അന്ധവിശ്വാസംകാരണം നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ സിദ്ധനെയും കുട്ടിയുടെ പിതാവിനെയും മുക്കം പൊലീസ് അറസ്റ്റു ചെയ്തു. കളന്‍ തോട് സ്വദേശി മുഷ്താരി വളപ്പില്‍ ഹൈദ്രോസ് (75) , ഓമശ്ശേരിചക്കാനകണ്ടി അബൂബക്കര്‍ (31) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ മുക്കം എസ് ഐ സനല്‍രാജാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ മാതാവ് ഹഫ്‌സത്ത് (24) ഒന്നാം പ്രതിയാണെങ്കിലും പ്രത്യേക സാഹചര്യത്തില്‍ അറസ്റ്റ് ചെയ്തിട്ടില്ല. പ്രസവം നടന്ന മുക്കം ഇ എം എസ് സഹണകരണ ആശുപത്രി നഴ്‌സ് ഷാമിലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജുവനൈല്‍ ജസ്റ്റിസ് 75,87 വകുപ്പു പ്രകാരമാണ് കേസടുത്തതെന്ന് പൊലീസ് പറഞ്ഞു. നവംബര്‍ രണ്ടിനായിരുന്നു നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച പ്രമാദമായ സംഭവം. കുട്ടിക്ക് അഞ്ചു നേരത്തെ ബാങ്കുവിളിക്ക് ശേഷമല്ലാതെ (ഒരു ദിവസം കഴിഞ്ഞ്) മുലപ്പാല്‍ നല്‍കാന്‍ പറ്റില്ലെന്ന് പിതാവ് അബൂബക്കര്‍ നിഷ്‌കര്‍ശിക്കുകയും ഡോക്ടര്‍, പൊലീസ് തുടങ്ങിയവര്‍ ഇടപെട്ടിട്ടും നിലപാടില്‍ ഉറച്ചു നിന്നതുമാണ് പ്രശ്‌നമായത്.
ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ജനിച്ച കുഞ്ഞിന് വ്യാഴാഴ്ച 12.20 നേ മുലയൂട്ടാനായുള്ളൂ. വ്യാജ സിദ്ധന്‍ ഹൈദ്രോസിന്റെ നിര്‍ദേശാനുസരണമായിരുന്നു ഈ നിലപാടെന്നുഅബൂബക്കര്‍ പറഞ്ഞിരുന്നു. ജീവന്‍ കൊണ്ട് പന്താടിയ സംഭവം നാടാകെ പ്രചരിക്കുകയും ജില്ലാ കലക്ടര്‍, പൊലീസ്, ബാലാവകാശ കമ്മീഷന്‍ തുടങ്ങിയവരെല്ലാം ഇടപെടുകയുമായിരുന്നു. അറസ്റ്റിലായ രണ്ട് പേരെയും താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഏഴാം തിയ്യതി കേസില്‍ വാദം കേള്‍ക്കും.
അതിനിടെ കുട്ടിയുടെ പിതാവിനെതിരെ കേസെടുക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭ കോശി ജില്ലാ പോലീസ് മേധാവിക്കും മുക്കം പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കി. നേരത്തെ ഇയാളുടെ ആദ്യ കുട്ടിക്കും ഇത്തരത്തില്‍ 5 ബാങ്കിന് ശേഷമാണ് മുലപ്പാല്‍ നല്‍കിയിരുന്നതെന്ന് യുവാവ് സംഭവ ദിവസം തന്നെ പൊലീസിനോട് പറഞ്ഞിരുന്നു. ഇതും അന്വേഷണ വിധേയമാകാനിടയുണ്ട്.