X
    Categories: Culture

മഹാ യാത്ര: ആദ്യ പകുതി ജയിച്ച് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ ദിയോറ ടു ഡല്‍ഹി കര്‍ഷക റാലിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. മിര്‍സാപൂരില്‍ ഇന്ന് രാവിലെ ഖാട്ട് ചര്‍ച്ചയോടെയാണ് തുടക്കം. ആദ്യ ഘട്ടത്തില്‍ ലഭിച്ച ജനസ്വീകാര്യതയുടെ വര്‍ധിത വീര്യത്തോടെയാണ് രണ്ടാം ഘട്ടം യാത്ര തുടങ്ങുന്നത്.

തെരഞ്ഞെടുപ്പ് ഗോദയില്‍ ആത്മവിശ്വാസത്തിലായിരുന്ന ബിജെപിയെ അസ്വസ്ഥമാക്കാന്‍ യാത്രക്കായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. കാര്യമായും ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ലാക്കാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ പ്രചരണം. കൃത്യമായ കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഈ ആക്രമണം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പോലും കഴിയാത്ത ബി.ജെ.പിക്ക് അവസാന നിമിഷം മോദിയുടെ റാലികളിലൂടെ തിരിച്ച് വരാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കൂടാതെ മോദി പ്രചരണത്തിനെത്തുമ്പോള്‍ പുറത്തെടുക്കാനായി പ്രിയങ്ക ഗാന്ധിയെന്ന വജ്രായുധവും കോണ്‍ഗ്രസ് അണിയറയിലുണ്ട്.

സമാജ് വാദി പാര്‍ട്ടിക്ക് അഖിലേഷ് യാദവിലൂടെ ശക്തമായ ഒ.ബി.സി മുഖവും ബിഎസ്പിയുടെ മായാവതി ദളിത് വിഭാഗത്തില്‍ നിന്നുമുള്ളവരായതിനാല്‍ മുന്നോക്ക വിഭാഗത്തെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഷീലാ ദീക്ഷിതിലൂടെ ശക്തമായ ബ്രാഹ്മണ മുഖത്തെയാണ് അവതരിപ്പിച്ചത്. ബിജെപിയുടെ സംസ്ഥാന തലവന്‍ കേശവ്പ്രസാദ് മൗര്യയടക്കം ജനസ്വീകാര്യതയുള്ള നേതാക്കളോ ഏതെങ്കിലും ജാതിയുടെ ശക്തമായ പിന്തുണയുള്ളവരോ അല്ല. ഇതു പാര്‍ട്ടിയെ അസ്വസ്ഥമാക്കുന്നുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വിമുഖത പ്രകടിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. താക്കൂറുമാരില്‍ ഒരു വിഭാഗം കോണ്‍ഗ്രസിനോട് അനുഭാവം പ്രകടിപ്പിക്കുന്നതു ഇതിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. ബ്രാഹ്മണരും കോണ്‍ഗ്രസിനോട് അടുപ്പത്തിനു ശ്രമിക്കുന്നുണ്ട്. 13 ശതമാനം ബ്രാഹ്മണര്‍, 21 ശതമാനം ഒ.ബി.സി, 40 ശതമാനം ദളിത്, 8 ശതാനം താക്കൂര്‍, 18 ശതമാനം മുസ്ലിംകള്‍ എന്നിങ്ങനെയാണ് സംസ്ഥാനത്തെ ജാതി തിരിച്ചുള്ള ജനസംഖ്യാ കണക്കുകള്‍. ഇതില്‍ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതു പോലെ അത്ഭുതങ്ങള്‍ വല്ലതും സംഭവിച്ചാലേ ബിജെപിക്ക് തിരിച്ചു വരാനാവൂ.

ഹിന്ദു പാര്‍ട്ടിയെന്ന ബി.ജെ.പി അവകാശവാദത്തെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മാസ്റ്റര്‍ സ്‌ട്രോക്കായാണ് അയോധ്യയിലെ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്ര സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. ഇതുവഴി രാഷ്ട്രീയ ധ്രുവീകരണം നടത്തി വോട്ട് പിടിക്കാനുള്ള ശ്രമത്തെയും രാഹുല്‍ ഗാന്ധി ഒരു വിധം തടയാന്‍ ആദ്യ പകുതിയില്‍ രാഹുലിനായി. കോണ്‍ഗ്രസിന്റെ മൃതു ഹിന്ദുത്വ സമീപനം ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ വാദത്തെ തകര്‍ക്കാന്‍ മാത്രം ശക്തമാണെന്ന് ഇലക്ഷന്‍ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

രാഹുലിന്റെ ഖാട്ട് സഭയിലേക്ക് ആളെക്കൂട്ടുന്നത് കര്‍ഷകരുടെ ലോണ്‍ എടുത്തുകളയല്‍ പ്രഖ്യാപനവും, വൈദ്യുതി ചാര്‍ജ് കുറക്കല്‍ പ്രഖ്യാപനവുമാണ്. നേരത്തെ, 2009ല്‍ ഇതേ മുദ്രാവാക്യങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് ലോക്‌സഭയിലേക്ക് 21 സീറ്റുകളില്‍ ജയിക്കാനായത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുന്നു.

Web Desk: