ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി രാജ്യത്തിനകത്തും പുറത്തും നടത്തിയ നൂറു കണക്കിന് വിമാന യാത്രകള്‍ക്ക് പണം മുടക്കിയത് ആരെന്ന ചോദ്യവുമായി കോണ്‍ഗ്രസ്. വിവരാവകാശ നിയമപ്രകാരം 2007ല്‍ ഇതുസംബന്ധിച്ച് നല്‍കിയ അപേക്ഷക്ക് ഇതുവരെ ഗുജറാത്ത് സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. വിമാന ടിക്കറ്റ് ഇടപാട് ഉയര്‍ത്തിക്കാട്ടി, സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയും പിടികിട്ടാപ്പുള്ളിയായ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിനിടെയാണ് അതേ നാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2003-2007 കാലയളവില്‍ നൂറ് വിമാന യാത്രകളെങ്കിലും രാജ്യത്തിനകത്തും പുറത്തുമായി നരേന്ദ്രമോദി നടത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറോ ബി.ജെ.പിയോ അല്ല ഇതിന് പണം മുടക്കിയിരിക്കുന്നത്. അപ്പോള്‍ പിന്നെ ആരാണ്. അതിന് വിശദീകരണം നല്‍കാനുള്ള ബാധ്യത ഗുജറാത്ത് സര്‍ക്കാറിനുണ്ട്. 2007ല്‍ ഇതുസംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. വിമാന യാത്രയുടെ വിശദാംശങ്ങള്‍ നല്‍കിയെങ്കിലും ആരാണ് യാത്രക്ക് പണം മുടക്കിയതെന്ന കാര്യം അതില്‍ പറയുന്നില്ല. ആ വിവരം അറിയാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ഞങ്ങള്‍ക്കും താല്‍പര്യമുണ്ട്.
മോദി നടത്തിയ പല യാത്രകള്‍ക്കും സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. വിദേശ സന്ദര്‍ശന ഇനത്തില്‍ മൂന്ന് കോടി ഉള്‍പ്പെടെ 16.56 കോടി രൂപ ഈയിനത്തില്‍ ചെലവിട്ടിട്ടുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി. ആരാണ് ഈ തുക ചെലവിട്ടതെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ക്കു വേണ്ടി പണം മുടക്കിയ സ്വകാര്യ വ്യക്തി ആരാണ്, എന്തായിരുന്നു അയാളുടെ താല്‍പര്യം. ഇക്കാര്യങ്ങളെല്ലാം ജനം അറിയേണ്ടതുണ്ട്.
കേന്ദ്ര സര്‍ക്കാറും ബി.ജെ.പി ഭരിക്കുന്ന ഹരിയാനാ, രാജസ്ഥാന്‍ സര്‍ക്കാറുകളും കഴിഞ്ഞ 41 മാസമായി വദ്രയെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. 41 മാസമായി കിണഞ്ഞു ശ്രമിച്ചിട്ടും വദ്രക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജെയ് ഷാക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് വദ്രക്കെതിരെ പുതിയ ആരോപണങ്ങളുമായി അവര്‍ രംഗത്തെത്തുന്നത്. സഞ്ജയ് ഭണ്ഡാരിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കോ വദ്രക്കോ ബന്ധമില്ല. ബന്ധമുള്ളത് ബി.ജെ.പി നേതാക്കള്‍ക്കാണെന്ന് വ്യോമയാനാ മന്ത്രി അശോക് ഗജപതി രാജുവും സഞ്ജയ് ഭണ്ഡാരിയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടുകൊണ്ട് അഭിഷേക് സിങ്‌വി പറഞ്ഞു.
കോടതി ഇടപെട്ട് പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചിട്ടും 2016ല്‍ സഞ്ജയ് ഭണ്ഡാരിക്ക് എങ്ങനെ വിദേശത്തേക്ക കടക്കാന്‍ കഴിഞ്ഞു. ബി.ജെ.പിയുടേയും കേന്ദ്ര സര്‍ക്കാറിന്റെയും സഹായമില്ലാതെ ഇത് എങ്ങനെ സാധ്യമാകും. ഭണ്ഡാരിയെ രക്ഷപ്പെടാന്‍ സഹായിച്ചത് ബി.ജെ.പിയാണെന്നും സിങ്‌വി കുറ്റപ്പെടുത്തി.
മോദിയുടെ വിമാന യാത്രക്ക് പണം മുടക്കിയതാര്?
Tags: flight