X
    Categories: MoreViews

മാര്‍ച്ച് മുതല്‍ ലോഡ് ഷെഡ്ഡിങ്: കേരളം ഇരുട്ടിലാകും

ഏറെക്കാലത്തിന് ശേഷം കേരളം വീണ്ടും ഇരുട്ടിലേക്ക്. മാര്‍ച്ച് മാസം മുതല്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ് വേണ്ടിവരുന്ന സാഹചര്യമാണെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നു. രൂക്ഷമായ വരള്‍ച്ചയാണ് സംസ്ഥാനം നേരിടുന്നത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാലും 45 ദിവസത്തിനപ്പുറം പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നത്. 68 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം. ജലസംഭരണികളില്‍ നിന്ന് ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത് ഏഴ് മുതല്‍ 10 ദശലക്ഷം യൂണിറ്റ് വരെ മാത്രമാണ്. ഉപഭോഗം പരിമിതപ്പെടുത്തിയാല്‍ പോലും പ്രതിസന്ധി മറികടക്കാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.

പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയാണ് ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. പരീക്ഷകളുടെ കാലമായ മാര്‍ച്ചിലും വേനല്‍ക്കാലമായ ഏപ്രില്‍, മെയ് മാസങ്ങളിലും ഉപഭോഗം 80 ദശലക്ഷം യൂണിറ്റിന് മുകളില്‍ പോകാനാണ് സാധ്യത. എന്നാല്‍ പവര്‍ ഗ്രിഡിലൂടെ കൊണ്ടുവരാന്‍ കഴിയുന്ന പരമാവധി വൈദ്യുതി 60 ദശലക്ഷം യൂണിറ്റാണ്. സ്വകാര്യ നിലയങ്ങളില്‍ നിന്നായിരിക്കും ഇനി കൂടുതല്‍ വൈദ്യുതിയും വാങ്ങേണ്ടിവരിക. കായംകുളത്ത് നിന്ന് ഏഴ് ദശലക്ഷം യൂണിറ്റ് വൈദ്യുതികൂടി ലഭിച്ചേക്കുമെങ്കിലും പരിഹാരമാകില്ല. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് വന്‍ സാമ്പത്തിക ബാധ്യത കെ.എസ്.ഇ.ബിക്ക് ഉണ്ടാക്കും. മഴ പെയ്ത് വൈദ്യുതി ഉല്‍പാദനത്തിന് ആവശ്യമായ ജലം ലഭ്യമായില്ലെങ്കില്‍ വൈദ്യുതി വില വര്‍ധന എന്ന ആവശ്യത്തിലേക്ക് കെ.എസ്.ഇ.ബി എത്തുമെന്നും സൂചനയുണ്ട്.

ജലസംഭരണികളില്‍ വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞതാണ് മുന്‍കരുതലുകള്‍ക്കു പോലും സാധ്യതയില്ലാത്തവിധം സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്. ജലസംഭരണികളില്‍ 30 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. വൈദ്യുതി ഉല്‍പാദനത്തെ ഇത് കാര്യമായി ബാധിച്ചു. ജലസംഭരണികളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നത് ഏഴ് മുതല്‍ 10 ദശലക്ഷം യൂണിറ്റ് മാത്രമാണ്. പുറത്തുനിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇത് വൈദ്യുതി കമ്മി പരിഹരിക്കാന്‍ വഴിയൊരുക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഇത്തരത്തിലുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിനാലാണ് മാര്‍ച്ച് മാസം മുതല്‍ ഇരുട്ടിലാകുമെന്ന മുന്നറിയിപ്പ്.

സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ വലിയ പങ്ക് സംഭാവന ചെയ്യുന്ന ഇടുക്കി അണക്കെട്ടിലെ സ്ഥിതി പരിതാപകരമാണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 23 അടി കുറവാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2404 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്. ഇപ്പോഴുള്ളതാകട്ടെ 2340 അടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണിത്. സംഭരണശേഷിയുടെ 38 ശതമാനം വെള്ളമാണ് ഡാമില്‍ അവശേഷിക്കുന്നത്. ഇതുപയോഗിച്ച് 815 ദശലക്ഷം യൂണിറ്റ് വൈദ്യുതിയേ ഉല്‍പാദിപ്പിക്കാവൂ.

പരീക്ഷക്കാലമായ മാര്‍ച്ച് മാസത്തില്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പെടുത്തുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കും. അതുകൊണ്ടുതന്നെ എങ്ങനെയും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമവും വൈദ്യുതി ബോര്‍ഡ് ആലോചിക്കുന്നുണ്ട്.

chandrika: