X

മഹി ബാറ്റിങ് തുടരില്ല

ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികാര കൈമാറ്റം എന്നും പുലിവാല്‍ പ്രശ്‌നമായിരുന്നു. സുനില്‍ ഗവാസ്‌ക്കര്‍ കത്തി നില്‍ക്കുന്ന കാലത്ത് കപില്‍ദേവിനെ അവതരിപ്പിച്ചുള്ള ഗ്രൂപ്പുകളി മുതല്‍ ഏറ്റവും അവസാനം രാഹുല്‍ ദ്രാവിഡില്‍ നിന്നും എം.എസ് ധോണിയിലേക്കുള്ള അധികാര കൈമാറ്റത്തില്‍ വരെ-പിന്നാമ്പുറ കഥകള്‍ വിശ്വസിക്കാമെങ്കില്‍ പ്രശ്‌നങ്ങള്‍ പലവിധമുണ്ടായിരുന്നു. എം.എസ് ധോണിയിലെ ഏകദിന,ടി-20 നായകന്‍ കൃത്യമായ സമയത്ത് തനിക്ക് കപ്പിത്താന്‍ തൊപ്പി വേണ്ടെന്ന് പ്രഖ്യാപിച്ചതിന് പിറകിലും ചില അന്തര്‍നാടകങ്ങളുണ്ട്.

പക്ഷേ അന്തര്‍ നാടകങ്ങളിലും വ്യക്തമായ തീരുമാനമെടുക്കാനുളള കരുത്താണ് കപിലിന് പോലും ഇല്ലാതിരുന്നത്. കപിലിനോടും ഗവാസ്‌ക്കറിനോടും സച്ചിനോട് പോലും ചില മുന്നറിയിപ്പുകള്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഭരിച്ചവര്‍ നല്‍കിയിരുന്നെങ്കില്‍ മഹിയിലെ ക്യാപ്റ്റനോട് അങ്ങനെയൊരു നിര്‍ദ്ദേശം സെലക്ഷന്‍ കമ്മിറ്റി മുന്‍വെച്ചതായി അറിവില്ല. ഇവിടെയാണ് സുഗമമായ അധികാര കൈമാറ്റത്തിന്റെ ശക്തി അറിയേണ്ടത്. ധോണിയിലെ കളിക്കാരനും നായകനും എന്നും കൂളാണ്. തീരുമാനങ്ങളെടുക്കുന്ന കാര്യത്തിലും അത് നടപ്പാക്കുന്ന കാര്യത്തിലും പദ്ധതി വിജയിച്ചാലും ഇല്ലെങ്കിലും അമിതമായ ആവേശം അദ്ദേഹം കാണിക്കാറില്ല. 2011 ലെ വാംഖഡെ ലോകകപ്പ് ഫൈനല്‍ വേദിയില്‍, ഹെലികോപ്ടര്‍ ഷോട്ടിലുടെ ലങ്കയെ മലര്‍ത്തിയടിച്ച ഘട്ടത്തിലും മതിമറന്നിരുന്നില്ല ധോണി. കപ്പ് ഏറ്റുവാങ്ങുമ്പോഴും, അതിന് ശേഷം സംസാരിച്ചപ്പോഴും പക്വതയായിരുന്നു മഹിയുടെ മുഖമുദ്ര.

ഇപ്പോള്‍ അദ്ദേഹത്തിലെ ക്യാപ്റ്റന്‍ വിരാത് കോലിയെ അംഗീകരിച്ചതിന് പിറകിലെ മന: ശാസ്ത്രവും ശ്രദ്ധിക്കണം. കോലി മനോഹരമായി ടെസ്റ്റ് ടീമിനെ നയിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മല്‍സര ടെസ്റ്റ് പരമ്പരയിലെ നാല് മല്‍സരത്തിലും തകര്‍പ്പന്‍ വിജയം മാത്രമല്ല നായകന്‍ എന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും കാര്യമായ സംഭാവനകല്‍ നല്‍കി. യുവതാരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിലും അനുഭവസമ്പന്നരുടെ കരുത്തിനെ ചൂഷണം ചെയ്യുന്നതിലുമെല്ലാം വിജയിച്ച കോലിയുടെ കരുത്തിനെ ക്രിക്കറ്റ് ലോകം അംഗീകരിച്ച സാഹചര്യത്തില്‍ ഏകദിന പരമ്പരയില്‍ ടീം പതറിയാല്‍ അത് ധോണിയിലെ നായകനുളള കല്ലേറായി മാറും. ഇത് മനസ്സിലാക്കാനുള്ള വിശാല ബുദ്ധിയാണ് ധോണിയെ വിത്യസ്തനാക്കുന്നത്.

കോലി കാര്യഗൗരവത്തില്‍ തന്നെ നടത്തിയ ആദ്യ പ്രതികരണത്തിലും ധോണിയെ അംഗീകരിക്കുന്ന വിശാല മനസ്സാണ് പ്രകടിപ്പിച്ചത്. ധോണി ടീമിലുള്ളപ്പോള്‍ തന്റെ നായകന്‍ അദ്ദേഹം തന്നെയാണെന്ന അഭിപ്രായത്തിലെ ബഹുമാനം പ്രസക്തമാണ്. ഇതിന് മുമ്പ് അത്തരത്തിലൊരു പരസ്യ അംഗീകാരം പുതിയ ക്യാപ്റ്റന്‍ മുന്‍ ക്യാപ്റ്റന് നല്‍കിയിട്ടില്ല. അതിന് വേണമെങ്കിലും ചരിത്രം നോക്കിയാല്‍ മതി. കോലി പ്രായം കൊണ്ട് സീനിയര്‍ താരമല്ല. ദ്രാവിഡില്‍ നിന്നും ധോണിയിലേക്കുളള ക്യാപ്റ്റന്‍ ദൂരത്തിനിടയില്‍ യുവരാജ് സിംഗുണ്ടായിരുന്നു. ഇന്ത്യന്‍ സംഘത്തില്‍ ധോണിയെക്കാള്‍ സീനിയര്‍ യുവിയായിരുന്നു.

പക്ഷേ ക്യാപ്റ്റന്‍സിയെക്കുറിച്ചുളള ചിന്തകളിലും ചര്‍ച്ചകളിലും ധോണി മുന്നില്‍ വന്നപ്പോള്‍ യുവരാജ് അത് അംഗീകരിച്ചു. വിരേന്ദര്‍ സേവാഗിന് ക്യാപ്റ്റന്‍സി താല്‍പ്പര്യമുണ്ടായിരുന്നു. ഗൗതം ഗാംഭീറിന് മോഹമുണ്ടായിരുന്നു. പക്ഷേ എല്ലാവരെയും ബഹുമാനിച്ചുള്ള നീക്കത്തിലും തനിക്കെതിരെ കല്ലേറ് വന്നപ്പോള്‍ ധോണി പ്രതികരിച്ചില്ല. ഇപ്പോള്‍ കോലിയിലെ പുതിയ നായകന്‍ തന്റെ മുന്‍ഗാമിയെ ബഹുമാനിക്കുമ്പോള്‍ പക്ഷേ ആ ബഹുമാനത്തിനൊരു കാലാവധിയുണ്ടെന്ന സത്യവും ധോണിക്കറിയാം. അതിനാല്‍ എം.എസ് എന്ന റാഞ്ചിക്കാരന്‍ അധികകാലം താരമായി ടീമില്‍ തുടരില്ല. ഒരു പക്ഷേ അദ്ദേഹം ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ ടി-20 വിടാനാണ് സാധ്യത. 2019 ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെ അദ്ദേഹം കോലിക്ക് കീഴില്‍ കളിക്കാനും സാധ്യത കുറവാണ്.

രണ്ട് പേരും പരസ്പരം അറിയുന്നവരും മനസ്സിലാക്കുന്നവരുമായതിനാല്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് പറയാനുമാവില്ല. മുന്‍ നായകന്മാര്‍ എപ്പോഴും ടീമിന് ഭാരമാണ്. ഈഗോ പ്രശ്‌നങ്ങള്‍ പലവിധത്തില്‍ വരും. ഇതെല്ലാമറിയുന്ന ധോണിയിലെ ക്രിക്കറ്റര്‍ സമീപദിവസങ്ങളില്‍ തന്നെ മറ്റൊരു വലിയ തീരുമാനമെടുത്താല്‍ അല്‍ഭുതപ്പെടാനില്ല.

chandrika: