ജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രത്തില്‍ മൂന്ന് ഇസ്രാഈല്‍ പൊലീസുകാര്‍ വെടിയേറ്റ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ജറൂസലമിനു സമീപമുള്ള അനധികൃത ഹാര്‍ അദാര്‍ കുടിയേറ്റ കേന്ദ്രത്തിലാണ് സംഭവം. ഒരുകൂട്ടം ഫലസ്തീന്‍ തൊഴിലാളികളോടൊപ്പം എത്തിയ തോക്കുധാരി ഇസ്രാഈല്‍ പൊലീസുകാര്‍ക്കുനേരെ വെടിവെക്കുകയായിരുന്നുവെന്നാണ് ഇസ്രാഈല്‍ സൈനിക റേഡിയോയുടെ വിശദീകരണം. ആയുധധാരിയും വെടിയേറ്റ് മരിച്ചു.
തൊട്ടടുത്ത ഗ്രാമമായ ബൈത്ത് സൂരീകില്‍നിന്നുള്ള 37കാരനാണ് ആക്രമണം നടത്തിയത്. നാലു കുട്ടികളുടെ പിതാവായ ഇദ്ദേഹം ജൂത കുടിയേറ്റകേന്ദ്രത്തില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി വാങ്ങിയ വര്‍ക്ക് പെര്‍മിറ്റുമായാണ് ഹാര്‍ അദാര്‍ ചെക്‌പോയിന്റിലെത്തിയത്. തുടര്‍ന്ന് സുരക്ഷാ ഗാര്‍ജുകള്‍ക്കുനേരെ വെടിവെക്കുകയായിരുന്നു. വെസ്റ്റ്ബാങ്കിനും ഇസ്രാഈലിനുമിടയിലുള്ള അതിര്‍ത്തിയില്‍ ജൂത കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഹാര്‍ അദാറിലാണ്. ആക്രമണത്തെ ഫലസ്തീന്‍ നേതൃത്വം അപലപിച്ചു.
ഇസ്രാഈലിന്റെ അക്രമാസക്ത ഭീകരതക്കെതിരെ സമാധാനപൂര്‍ണമായ ചെറുത്തുനില്‍പ്പാണ് ഫലസ്തീനികള്‍ നടത്തുന്നതെന്ന് പി.എല്‍.ഒ നേതാവും പ്രസിഡന്റ് മഹ്്മൂദ് അബ്ബാസിന്റെ ഉപദേഷ്ടാവുമായ നബീല്‍ ശഅത്ത് പറഞ്ഞു.
ഇസ്രാഈലിന്റെ കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇതിനെല്ലാം കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ തകര്‍ക്കാന്‍ സാധിക്കില്ലെന്നാണ് ആക്രമണം തെളിയിക്കുന്നതെന്ന് ഹമാസ് വക്താവ് ഹാസിം കാസിം പറഞ്ഞു.
അന്താരാഷ്ട്ര സംഘടനകളുടെ വാതിലുകളില്‍ യാചിച്ചുനില്‍ക്കാതെ ചെറുത്തുനില്‍പ്പിലൂടെ തന്നെ ഫലസ്തീന്‍ സ്വാതന്ത്ര്യം നേടുമെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമിയുടെ വീട് തകര്‍ക്കുമെന്നും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് നല്‍കിയ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കുമെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 2015 സെപ്തംബര്‍ മുതല്‍ 255 ഫലസ്തീനികളെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തിയിട്ടുണ്ട്. പട്ടാളക്കാരെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഇസ്രാഈല്‍ സേന വെടിവെച്ചുകൊന്നത്.
- 7 years ago
chandrika
Categories:
Video Stories