X
    Categories: Culture

മസ്ഊദ് അസ്ഹറിനെ വിലക്കാനുള്ള നീക്കം; സാങ്കേതിക തടസ്സം ദീര്‍ഘിപ്പിച്ചതായി ചൈന

ബീജിങ്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസ്ഊദ് അസ്ഹറിനെ യു.എന്‍ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന അപേക്ഷക്കെതിരെയുള്ള സാങ്കേതിക തടസം ദീര്‍ഘിപ്പിച്ചതായി ചൈന. ചൈനയുടെ സാങ്കേതിക തടസവാദം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ആറു മാസത്തേക്ക് കൂടി ഇത് ദീര്‍ഘിപ്പിച്ചതായി ചൈനീസ് വക്താവ് ഗെങ് ഷുവാന്‍ അറിയിച്ചത്.

തിങ്കളാഴ്ച സാങ്കേതിക തടസം നീങ്ങുകയും ചൈന പുതുതായി ആക്ഷേപങ്ങള്‍ ഉന്നയിക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ സ്വമേധയാ മസ്ഊദ് അസ്ഹര്‍ ആഗോള ഭീകര പട്ടികയില്‍ ഇടം നേടുമായിരുന്നു. അസ്ഹറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2016 മാര്‍ച്ചിലെ യു.എന്‍1267 കമ്മിറ്റിയില്‍ ഇന്ത്യ നല്‍കിയ അപേക്ഷ സാങ്കേതിക തടസ വാദം ഉന്നയിച്ച് ചൈന വീറ്റോ ചെയ്യുകയായിരുന്നു. ഇന്ത്യയുടെ അപേക്ഷയില്‍ വ്യത്യസ്ഥ അഭിപ്രായമുണ്ടെന്നും തടസ വാദം ദീര്‍ഘിപ്പിച്ചതിലൂടെ ഇക്കാര്യത്തില്‍ ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് കൂടുതല്‍ കൂടിയാലോചനകള്‍ക്ക് സമയം ലഭിക്കുമെന്നും ചൈനീസ് വക്താവ് അറിയിച്ചു.

പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന മസ്ഊദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം യു.എന്‍ സ്ഥിരാംഗമെന്ന അധികാരമുപയോഗിച്ചാണ് ചൈന വീറ്റോ ചെയ്തത്. പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ അസ്ഹറിന് യാത്രാ നിരോധനവും ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്യുമായിരുന്നു.
സ്ഥിരാംഗങ്ങളായ 15ല്‍ 14 രാജ്യങ്ങളും ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് രംഗത്തു വന്നപ്പോള്‍ ചൈന മാത്രമാണ് തടസമുന്നയിച്ചത്. ഒക്ടോബറില്‍ ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിങും തമ്മില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ചൈന സാങ്കേതിക തടസം ദീര്‍ഘിപ്പിച്ചത്.

Web Desk: