സ്വാശ്രയ വിഷയത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷത്തെ ഭയന്ന് അസംബ്ലി നിര്‍ത്തിവച്ച് ഒളിച്ചോടിയത് സര്‍ക്കാറിന് നാണക്കേടായിരിക്കുകയാണ്. യു.ഡി.എഫിന്റെ ശക്തമായ സമരത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ രണ്ടുദിവസത്തെ നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിച്ചുവിടേണ്ടിവന്നത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടും സര്‍ക്കാറിന്റെ നയവൈകല്യവുമാണ് വ്യക്തമാക്കുന്നത്. സ്വാശ്രയ മാനേജ്‌മെന്റുകളുടെ തീവെട്ടിക്കൊള്ളക്ക് കൂട്ടുനിന്ന ഇടതുസര്‍ക്കാര്‍, പൊതുസമൂഹത്തിന്റെ ‘അറിയാനുള്ള അവകാശ’ങ്ങള്‍ക്കു നേരെയാണ് നിയമസഭയുടെ വാതില്‍ കൊട്ടിയടച്ചത്. കരുത്തനായ മുഖ്യമന്ത്രിയെന്ന് ഇടതുപക്ഷം കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പിണറായി വിജയന്‍ യു.ഡി.എഫിലെ നാലു യുവ എം.എല്‍.എമാരുടെ നെഞ്ചുറപ്പിനു മുന്നില്‍ മുട്ടുമടക്കിയത് എത്രമാത്രം വിരോധാഭാസമാണ്.
യു.ഡി.എഫിന്റെ സ്വാശ്രയ സമരം ശരിയാണെന്നതിന് സാക്ഷ്യമാണ് സഭക്കുള്ളില്‍ മുഖ്യമന്ത്രിയുടെ കരണം മറിച്ചില്‍. മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പൊളിഞ്ഞത് പിണറായിയുടെ മര്‍ക്കടമുഷ്ടിയും ഏകാധിപത്യവുമാണെന്നത് പകല്‍പോലെ വ്യക്തമാണ്. ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പ് ലക്ഷ്യമിട്ടാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ സര്‍ക്കാറുമായി ചര്‍ച്ചക്കെത്തിയത്. ഫീസ് കുറക്കുന്ന കാര്യംപോലും ചില മാനേജ്‌മെന്റുകള്‍ ചര്‍ച്ചക്ക് മുമ്പ് തുറന്നുപറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫിന്റെ ഉന്നത നേതാക്കള്‍ ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ചക്ക് അദ്ദേഹം സന്നദ്ധത അറിയിച്ചത്. എന്നാല്‍ ഉദ്ദേശ്യലക്ഷം പൂര്‍ത്തീകരിക്കാതെ അഞ്ചു മിനിറ്റുകൊണ്ട് ചര്‍ച്ച അവസാനിപ്പിക്കേണ്ടി വന്നത് മുഖ്യമന്ത്രിയുടെ പിടിവാശി കൊണ്ടുമാത്രമാണ്.
ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന, പൊതുസമൂഹത്തിനിടയില്‍ നിന്ന് പ്രതിഷേധം കത്തിയാളിയ സ്വാശ്രയ പ്രശ്‌നം രമ്യമായി പരിഹരിക്കേണ്ട ഉത്തരവാദിത്തം ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവരേക്കാളേറെ മുഖ്യമന്ത്രിക്കു തന്നെയായിരുന്നു. തികഞ്ഞ ഔചിത്യബോധത്തോടെയും പക്വതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയം തന്‍പ്രമാണിത്തം കൊണ്ട് തീര്‍ക്കാമെന്നു കരുതിയതാണ് പിണറായിക്ക് വിനയായത്. കുറഞ്ഞ വരുമാനക്കാര്‍ക്ക് മെറിറ്റ് സീറ്റില്‍ നാല്‍പ്പതിനായിരം രൂപ വരെ സ്‌കോളര്‍ഷിപ്പായോ സബ്‌സിഡിയായോ നല്‍കാമെന്ന നിലപാടായിരുന്നു മാനേജ്‌മെന്റുകളുടേത്. വാര്‍ഷിക വരുമാന പരിധി നാലു ലക്ഷമാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് അനുഭാവപൂര്‍വമായ നിലപാടായിരുന്നു മാനേജ്‌മെന്റുകള്‍ സ്വീകരിച്ചത്. ചര്‍ച്ചകള്‍ക്കൊടുവില്‍ മൂന്നുലക്ഷമാക്കാമെന്ന് മാനേജ്‌മെന്റുകള്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണ് പിണറായി വിജയന്‍ തുനിഞ്ഞത്. മെറിറ്റ് സീറ്റില്‍ പോലും വന്‍തുക വര്‍ധിപ്പിച്ച ഇടതു സര്‍ക്കാര്‍ സ്വാശ്രയക്കൊള്ളയില്‍ നിന്നുള്ള ലാഭത്തില്‍ കണ്ണുവെക്കുകയായിരുന്നു. ഇതാണ് ചര്‍ച്ച പൊളിയാനുള്ള പ്രധാന കാരണം. പ്രതിപക്ഷം തെളിവുകള്‍ സഹിതം ഇക്കാര്യം അക്കമിട്ട് നിരത്തുമെന്ന ഭയവും പൊതുസമൂഹം ഇത് ഉള്‍ക്കൊള്ളുമെന്ന വേവലാതിയുമാണ് സഭ നിര്‍ത്തിവച്ച് പിന്തിരിഞ്ഞോടാന്‍ പിണറായിയെ പ്രേരിപ്പിച്ചത്.
മാനേജ്‌മെന്റുകള്‍ ഫീസ് കുറക്കാന്‍ തയാറായ സാഹചര്യം ഉപയോഗപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു. പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനാവസരമാണ് സര്‍ക്കാര്‍ ഇതിലൂടെ കളഞ്ഞുകുളിച്ചത്. സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ഇത്തരമൊരു സാഹചര്യം മുമ്പുണ്ടായിട്ടില്ല. ഫീസ് കുറക്കാന്‍ സന്നദ്ധമായ മാനേജ്‌മെന്റുകള്‍ മുപ്പതു ശതമാനത്തിനു മേല്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാവുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തതാണ്. പിന്നീട് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ നിലപാടില്‍ നിന്ന് അവര്‍ വ്യതിചലിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാറിനല്ലാതെ പിന്നെ ആര്‍ക്കാണ്?. തന്റെ പിടിവാശി കൊണ്ടല്ല ചര്‍ച്ച പൊളിഞ്ഞതെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് ചര്‍ച്ച വിജയത്തിലെത്തിയില്ല എന്ന് വസ്തുതാപരമായി വിശദീകരിക്കാനുള്ള ബാധ്യതയില്ലേ? ഇതിനു പകരം പ്രതിപക്ഷത്തിനു മേല്‍ കുതിരികയറുകയാണോ വേണ്ടത്?
നിയമസഭക്കുള്ളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം നടത്തുന്നത് ഇതാദ്യമല്ല. യു.ഡി.എഫിനേക്കാള്‍ ഇക്കാര്യത്തില്‍ ഒരു പണത്തൂക്കം മുന്നില്‍ പിണറായിയുടെ പാര്‍ട്ടിയും മുന്നണിയും തന്നെയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറും തല്ലിത്തകര്‍ത്തവര്‍ ഇപ്പോള്‍ സഭക്കുള്ളില്‍ നല്ലപിള്ള ചമഞ്ഞ് പ്രതിപക്ഷത്തെ ഉപദേശിക്കുന്നത് അല്‍പ്പത്തമാണ്. ഇതിലും വലിയ സമര കോലാഹലങ്ങള്‍ക്കിടയിലും നടപടികള്‍ വെട്ടിക്കുറച്ച് നിയമസഭ നിര്‍ത്തിവെക്കേണ്ട ഗതികേട് യു.ഡി.എഫ് സര്‍ക്കാറിനുണ്ടായിട്ടില്ല. സര്‍വവിധ സന്നാഹങ്ങളുമായി സെക്രട്ടറിയേറ്റ് വളഞ്ഞപ്പോഴും സ്പീക്കറെയും മന്ത്രിയെയും തടഞ്ഞുവച്ച് ബജറ്റ് അവതരണം അലങ്കോലമാക്കാന്‍ ശ്രമിച്ചപ്പോഴും ആണത്തത്തോടെയും ആര്‍ജവത്തോടെയും സഭയെ മുന്നോട്ടുകൊണ്ടുപോകാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നിരയില്‍ നിന്ന് പത്തുപേര്‍ എഴുന്നേറ്റു നില്‍ക്കുമ്പോഴേക്ക് പ്രകോപനംകൊണ്ട് സഭയില്‍ പുലഭ്യം പറയുന്ന പാരമ്പര്യം യു.ഡി.എഫിനില്ല. ആശയത്തെ ആശയംകൊണ്ട് നേരിട്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്.
സ്വാശ്രയ സമരം ഒരു സൂചന മാത്രമാണ്. നിയമസഭ നിര്‍ത്തിവച്ചാലും വിഷയത്തില്‍ നിന്നു ഒളിച്ചോടാന്‍ സര്‍ക്കാറിനാവില്ല. യു.ഡി.എഫിന്റെ സമരം ഇനി പൊതുജനങ്ങള്‍ ഏറ്റെടുക്കുകയാണ്. അതോടെ ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും അധികാരക്കൊത്തളങ്ങള്‍ ആടിയുലയുക തന്നെ ചെയ്യും.
- 8 years ago
chandrika
Categories:
Video Stories