മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് നേട്ടം. ഫലമറിഞ്ഞ 18 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ എട്ടെണ്ണവും കോണ്‍ഗ്രസ് സ്വന്തമാക്കി. ഏഴ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനങ്ങള്‍ ബിജെപിക്കാണ്. എന്‍സിപി ഒരു കൗണ്‍സില്‍ നേടിയപ്പോള്‍ ഭരണസഖ്യകക്ഷിയായ ശിവസേനക്ക് ഒന്നും നേടാനായില്ല.
ഔറംഗാബാദ്, നന്ദേഡ്, ഭന്ധാര, ഗാഡ്ചിറോളി എന്നിവിടങ്ങളിലക്കം 18 കൗണ്‍സിലുകളിലേക്കും രണ്ട് നഗര്‍ പഞ്ചായത്തുകളിലേക്കുമായി 342 സീറ്റുകളിലേക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 124 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 119 ഇടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറി. എന്‍സിപി- 77, ശിവസേന -46, എംഐഎം- 5, ബിഎസ്പി-2, നഗര്‍വികാസ് അഗാദി- 6, സ്വതന്ത്രര്‍ – 22 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റുനില.
ആദ്യ രണ്ട് ഘട്ടങ്ങളില്‍ യഥാക്രമം ബിജെപിയും എന്‍സിപിയും നേട്ടമുണ്ടാക്കിയെങ്കില്‍ കഴിഞ്ഞ തവണ ബിജെപി ജയിച്ച പലയിടങ്ങളിലും ജയിക്കാന്‍ ഇത്തവണ കോണ്‍ഗ്രസിനായി.