X

മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ചുരുക്കം ചിലര്‍ക്കു വേണ്ടി : രാഹുല്‍

ന്യൂഡല്‍ഹി: ചുരുക്കം ചിലര്‍ക്ക് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മണിക്കൂറുകളോളം ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വരുന്ന ദരിദ്രരേയും സാധാരണക്കാരെയും കുറിച്ച് പ്രധാനമന്ത്രിക്ക് ആശങ്കയില്ലെന്നും രാഹുല്‍ പറഞ്ഞു. പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

”നിലവിലെ സ്ഥിതി അറിയാന്‍ കാലത്ത് ഞാന്‍ ചില ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ പോയിരുന്നു. ഒട്ടേറെ അസൗകര്യങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ജനങ്ങള്‍ പറഞ്ഞത്. ചിലര്‍ക്കു വേണ്ടി ബാങ്കുകളില്‍നിന്ന് പിന്‍വാതിലിലൂടെ പണം ഒഴുകുന്നുണ്ടെന്ന് വരിനിന്നവര്‍ തന്നോട് പറഞ്ഞു. ബാങ്കുകളില്‍ വലിയ തുക നിക്ഷേപമുള്ള പണക്കാര്‍ക്കാണ് ഇത്തരത്തില്‍ പിന്‍വാതിലിലൂടെ പണം കൈമാറുന്നത്. മണിക്കൂറുകള്‍ വരിനില്‍ക്കുന്ന സാധാരണ ജനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കുന്നുണ്ട്.” – രാഹുല്‍ പറഞ്ഞു.

”കള്ളപ്പണ വേട്ടക്കൊടുവില്‍ നിധി കണ്ടെടുക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ആര്‍ക്കായിരിക്കും ഈ നിധി ലഭിക്കുക. പ്രധാനമന്ത്രിയുടെ സ്വന്തക്കാരായ 15, 20 പേരുടെ ട്രഷറികളില്‍ പണം നിറയും. അവരുടെ കടങ്ങള്‍ എഴുതിത്തള്ളും. സാധാരണക്കാര്‍ അപ്പോഴും നഷ്ടങ്ങള്‍ സഹിച്ച് ബാങ്കുകള്‍ക്ക് മുന്നില്‍ വരിനില്‍ക്കുകയാകും” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റില്‍ പ്രതിപക്ഷം എന്തുകൊണ്ട് ചര്‍ച്ചക്ക് തയ്യാറാവുന്നില്ല എന്ന ചോദ്യത്തിന് ചര്‍ച്ചക്കു വേണ്ടിയാണ് ഞങ്ങള്‍ പാര്‍ലമെന്റില്‍ പോകുന്നതെന്നായിരുന്നു രാഹുലിന്റെ മറുപടി. ഞങ്ങള്‍ ചര്‍ക്കു തയ്യാറാണ്. എന്നാല്‍ പറയാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഹാജരാകാത്തതു സംബന്ധിച്ച ചോദ്യത്തിന്, ”പ്രധാനമന്ത്രിക്ക് എന്താണ് പാര്‍ലമെന്റില്‍ വരേണ്ട കാര്യ”മെന്നായിരുന്നു രാഹുലിന്റെ മറുചോദ്യം. സ്വന്തം മന്ത്രിമാരുമായോ മറ്റാരെങ്കിലുമായോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. അദ്ദേഹം ചിന്തിക്കുന്നു. അത് തീരുമാനമായി കൈക്കൊള്ളുന്നു. മൂന്നോ നാലോ പേരോട് മാത്രം ആലോചിച്ചാണ് ഇന്ത്യയുടെ ചരിത്രത്തിലെ വലിയൊരു സാമ്പത്തിക തീരുമാനം കൈക്കൊണ്ടത്. യാതൊരു ആസൂത്രണവും ഉണ്ടായിരുന്നില്ല. ഈ ദിവസങ്ങളില്‍ അദ്ദേഹം മറ്റൊരു തലത്തിലാണ്. സുപ്പര്‍ പ്രധാനമന്ത്രി എന്നൊന്നും വിശേഷിപ്പിച്ചാല്‍ പോര, പുതിയ പദം തന്നെ കണ്ടെത്തണം” രാഹുല്‍ പറഞ്ഞു.

chandrika: