X

മുസ്‌ലിംലീഗ് സായാഹ്‌ന ധര്‍ണ്ണ 18 ന്

കോഴിക്കോട്: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഒറ്റ രാത്രികൊണ്ട് അസാധുവാക്കിയ മോദി സര്‍ക്കാറിന്റെ നടപടി ജനജീവിതം അത്യന്തം ദുസ്സഹമാക്കിയതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കള്ളപ്പണം നിയന്ത്രിക്കുന്നതിനുള്ള ഏതൊരുനിലപാടും സ്വാഗതാര്‍ഹമാണ്. രാജ്യത്തിന്റെ ഭദ്രത ഉറപ്പുവരുത്തുന്ന നടപടിയെ മുസ്‌ലിം ലീഗ് എക്കാലത്തും അനുകൂലിച്ചിട്ടുണ്ട്.

എന്നാല്‍ നോട്ടുകള്‍ യാതൊരു മുന്‍കരുതലുമില്ലാതെ പിന്‍വലിച്ചത് ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. ജനങ്ങളെ ഒന്നടങ്കം ക്യൂവിലാക്കുകയും നിത്യജീവിതം തകിടം മറിക്കുകയും ചെയ്ത് വീണ്ടുവിചാരമില്ലാത്ത ഈ നടപടി അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഈ സാമ്പത്തിക അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് നവംബര്‍ 18 ന് വെള്ളിയാഴ്ച എല്ലാ പഞ്ചായത്ത്/മുനിസിപ്പല്‍ കേന്ദ്രങ്ങളിലും സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കും.

നോട്ട് മാറ്റികിട്ടുന്നതിനായി ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യുനില്‍ക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ മുന്നോട്ടുവരണം. ഫോറങ്ങള്‍ പൂരിപ്പിച്ച് നല്‍കുന്നതിനും, കുടിവെള്ളം എത്തിച്ചുനല്‍കുന്നതിനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും കെ.പി.എ മജീദ് അഭ്യര്‍ത്ഥിച്ചു.

chandrika: