X

മോദി അധികാരം ഒഴിയും വരെ സമരം ; മമത

ന്യൂഡല്‍ഹി: ഞാന്‍ മരിച്ചാലും ജീവിച്ചാലും നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും മാറ്റും വരെ സമരം തുടരുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റാലിയില്‍ സംസാരിക്കവെയാണ് മമത മോദിക്കെതിരെ ആഞ്ഞടിച്ചത്.

‘ പ്രധാനമന്ത്രി സ്വയം ദൈവം ചമയുകയാണ്. വിപണികള്‍, സിനിമ, തിയറ്ററുകള്‍, എല്ലാം ദുരിതമനുഭവിക്കുകയാണ്. എന്നിട്ടും അദ്ദേഹം പൊതുജനങ്ങളെ കാര്യമാക്കുന്നില്ല. രാജ്യം മുഴുവന്‍ ദുരിതം പേറുകയാണ്. പണത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ 80 പിന്നിട്ടവര്‍ മരണത്തിനു കീഴടങ്ങി. പ്രതിഷേധങ്ങള്‍ക്കിടയിലും പണരഹിത സാമ്പത്തിക വ്യവസ്ഥയെപ്പറ്റി പ്രധാനമന്ത്രി ക്ലാസെടുത്ത് നടക്കുകയാണ്. രാജ്യത്ത് അപ്രഖ്യാപിത സാമ്പത്തിക അടിയന്തിരാവസ്ഥയാണ് നടപ്പാക്കിയിരിക്കുന്നത്.

നോട്ടു നിരോധനം പിന്‍വലിക്കും വരെ പ്രതിഷേധവുമായി മുന്നോട്ടു പോകും. പ്രതിഷേധിക്കുന്നവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു അടിച്ചമര്‍ത്തുകയാണ്. പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ ഒരിക്കലും മോദിക്കു കഴിയുകയില്ല’. മമത കുറ്റപ്പെടുത്തി. മോദിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നതായും മമത പറഞ്ഞു.

chandrika: