X

മൊസൂളില്‍ പുതിയ യുദ്ധമുഖം തുറന്ന് ശിയാ പോരാളികള്‍

ബഗ്ദാദ്: മൊസൂളിന് പടിഞ്ഞാറ് പുതിയ യുദ്ധമുഖം തുറന്ന് ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്‍ക്കെതിരെ ശിയാ പോരാളികള്‍ ആക്രമണം ശക്തമാക്കി. സിറിയയില്‍നിന്ന് മൊസൂളിലേക്ക് അവശ്യവസ്തുക്കളെത്തിക്കുന്ന സപ്ലൈ ലൈന്‍ തകര്‍ക്കുന്നതിനുവേണ്ടി തല്‍ അഫാര്‍ നഗരം ഐ.എസില്‍നിന്ന് പിടിച്ചെടുക്കാനാണ് ശിയാപോരാളികള്‍ ശ്രമിക്കുന്നത്. ഇറാഖിന്റെ ഐ.എസ് വിരുദ്ധ സൈനിക നടപടിയില്‍ ശിയാ പോരാളികളുടെ സജീവപങ്കാളിത്തമുള്ളതായി പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ശിയാ ഭൂരിപക്ഷ പ്രദേശമായ തല്‍ അഫാര്‍ 2014ലാണ് ഐ.എസ് പിടിച്ചെടുത്തത്. സുന്നി നഗരമായ മൊസൂളിലേക്ക് കടക്കില്ലെന്ന് ശിയാ പോരാളികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ വ്യോമസേനയുടെ പിന്‍ബലത്തോടെയാണ് ഇറാഖ് സേനയും കുര്‍ദിഷ് പോരാളികളും മൊസൂളിലേക്ക് നീങ്ങുന്നത്. തല്‍ അഫാര്‍ മോചിതമാകുന്നതോടെ മൊസൂളിലേക്ക് സുരക്ഷിത കവാടം തുറക്കപ്പെടുമെന്ന് ശിയാ സായുധ സംഘത്തിന്റെ വക്താവ് അഹ്മദ് അല്‍ അസ്സാദി പറഞ്ഞു. ഐ.എസിനെതിരായ മുന്‍ സൈനിക നടപടികള്‍ക്കിടെ സുന്നി സിവിലിയന്മാരെ ആക്രമിച്ച് ശിയാ മിലീഷ്യകള്‍ യുദ്ധകുറ്റകൃത്യങ്ങള്‍ നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു.

മൊസൂളിലും അത് ആവര്‍ത്തിക്കപ്പെടുമോ എന്ന് ഇറാഖ് അധികാരികള്‍ക്ക് ഭയമുണ്ട്. 15 ലക്ഷം പേരാണ് മൊസൂളിലുള്ളത്. ഐ.എസ് തങ്ങളെ മനുഷ്യകവചമാക്കിയിരിക്കുകയാണെന്ന് നഗരവാസികള്‍ ആരോപിക്കുന്നു. മനുഷ്യകവചമാക്കി ഉപയോഗിക്കുന്നതിന് നഗരത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് ആളുകളെ ഐ.എസ് തട്ടിക്കൊണ്ടുപോയതായി യു.എന്‍ അറിയിച്ചു. ഉത്തരവുകള്‍ അംഗീകരിക്കാത്ത 42 സിവിലിയന്മാരെയും 190 മുന്‍ സൈനികരെയും തീവ്രവാദികള്‍ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

chandrika: