കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമാര്‍ ഫേസ് മാസ്ക് തെറ്റായ രീതിയില്‍ ധരിച്ചതിനെ ഫേസ്ബുക്കില്‍ കളിയാക്കിയ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലാണ് സംഭവം. അഞ്ചു പേരില്‍ രണ്ടാളുകള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മൊറേനയിലെ ജോറ ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്.
ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമപ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് വകുപ്പുകള്‍ 188, 505 ചേര്‍ത്തുമാണ് കേസെടുത്തിരിക്കുന്നത്. പൊതുസമൂഹത്തില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കുന്ന പൊതുപ്രസ്താവന നടത്തുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അനുസരിക്കാതിരിക്കുന്നതം സംബന്ധിച്ചുമുള്ള വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ലോക്കല്‍ പൊലീസ് എടുത്ത ഈ കേസിലെ ചാര്‍ജുകള്‍ ജില്ലാ പൊലീസ് മേധാവി അംഗീകരിക്കുകയും ചെയ്തു എന്നാണറിയുന്നത്.
മന്ത്രി മൂക്കിന് താഴെയാണ് മന്ത്രി മാസ്ക് ധരിച്ചിരുന്നത്. ഇത് ചൂണ്ടിക്കാണിക്കുകയായിരുന്നു യുവാക്കള്‍. ഫേസ്ബുക്കില്‍ ഇവരിട്ട കമന്റ് ഇപ്രകാരമായിരുന്നു: “ഇങ്ങനെയാണ് മാസ്ക് ധരിക്കേണ്ടത്. പഠിക്ക്. ഇതാണ് നരേന്ദ്ര സിങ് തൊമാര്‍. സഹോദരാ, ഇത് ജട്ടിയല്ലെന്ന് അദ്ദേഹത്തോട് ഒന്ന് പറഞ്ഞു കൊടുക്കൂ.”