X

മുര്‍സിയുടെ ജീവപര്യന്തവും സുപ്രീംകോടതി റദ്ദാക്കി

കെയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ജീവപര്യന്തം തടവും സുപ്രീംകോടതി റദ്ദാക്കി. ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസിനുവേണ്ടി മുര്‍സി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ പുനര്‍വിചാരണ നടത്താനും കോടതി ഉത്തരവിട്ടു. ഒരാഴ്ച മുമ്പ് മുര്‍സിയുടെ വധശിക്ഷയും സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

ചാരക്കേസില്‍ അദ്ദേഹത്തോടൊപ്പം വിചാരണ നേരിടുന്ന നിരവധി മുസ്്‌ലിം ബ്രദര്‍ഹുഡ് നേതാക്കളുടെ ശിക്ഷയും കോടതി റദ്ദാക്കിയിട്ടുണ്ട്. മുര്‍സിക്കും ബ്രദര്‍ഹുഡ് നേതാക്കള്‍ക്കുമെതിരെയുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ സൈനിക പിന്തുണയുള്ള പുതിയ ഭരണകൂടം പ്രത്യേക കോടതിക്ക് രൂപംനല്‍കിയിരുന്നു. ഈ കോടതിയുടെ വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി ശിക്ഷകള്‍ റദ്ദാക്കിയിരിക്കുന്നത്.

ഈജിപ്ഷ്യന്‍ പരമോന്നത കോടതി രാഷ്ട്രീയ താല്‍പര്യങ്ങളില്‍നിന്ന് മുക്തമാണെന്ന് പുതിയ വിധികള്‍ വ്യക്തമാക്കുന്നു. മുര്‍സിയെയും ആയിരക്കണക്കിന് അനുയായികളെയും കുറഞ്ഞ സമയംകൊണ്ട് കൂട്ടവിചാരണ നടത്തിയാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നത്. പ്രസിഡന്റായിരിക്കെ ഖത്തര്‍ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ക്ക് ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്ന കേസില്‍ വിചാരണ കോടതി അദ്ദേഹത്തിന് 40 വര്‍ഷം തടവ് വിധിച്ചിരുന്നു.

എന്നാല്‍ രാഷ്ട്രത്തലവനെന്ന നിലയില്‍ വിദേശരാജ്യങ്ങളുമായി ഇടപഴകുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുര്‍സിയുടെ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറകിനെ അധികാരഭ്രഷ്ടനാക്കിയ ജനകീയ പ്രക്ഷോഭത്തിനിടെ ജയിലില്‍നിന്ന് തടവുകാര്‍ ചാടിയ കേസിലാണ് മുര്‍സിക്ക് വധശിക്ഷ വിധിച്ചിരുന്നത്.

ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായിരുന്നു മുര്‍സി. എന്നാല്‍ 2013 ജൂലൈയില്‍ സൈനിക അട്ടിമറിയിലൂടെ അദ്ദേഹം പുറത്താക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. മുര്‍സിയെക്കൂടാതെ ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്ത് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ നേതൃത്വത്തിലുള്ള ഭണകൂടം രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തുകയാണ്.

chandrika: