വിശുദ്ധ ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫ സംഗമം ഇന്ന് നടക്കും. ഈ വര്‍ഷത്തെ അറഫയിലെ മാനവമഹാ സംഗമത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 21 ലക്ഷം തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. നാഥാ, നിന്റെ വിളിക്കുത്തരമേകി ഞാനിതാ എത്തിയിരിക്കുന്നു, ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക്…എന്ന മന്ത്രം മാത്രമാണ് ഭക്തിസാന്ദ്രമായ ഹജ്ജിന്റെ കര്‍മ ഭൂമികളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. പ്രാര്‍ഥനാ നിര്‍ഭരമായ മനസുമായി മിനയില്‍ രാപ്പാര്‍ത്ത ഹാജിമാര്‍ ഇന്നലെ രാത്രിയോടെ അറഫയിലേക്ക് നീങ്ങി തുടങ്ങിയിരുന്നു. ഇന്ത്യന്‍ ഹാജിമാരുടെ സംഘങ്ങള്‍ ഇന്ന് സുബ്ഹി നിസ്‌കാരത്തിനു ശേഷമാണ് മിനയില്‍ നിന്നും അറഫ ലക്ഷ്യമാക്കി നീങ്ങുക.
മിനയില്‍ നിന്നും അറഫയിലേക്ക് 14 കിലോമീറ്റര്‍ ദൂരമാണുള്ളത്. 65,000 ഇന്ത്യന്‍ ഹാജിമാര്‍ മെട്രോ വഴിയും അവശേഷിക്കുന്നവര്‍ മുതവ്വിഫിന്റെ വാഹനങ്ങളിലും അറഫയിലേക്ക് പുറപ്പെടും. അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നിസ്‌കാര സമയത്തിന് മുമ്പായി ഖുതുബ നടക്കും. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ചുരുക്കി നിസ്‌കരിക്കും. പാപമോചന പ്രാര്‍ഥനകളും ദൈവസ്മരണയുമായി ഹാജിമാര്‍ സൂര്യാസ്തമയം വരെ അറഫയില്‍ മനമുരുകി പ്രാര്‍ഥനയില്‍ മുഴുകും. ഇരു ഹറമുകളുടെയും പൊതുഭരണകാര്യ പ്രസിഡന്റും മസ്ജിദുല്‍ ഹറാം ഇമാമുമായ ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ് ആയിരിക്കും ഇത്തവണയും അറഫ ഖുതുബക്കും നിസ്‌കാരങ്ങള്‍ക്കും നേതൃത്വം നല്‍കുക. അറഫ സംഗമത്തിനു ശേഷം ഹാജിമാര്‍ ഇന്ന് മുസ്ദലിഫയില്‍ രാപാര്‍ക്കും. നാളെ രാവിലെ മിനയിലെത്തി ജംറത്തുല്‍ അഖ്ബയില്‍ പിശാചിനെ കല്ലെറിയുന്ന ചടങ്ങ് നിര്‍വഹിക്കും.
ഇരു ഹറമുകളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ കാരണം നാലു വര്‍ഷം വെട്ടിച്ചുരുക്കിയിരുന്ന ഹജ്ജ്ക്വാട്ട എല്ലാ രാജ്യങ്ങള്‍ക്കും പുനഃസ്ഥാപിച്ചു നല്‍കിയതിനാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4,23,914 വിദേശ തീര്‍ഥാടകര്‍ ഇത്തവണ അധികമെത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.