X

മഴവില്ലഴക് മായുന്ന അതിരപ്പിള്ളി

 
ഏറെ നാളായി ഉത്തരം കിട്ടാത്ത ചോദ്യമാണ് അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി. 1979 ലാണ് ആദ്യമായി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെന്ന ആശയം ഉയര്‍ന്നുവന്നത്. 1998 ല്‍ കേരള സര്‍ക്കാറിന്റെ അനുമതി ലഭിച്ച പദ്ധതി റിപ്പോര്‍ട്ടിനായി എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുടെ എനര്‍ജി ഇന്‍ഫ്രാസ്റ്റക്ചര്‍ സര്‍വീസിനെ ഏല്‍പ്പിച്ചു. എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനി അതിരപ്പിള്ളി സ്‌കാര്‍ടെപ്പ് ഡോക്‌മെന്റ് എന്ന പേരില്‍ പ്രൊജക്ട് റിപ്പോര്‍ട്ട് ഉണ്ടാക്കി സര്‍ക്കാറിന് നല്‍കി. വൈകുന്നേരം മാത്രം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാല്‍ പദ്ധതിക്ക് താഴെയുള്ള പുഴ അടക്കമുള്ള പ്രദേശത്തിനും മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നും സാമ്പത്തികമായി പദ്ധതി ലാഭകരമല്ലെന്നും പ്രൊജക്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനി പഠനം നടത്തി 2000 ത്തില്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്. 2001 ല്‍ അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി സര്‍ക്കാര്‍ അനുമതി കേരള ഹൈക്കോടതി റദ്ദ് ചെയ്തു. 2005ല്‍ സര്‍ക്കാര്‍ വീണ്ടും അനുമതി നല്‍കി. 2006ല്‍ ഹൈക്കോടതി വീണ്ടും സര്‍ക്കാര്‍ അനുമതി റദ്ദ് ചെയ്തു. 2007 ല്‍ സര്‍ക്കാര്‍ വീണ്ടും ഈ പദ്ധതിക്ക് അനുമതി നല്‍കി. 2012 ല്‍ എല്ലാ അനുമതികളും കാലഹരണപ്പെട്ടു. 2015 ല്‍ ഇത് ചൂണ്ടികാട്ടി കേരള ഹൈക്കോടതി കേസ് തന്നെ അവസാനിപ്പിച്ച് ഉത്തരവായി. 2015 ഒക്‌ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിയുടെ എല്ലാ അനുമതിയും മുന്‍കാല പ്രാബല്യത്തോടെ 2012 മുതല്‍ 2017 വരെ നീട്ടി കൊടുത്തു. 2017 ജൂലൈ 17ന് അതും അവസാനിപ്പിച്ചു. ഇതിനിടയിലാണ് പദ്ധതി പ്രദേശമായ കണ്ണംകുഴി കെ.എസ്.ഇ.ബി പ്രോജക്ട് ഓഫീസില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള പവര്‍ഹൗസ് സൈറ്റ് വഴിയില്‍ ഒരാ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ച് കെ.എസ്.ഇ.ബി കാലാവധി തീരുന്നതിന് മുമ്പ് തന്നെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ആരംഭിച്ചിട്ടുണ്ട് എന്ന് കാണിക്കാനുള്ള തട്ടിപ്പ് നടത്തിയത്. അതിരപ്പിള്ളി വൈദ്യുത പദ്ധതി നഷ്ടമാണെന്നും പ്രകൃതിക്ക് തന്നെ അപകടകരമായി ബാധിക്കുമെന്നും മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടേയും നിലനില്‍പ്പ് ഈ പ്രദേശത്ത് അപകടമാവുമെന്നും അറിഞ്ഞിട്ടും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നത് എന്തിന് വേണ്ടിയാണ്. എന്ത് സമവായം ഉണ്ടായാലും ഇവിടെ പദ്ധതി കൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങള്‍ ചെറുതല്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാവും. അങ്ങനെ വരുമ്പോള്‍ പദ്ധതി നടപ്പാക്കിയാല്‍ ഒരു ഭാഗത്ത് വന്‍ നഷ്ടം ഉണ്ടാവുമെങ്കിലും കെ.എസ്.ഇ.ബി യിലെ ചിലര്‍ക്ക് ഉണ്ടാവുന്ന ലാഭം എന്താണ്. സര്‍ക്കാറിന് ഉണ്ടാവുന്ന നേട്ടം വ്യക്തിഗതമോ എന്നും പരിശോധിക്കണം. കാരണം ഇടത്പക്ഷ സര്‍ക്കാര്‍ വരുമ്പോഴാണ് ഏറ്റവും കൂടുതല്‍ തവണ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് തന്നെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി അനിവാര്യമെന്ന് പ്രഖ്യാപിക്കുകയും അതിന് വേണ്ടി മുറവിളി കൂട്ടുകയും ചെയ്യുന്നത്. ലോകം മുഴുവനും ചര്‍ച്ചചെയ്ത് കൊണ്ടിരിക്കുന്ന പദ്ധതിയാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി. ടൂറിസ്റ്റുകള്‍ക്ക് ഏറെ ഇഷ്ടമുള്ള അതിരപ്പിള്ളി പ്രദേശത്ത് സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയത്തിനതീതമായി ജനം ഒന്നടങ്കം ഈ പദ്ധതി അപകടം ചെയ്യുമെന്നും ചിലവ് ചെയ്യുന്ന പണം നഷ്ടമാണെന്നും പറഞ്ഞ് സമരം ചെയ്യുന്നത്.
ചാലക്കുടിപ്പുഴയില്‍ പ്രസിദ്ധമായ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് തൊട്ടുമുകളില്‍ അണക്കെട്ട് നിര്‍മിച്ച് ഇവിടെ നിന്നും ടണല്‍വഴി പുഴയിലെ വെള്ളം കണ്ണന്‍കുഴി തോടിനരികിലുള്ള പവര്‍ഹൗസില്‍ എത്തിച്ച് 80 മെഗാവാട്ടിന്റെ രണ്ട് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനാണ് പദ്ധതി. ഇതിന് പുറമേ മൂന്നു മെഗാവാട്ടിന്റെ ഒരു ജനറേറ്റര്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകളില്‍ ഇട്ട്യാനി എന്ന സ്ഥലത്ത് പ്രവര്‍ത്തിപ്പിച്ച് വെള്ളച്ചാട്ടം പകല്‍ സമയങ്ങളില്‍ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ അണക്കെട്ട് വരുന്നതോടുകൂടി 104.4 ഹെക്ടര്‍ കാട് റിസര്‍വോയറിനായി മുങ്ങിപ്പോകുമ്പോള്‍ 50,000ല്‍പരം വൃക്ഷങ്ങള്‍ മുറിച്ചുമാറ്റപ്പെടുമെന്ന് ചൂണ്ടിക്കാട്ടുന്നു.
28.4 ഹെക്ടര്‍ ചാലക്കുടിപ്പുഴയുടെ വൃഷ്ടി പ്രദേശത്തില്‍ അവശേഷിക്കുന്ന പുഴയോരങ്ങളില്‍ പദ്ധതിക്കായി മൊത്തം വെട്ടിമാറ്റുക 140 ഹെക്ടര്‍ കാടുകളാണ്. ഇതിനു പുറമേ ടണല്‍, റോഡുകള്‍, പവര്‍ഹൗസ്, പെന്‍സ്റ്റോക്ക്, കോളനി മുതലായവക്കുവേണ്ടി വാഴച്ചാല്‍ മുതല്‍ കണ്ണന്‍കുഴി വരെ വേറെയും വനഭൂമി നഷ്ടപ്പെടും.ചാലക്കുടിപ്പുഴയില്‍ ഏഴ് അണക്കെട്ടുകള്‍ നിലവിലുണ്ട്.പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍പ്പെട്ട പെരുവാരിപ്പള്ളം, തുണക്കടവ്, പറമ്പിക്കുളം അണക്കെട്ടുകളും അപ്പര്‍ ഷോളയാര്‍ അണക്കെട്ടും തമിഴ്‌നാട്ടിലേക്ക് വെള്ളം തിരിച്ചുകൊണ്ടുപോകുന്നു. ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുത പദ്ധതികളും തുമ്പൂര്‍മുഴി ജലസേചന പദ്ധതിയും കൂടി കഴിയുമ്പോള്‍ പുഴയിലെ നീരൊഴുക്ക് കാലവര്‍ഷത്തിനുശേഷം നിലച്ചതുപോലെയാകുന്നു.ഇതിന് പുറമേയാണ് പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറില്‍ നിന്നും ഇടമലയാര്‍ ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഓഗ്‌മെന്റേഷന്‍ പദ്ധതിയെന്നു ചൂണ്ടിക്കാട്ടുമ്പോള്‍ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി പൂര്‍ത്തിയായാല്‍ നിരവധി പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങള്‍ സംഭവിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കേരളത്തിലെ പശ്ചിമഘട്ട നിരകളില്‍ ഏറ്റവും വീതി കൂടിയ ഭാഗമായ പീച്ചി-വാഴിനി വന്യജീവി സങ്കേതം മുതല്‍ പറമ്പിക്കുളം-ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം (തമിഴ്‌നാട്) വരെ നീണ്ടുകിടക്കുന്ന വനപ്രദേശം ഈ സംരക്ഷിത മേഖലയില്‍ അകപ്പെടാത്ത ഏറ്റവും നിര്‍ണ്ണായകമായ പ്രദേശമാണ്. കടുവ, പുള്ളിപ്പുലി, കാട്ടുപോത്ത്, ആന മുതലായവ വലിയ സസ്തനികള്‍ വിഹരിക്കുന്ന വാഴച്ചാല്‍ മേഖലയും മനുഷ്യനിര്‍മ്മിത പ്ലാന്റേഷനുകളും (തേക്ക്, യൂക്കാലി, അക്കേഷ്യ) അണക്കെട്ടുമൂലമുണ്ടാകുന്ന ആഘാതങ്ങളാലും റോഡുകള്‍ കാരണവും ഛിന്നഭിന്നമാക്കപ്പെട്ട ഈ വനമേഖലയെ ബന്ധിപ്പിക്കുന്ന വന്യജീവിഗമനം സുഗമമാക്കുന്ന പ്രധാന കണ്ണിയാണ് അണക്കെട്ട് വന്നാല്‍ മുങ്ങിപോകുന്ന പ്രദേശം. പശ്ചിമഘട്ടത്തിലെ ഉയരം കുറഞ്ഞ വനപ്രദേശങ്ങളില്‍ ആകെ അവശേഷിക്കുന്ന പുഴയോരക്കാടുകളുടെ തുരുത്തുകള്‍ അതിരപ്പിള്ളി അണക്കെട്ടുവന്നാല്‍ മുങ്ങിപ്പോകുമെന്ന ഭീഷണിയിലായിരിക്കും. ഇവ ഈ വനപ്രദേശത്തെ എല്ലാത്തരം വന്യജീവികളുടെയും നിലനില്‍പ്പിന്റെ തുരുത്തുകള്‍ കൂടിയാണെന്നു വ്യക്തം. വാഴച്ചാല്‍ മേഖലയില്‍ മാത്രം കാണപ്പെടുന്ന ചൂരലാമ, ചാലക്കുടി പുഴയില്‍ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയ ഇവിടെ മാത്രമുള്ള അഞ്ച് സ്പീഷിസ് മത്സ്യങ്ങള്‍ അടക്കം 104 ഇനം മത്സ്യങ്ങള്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പല്‍, നിരവധി ഔഷധ സസ്യങ്ങള്‍ എന്നിവയുടെ നിലനില്‍പ്പും അപകടത്തിലാവും.
കേരളത്തിലെ ഏറ്റവും കൂടുതല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കുന്ന ചാലക്കുടിപ്പുഴയില്‍ ജലലഭ്യത കുറഞ്ഞതു കാരണം ജലസേചനത്തിന് ബുദ്ധിമുട്ട് നിലവിലുണ്ടെന്നും അണക്കെട്ടുയരുമ്പോള്‍ ഇത് കൂടുതല്‍ ആവുമെന്നും വരള്‍ച്ചയിലേക്കും കൃഷിനാശത്തിലേക്കും നയിക്കുമെന്നുമുള്ള അഭിപ്രായം എല്ലാവരിലുമുണ്ട്. 1996ല്‍ ടി.ബി.ജി.ആര്‍.ഐ.(ട്രോപ്പില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) നടത്തിയ പരിസ്ഥിതി ആഘാത പഠനത്തിന്റെ വെളിച്ചത്തിലാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രാനുമതി നല്‍കിയത്. അണക്കെട്ടും പവര്‍ഹൗസും വരുന്ന പ്രദേശങ്ങളെ മാത്രം കേന്ദ്രീകരിച്ച് നടത്തിയ ആഘാതപഠനം, അവലോകനം നടത്തിയ വിദഗ്ധ സമിതിയുടെ ദീര്‍ഘവീക്ഷണമില്ലായ്മയും വെളിപ്പെടുത്തുന്നു. വളരെ സങ്കുചിതമായ, പക്ഷപാതപരമായ കാഴ്ചപ്പാടോടുകൂടി തയ്യാറാക്കിയ പഠനമാണെന്ന് ചൂണ്ടികാട്ടുന്നു.
163 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കാവശ്യമായ ജലം ചാലക്കുടിപ്പുഴയില്‍ ലഭ്യമല്ല. പദ്ധതിക്കായുള്ള ശരാശരി വാര്‍ഷിക ജലലഭ്യത വൈദ്യുതി ബോര്‍ഡിന്റെ കണക്കുപ്രകാരം 1100 ദശലക്ഷം ഘനമീറ്ററും കേന്ദ്ര ജലകമ്മീഷന്റെ കണക്ക് പ്രകാരം 1055 ദശലക്ഷം ഘനമീറ്ററുമാണ്. ഇതില്‍ ശരാശരി 280 ദശലക്ഷം ഘനമീറ്റര്‍ നിലവില്‍ പെരിങ്ങല്‍ക്കുത്ത് ജലാശയത്തില്‍ ഇടമലയാറിലേക്ക് തിരിച്ചു കൊണ്ടുപോകുന്നുണ്ട്. അതിരപ്പിള്ളി, വാഴച്ചാല്‍ ജലപാതകള്‍ക്കായി പ്രതിവര്‍ഷം 241 ദശലക്ഷം ഘനമീറ്റര്‍ ജലം മാറ്റിവെക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. ബാക്കി ജലത്തില്‍ അതിരപ്പിള്ളി അണക്കെട്ടില്‍ നിന്നുണ്ടാവുന്ന പ്രളയജലം കൂടി കണക്കിലെടുത്താല്‍ 160 മെഗാവാട്ടിന്റെ പ്രധാന പവര്‍ഹൗസിന് ശരാശരി 500 ദശലക്ഷം ഘനമീറ്ററിനടുത്ത് ജലം മാത്രമാണ് ലഭ്യമാകുക. ഇതുപയോഗിച്ച് 12 ശതമാനത്തോളം സമയത്ത് മാത്രമേ വൈദ്യുതി ഉത്പാദനം സാധ്യമാകൂ. കെ.എസ്.ഇ.ബി പറയുന്നത് 15 ശതമാനത്തിന് താഴെയാണ്. 163 മെഗാവാട്ട് എന്ന് നിര്‍ദേശിച്ചത് തെറ്റായിപോയി എന്ന് അംഗീകരിക്കുന്നുവെങ്കിലും അത് തിരുത്താനും കെ.എസ്.ഇ.ബി തയ്യാറായിട്ടില്ല. ഇങ്ങനെ പല സംശയങ്ങളും നീളുകയാണ്.
(തുടരും)

chandrika: