞു. താന്‍ ജിഎസ്ടിയെ പിന്തുണയ്ക്കുന്നയാളാണ്.
പക്ഷേ ജൂലൈയില്‍ തന്നെ ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കഴിഞ്ഞ ദിവസം താന്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, രാജ്‌നാഥ് സിങ് എന്നിവരെ പരിഹസിക്കാനും യശ്വന്ത് സിന്‍ഹ മറന്നില്ല. തന്നേക്കാള്‍ സാമ്പത്തികാവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിവ് അവര്‍ക്കുള്ളതിനാലാകാം അവര്‍ ഇപ്പോഴും ലോക സമ്പദ്ഘടനയുടെ നട്ടെല്ലാണ് ഇന്ത്യ എന്ന് ചിന്തിക്കുന്നതെന്ന് യശ്വന്ത് സിന്‍ഹ പരിഹസിച്ചു. കോണ്‍ഗ്രസിന്റെ ധനകാര്യമന്ത്രിമാരെ മാറ്റിനിര്‍ത്തിയാല്‍ ഏഴ് ബജറ്റുകള്‍ അവതരിപ്പിച്ച ഏക ധനമന്ത്രിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇപ്പോഴും വളരുന്ന സാമ്പത്തിക ശക്തിയാണെന്നാണ് രണ്ട് മന്ത്രിമാരും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇതിനെയാണ് യശ്വന്ത് സിന്‍ഹ പരിഹസിച്ചത്.
അതേ സമയം യശ്വന്ത് സിന്‍ഹക്ക് പിന്തുണയുമായി ഘടക കക്ഷിയായ ശിവസേനയും, ബി. ജെ.പി എംപി ശത്രുഘന്‍ സിന്‍ഹയും രംഗത്ത്. സാമ്പത്തിക നയത്തെ കുറിച്ച് യശ്വന്ത് സിന്‍ഹ നടത്തിയിട്ടുള്ള വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ബിജെപിക്കാകുമോ എന്ന് ശിവസേന വെല്ലുവിളിച്ചു. സര്‍ക്കാര്‍ നയങ്ങള്‍ രാജ്യദ്രോഹപരമാണെന്നും പാര്‍ട്ടി പത്രമായ സാംനയിലൂടെ ശിവസേന വിമര്‍ശിച്ചു. സാമ്പത്തിക മാന്ദ്യം, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ കാര്യങ്ങളില്‍ സിന്‍ഹയുടെ വിമര്‍ശനം രാജ്യത്തിന്റേയും താത്പര്യമാണ്. യശ്വന്ത് സിന്‍ഹ നീതിമാനാണ്.
സര്‍ക്കാരിന് മുന്നില്‍ ഒരു കണ്ണാടി വെച്ച് കാട്ടുകയായിരുന്നു അദ്ദേഹം ചെയ്തതെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവും എംപിയുമായ ശത്രുഘന്‍ സിന്‍ഹ പറഞ്ഞു. മുന്‍ ധനകാര്യ മന്ത്രികൂടിയായ യശ്വന്ത് സിന്‍ഹയുടെ കാഴ്ചപ്പാടിനെ തള്ളിയ ബിജെപി നേതാക്കളുടെ നിലപാട് ബാലിശമാണ്. ദേശീയ താത്പര്യവും പാര്‍ട്ടിയുടെ താത്പര്യവുമാണ് ആ കാഴ്ചപ്പാടുകളെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ചൂണ്ടിക്കാട്ടി. നമുക്കെല്ലാം അറിയാം ഇതിന് പിന്നിലൊക്കെ വൃത്തിക്കെട്ട ഒന്നുണ്ട്. യശ്വന്ത് ഇന്ത്യകണ്ട മികച്ച ധനകാര്യമന്ത്രിമാരില്‍ ഒരാളാണ്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ച് സര്‍ക്കാരിന് മുന്നില്‍ ഒരു കണ്ണാടി കാണിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.
ബിജെപിയില്‍ ഏറെ അനുഭവ സമ്പത്തുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യണമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. മറ്റൊരു മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ഷൂരിയും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കളും എന്‍ഡിഎ ഘടക കക്ഷികളും വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. അതേ സമയം യശ്വന്തിനെതിരെ മകനും കേന്ദ്ര മന്ത്രിയുമായ ജയന്ത് സിന്‍ഹ രംഗത്തെത്തിയിട്ടുണ്ട്.