സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്‍ പരാജയം ഒഴിവാക്കാന്‍ പൊരുതുന്നു. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 465 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്താന്‍ ഒരു വിക്കറ്റിന് 55 എന്ന നിലയിലാണ്. ഓപണര്‍ അസ്ഹര്‍ അലിയും (11), നെറ്റ് വാച്ച്മാന്‍ യാസിര്‍ ഷാ (03)യുമാണ് ക്രീസില്‍. 40 റണ്‍സ് നേടിയ ഷര്‍ജീല്‍ ഖാന്റെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്.
നേരത്തെ നാലാം ദിനം എട്ടിന് 271 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗ് പുനരാരംഭിച്ച പാകിസ്താന്‍ 315 റണ്‍സിന് പുറത്തായി. 175 റണ്‍സോടെ പുറത്താകാതെ നിന്ന യൂനിസ് ഖാന്റെ ഇന്നിംഗ്‌സാണ് സന്ദര്‍ശകര്‍ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ജോഷ് ഹാസല്‍വുഡ് നാലും നഥാന്‍ ലയോണ്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. 223 റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസീസ് അതിവേഗത്തില്‍ സ്‌കോര്‍ ചെയ്തു.
ഒന്നാം ഇന്നിംഗ്‌സിന്റെ തനിയാവര്‍ത്തനമായി വാര്‍ണര്‍ നിറഞ്ഞാടിയപ്പോള്‍ ടെസ്റ്റിലെ രണ്ടാമത്തെ അതിവേഗ അര്‍ധ സെഞ്ചുറിയും സിഡ്‌നിയില്‍ പിറന്നു. 27 പന്തില്‍ 55 റണ്‍സ് നേടിയ വാര്‍ണര്‍ എട്ട് ഫോറും മൂന്ന് സിക്‌സും പറത്തി. ഉസ്മാന്‍ ഖ്വാജ (79*), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (59), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംമ്പ് (40*) എന്നിവരെല്ലാം തകര്‍ത്തടിച്ചു. 32 ഓവര്‍ മാത്രം ബാറ്റ് ചെയ്ത ഓസീസ് 7.53 ശരാശരയില്‍ അടിച്ചുകൂട്ടിയത് 241 റണ്‍സ്. ഒരു ടെസ്റ്റ് ഇന്നിംഗ്‌സിലെ ഏറ്റവും ഉയര്‍ന്ന റണ്‍റേറ്റ് എന്ന റെക്കോര്‍ഡും ഓസീസ് സ്വന്തമാക്കി.