റായ്പൂര്‍: കൂട്ടിലുള്ള കടുവയുടെ ഫോട്ടോയെടുത്ത് താരമാകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമത്തിന് സോഷ്യല്‍ മീഡിയയിലൂടെ തിരിച്ചടി നല്‍കി നെഹ്‌റുവിന്റെ ആരാധകര്‍.
ഛത്തീസ്ഗഡിലെ നന്ദന്‍വന്‍ മൃഗസംരക്ഷണകേന്ദ്ര സന്ദര്‍ശനത്തിനിടെ മോദി കടുവയുടെ ഫോട്ടോയെടുത്തത് ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. മുഖ്യമന്ത്രി രമണ്‍ സിങിന്റെ ‘നയാ റായ്പൂര്‍’ പദ്ധതിയുടെ ഭാഗമായാണ് മോദി ജംഗിള്‍ സഫാരിയില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വാര്‍ത്തകളും വലിയ സംഭവമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഉയര്‍ത്തിക്കാട്ടി. ചിത്രങ്ങള്‍ മോദി തന്നെ ട്വിറ്ററില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ വീരവാദത്തിന് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു കടുവയെ തലോടുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ മോദി ആരാധകര്‍ ഇളിഭ്യരായി.
ഇരുമ്പു കൂടിന്റെ മറവിലിരുന്നാണ് മോദി കടുവയുടെ ഫോട്ടോ എടുത്തതെങ്കില്‍ നെഹ്‌റു ഒരു മറയുമില്ലാതെയാണ് കടുവയെ താലോലിക്കുന്നത്. നെഹ്‌റു കടുവയെ കയ്യിലെടുക്കുന്ന മറ്റൊരു ചിത്രവും പുറത്തു വന്നതോടെ മോദിയേയും ആരാധകരെയും സോഷ്യല്‍ മീഡിയ കൊന്നുകൊലവിളിച്ചു. മോദി അഴകിയ രാവണന്‍ ചമയുകയാണെന്നും നെഹ്‌റുവിനെ അനുകരിക്കാനുള്ള ശ്രമം ചീറ്റിയെന്നും പലരും കമന്റുകളിട്ടു. പുള്ളിപ്പുലിയെ മടിയിലിരുത്തി താലോലിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായതോടെ മോദി ആരാധകര്‍ ഉള്‍വലിഞ്ഞു.