X
    Categories: Culture

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം

തീവ്രവാദത്തോടും ഭീകരതയോടും ഒരു കാലത്തും വിട്ടു വീഴ്ച ചെയ്യാന്‍ മുസ്‌ലിംലീഗ് ഒരുക്കമല്ലെന്ന് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ കാലത്തും തല തിരിഞ്ഞ ചിലര്‍ എല്ലാ സമൂഹത്തിലും ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിന്റെ ആദ്യ കാലത്തു തന്നെ തീവ്ര വിഭാഗമായ ഖവാരിജുകള്‍ രംഗപ്രവേശം ചെയതിരുന്നു. അവരെ ഒറ്റപ്പെടുത്താന്‍ അന്നത്തെ നേതൃത്വത്തിനായി എന്നതാണ് ചരിത്രമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട് ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദത്തോട് പലരും വിട്ടുവീഴ്ച ചെയ്തപ്പോഴും മുസ്‌ലിംലീഗ് അതിന് സന്നദ്ധമായില്ല. അതിന്റെ പേരില്‍ പല നഷ്ടങ്ങളും സംഭവിച്ചു. പക്ഷെ, യഥാര്‍ത്ഥ ആശയങ്ങളില്‍ നിന്ന് ഒരിഞ്ച് പോലും മാറിയില്ല. ബഹുസ്വര സമൂഹത്തില്‍ മത വിശ്വാസവും ആചാരവും സംരക്ഷിച്ച് എങ്ങിനെ ജീവിക്കാം എന്നതാണ് മുസ്‌ലിം ലീഗ് വരച്ചുകാണിച്ചത്. ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നമനത്തിലും വിദ്യാഭ്യാസത്തിലും വലിയ പങ്ക് വഹിച്ചെന്ന് അഭിമാനത്തോടെ മുസ്‌ലിം ലീഗിന് പറയാനാവും.

തീവ്രവാദത്തിന്റെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കുകയും വേട്ടയാടുകയും യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ട്. ഇതിനെതിരെയും മുസ്‌ലിം ലീഗ് ഉറച്ച നിലപാടാണ് സ്വീകരിക്കുന്നത്. ഏക സിവില്‍കോഡ് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുത്തലാഖ് എന്ന ചൂണ്ടയിട്ടത് അതിന്റെ ഭാഗമാണ്. ആ ചൂണ്ടയില്‍ ഇടതുപക്ഷത്തെ ചിലരും കൊത്തി. അക്കാര്യത്തില്‍ ജാഗ്രതയോടെയുള്ള സമീപനമാണ് വേണ്ടത്. ഫാസിസത്തിന്റെ അജണ്ടകള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ അവരുടെ ചതിക്കുഴിയില്‍ വീഴും.

ഇന്ത്യയില്‍ ബി.ജെ.പി പരീക്ഷിച്ച വിദ്വേഷ രാഷ്ട്രീയമാണ് അമേരിക്കയില്‍ ട്രംപും പയറ്റിയത്. ട്രംപ് വിജയിച്ചെന്നു കരുതി വംശീയതയെ അംഗീകരിക്കാനാവുമോ. ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയാണ്. ട്രംപും മോദിയും അധികാരത്തിലെത്തിയപ്പോള്‍ വാഴ്ത്താന്‍ പലരും മത്സരിക്കുന്നു. അതൊന്നും അധികകാലം വാഴില്ല. രാജ്യത്ത് ദളിത്-പിന്നോക്ക-ന്യൂനപക്ഷ ഐക്യം ശക്തിപ്പെട്ടുവരുന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത്‌ലീഗിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ‘കാലം 2012-16’ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെ.കെ ബാവ, വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി, സെക്രട്ടറിമാരായ പി.വി അബ്ദുല്‍ വഹാബ് എം.പി, എം.സി മായിന്‍ഹാജി, പി.എം. എ സലാം, ടി.പി.എം സാഹിര്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിന റഷീദ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ സംസാരിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സ്വാഗതവും ട്രഷറര്‍ കെ.എം അബ്ദുല്‍ഗഫൂര്‍ നന്ദിയും പറഞ്ഞു.
വിവിധ സെമിനാറുകളില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഫ്രണ്ട്‌ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേശ് രാമകൃഷ്ണന്‍ (ഫാസിസവും ദേശീയതയും), കെ.എം ഷാജി എം.എല്‍.എ, ജെ.എന്‍.യു പ്രൊഫസര്‍ എ.കെ രാമകൃഷ്ണന്‍ ( മതവും ബഹുസ്വരതയും), അഡ്വ.കെ.എന്‍.എ ഖാദര്‍, ഡോ.ടി.ടി ശ്രീകുമാര്‍ (പരിസ്ഥിതിയും വികസനവും), എം.ഐ തങ്ങള്‍, കെ.കെ ബാബുരാജ്, അഭിലാഷ് ജി രമേശ് ജെ.എന്‍.യു(ഏകീകൃത സിവില്‍കോഡും ലിംഗ സമത്വവും) സംസാരിച്ചു.

chandrika: