സിംല: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ രണ്ട് ഭാഗങ്ങളാക്കി വിഭജിച്ചെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു ഭാഗത്ത് മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരാണ്. മറുഭാഗത്ത് 99 ശതമാനം വരുന്ന സാധാരണക്കാരും ദരിദ്രരും. ഒരു ശതമാനം മാത്രം വരുന്ന സമ്പന്നര്‍ക്കു വേണ്ടിയാണ് മോദി സര്‍ക്കാര്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
ഇന്ത്യയിലെ മൊത്തം കള്ളപ്പണത്തിന്റെ ആറു ശതമാനം മാത്രമാണ് കറന്‍സി രൂപത്തിലുള്ളത്. ശേഷിക്കുന്നവയെല്ലാം സ്വര്‍ണം, ഭൂമി, കെട്ടിടങ്ങള്‍, വിദേശ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ എന്നീ രൂപത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് കള്ളപ്പണം പിടിക്കാന്‍ നോട്ട് നിരോധന തീരുമാനം മാത്രം മോദി പ്രഖ്യാപിച്ചത്. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണങ്ങള്‍ തിരികെ കൊണ്ടുവരാന്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും രാഹുല്‍ ചോദിച്ചു.
നോട്ട് നിരോധനം പണം അടിസ്ഥാനപ്പെടുത്തിയുള്ള രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കു മേല്‍ പതിച്ച തീബോംബാണ്. സാധാരണക്കാരും പാവങ്ങളുമാണ് തീരുമാനത്തിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
സഹാറ ഗ്രൂപ്പില്‍നിന്ന് മോദി കോഴ വാങ്ങിയെന്ന ആരോപണം രാഹുല്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഞാന്‍ അദ്ദേഹത്തോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ അദ്ദേഹം എന്നെ പരിഹസിക്കുകയാണ് ചെയ്തത്. തന്നെ എത്ര വേണമെങ്കിലും പരിഹസിക്കാം. എന്നാല്‍ തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മോദി തയ്യാറാകണം- രാഹുല്‍ പറഞ്ഞു. നോട്ട് നിരോധന തീരുമാനത്തിലൂടെ ഷിംല, ധര്‍മ്മശാല പോലുള്ള നഗരങ്ങളുടെ നട്ടെല്ലാണ് മോദി തകര്‍ത്തത്. ഹിമാചല്‍ പ്രദേശിന്റെ ജീവനാഡിയായ ‘ഹാറ്റി’നെ(ഹോര്‍ട്ടികള്‍ച്ചര്‍, അഗ്രികള്‍ച്ചര്‍, ടൂറിസം) നിങ്ങള്‍(മോദി) തകര്‍ത്തെന്നും രാഹുല്‍ കുറ്റപ്പെടുത്തി.