മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി മുംബൈ സിറ്റിയും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. മുംബൈയില്‍ ഓരോ ഗോള്‍ വീതമടിച്ചാണ് സീസണില്‍ ഇതുവരെ തോല്‍വി അറിയാതെ ഇരുടീമുകളും പോയിന്റ് പങ്കിട്ടത്. മൂന്ന് മത്സരത്തില്‍ നിന്ന് ഏഴ് പോയിന്റോടെ മുംബൈ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തും അഞ്ച് പോയിന്റുള്ള കൊല്‍ക്കത്ത മൂന്നാമതുമാണ്. ഇന്ന് പൂനെ സിറ്റിയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മില്‍ ഏറ്റുമുട്ടും.
27-ാം മിനുട്ടില്‍ മത്ത്യാസ് ഡി ഫ്രെഡ്‌റിക്കോ നേടിയ ഗോളില്‍ മുംബൈ ആണ് ആദ്യം മുന്നില്‍ക്കടന്നത്. എന്നാല്‍ 72-ാം മിനുട്ടില്‍ പ്രൊണയ് ഹല്‍ദര്‍ രണ്ടാം മഞ്ഞക്കാര്‍ കണ്ട് മടങ്ങിയതോടെ ആതിഥേയര്‍ പത്തുപേരായി ചുരുങ്ങി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 82-ാം മിനുട്ടില്‍ ഹാവി ലാറ കൊല്‍ക്കത്തയെ ഒപ്പമെത്തിച്ചു.
തുടക്കത്തില്‍ ഇരുടീമുകളും പരസ്പരം ബഹുമാനിച്ചു കളിച്ചപ്പോള്‍ നേരിയ മുന്‍തൂക്കം പുലര്‍ത്തിയത് ആതിഥേയരാണ്. കളി അര മണിക്കൂറിനോടടുത്തപ്പോള്‍ അതിനുള്ള പ്രതിഫലവും അവര്‍ക്കു കിട്ടി. വലതുഭാഗത്തുനിന്ന് അയ്ബര്‍ ഖോങ്ജി നല്‍കിയ ക്രോസ് നിയന്ത്രിച്ച് മുന്നേറിയ അര്‍ജന്റീനക്കാരന്‍ ഡിഫെഡ്രിക്കോ തൊടുത്ത ഷോട്ട് കൊല്‍ക്കത്ത കീപ്പര്‍ ദേബ്ജിത്ത് മജുംദാറിന് അവസരമൊന്നും നല്‍കിയില്ല. ഗോള്‍ വഴങ്ങിയ അത്‌ലറ്റികോ പെട്ടെന്ന് ഉണര്‍ന്നെങ്കിലും ഇടവേളക്ക് വിസില്‍ മുഴങ്ങും വരെ മുംബൈ പ്രതിരോധിച്ചു. മറുഭാഗത്ത് ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ മുംബൈക്കുമായില്ല.
പതിഞ്ഞ താളത്തിലായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. 54-ാം മിനുട്ടില്‍ പ്രണോയ് ഹല്‍ദര്‍ ആദ്യ മഞ്ഞക്കാര്‍ഡ് കണ്ടു. 72-ാം മിനുട്ടില്‍ റഫറി രണ്ടാം കാര്‍ഡും പുറത്തെടുത്തതോടെ അംഗസംഖ്യയുടെ ആനുകൂല്യം സന്ദര്‍ശകര്‍ക്കായി. അതുവരെ ആക്രമണത്തിനു ധൈര്യം കാണിച്ചിരുന്ന മുംബൈ പിന്നെ ലീഡ് സംരക്ഷിക്കാന്‍ പിന്‍നിരയിലേക്ക് ഇറങ്ങിക്കളിച്ചു. ഇരുവശങ്ങളിലൂടെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ മുംബൈ പിന്‍കാലിലൂന്നി ചെറുത്തെങ്കിലും 82-ാം മിനുട്ടില്‍ ലാറയുടെ വ്യക്തിഗത മികവ് പ്രതിരോധം ഭേദിച്ചു. ബോര്‍ഹയില്‍ നിന്ന് പന്ത് സ്വീകരിച്ച് ബോക്‌സിനു പുറത്ത് മധ്യഭാഗത്തുനിന്ന് സ്പാനിഷ് താരം തൊടുത്ത കനത്ത ഷോട്ട് ഗോള്‍കീപ്പര്‍ക്ക് അവസരം നല്‍കാതെ പോസ്റ്റിന്റെ വലതുമൂലയിലെത്തുകയായിരുന്നു.
- 8 years ago
chandrika
Categories:
Video Stories