വേനല്‍ ചൂടിന് കുളിരു പകര്‍ന്ന് ഇടവപ്പാതിക്ക് മുമ്പേ കേരളത്തില്‍ മഴ തകര്‍ത്തു പെയ്യുകയാണ്. മെയ് അവസാനത്തോടെ കാലവര്‍ഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇപ്പോള്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ കുടിവെള്ള ക്ഷാമത്തിന് ആശ്വാസമാകുന്നതോടൊപ്പം കാര്‍ഷിക മേഖലക്കും ഗുണകരമാകുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായിരിക്കാം കാലംതെറ്റിയുള്ള മഴയെന്നതുകൊണ്ട് പ്രതീക്ഷക്കുമേല്‍ ആശങ്കയും കനം തൂങ്ങി നില്‍ക്കുന്നുണ്ട്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തുടങ്ങാന്‍ ഇനിയും ആഴ്ചകള്‍ ബാക്കിയിരിക്കെയാണ് മഴ കോരിച്ചൊരിയുന്നത്. സംസ്ഥാനത്ത് മഴ കനക്കുന്നതോടൊപ്പം എത്താറുള്ള പകര്‍ച്ചവ്യാധികള്‍ ഇത്തവണ നേരത്തെ തല പൊക്കിയിരിക്കുകയാണ്. കോവിഡാനന്തരവും ആരോഗ്യമേഖലയില്‍ മുന്‍കരുതലും ജാഗ്രതയും വേണമെന്ന് ഓര്‍മിപ്പിക്കുന്ന രൂപത്തില്‍ പലതരം രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്.
പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നീണ്ടുനില്‍ക്കുന്ന പനിയും തലവേദനയും വയറുവേദനയുമെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണമാകാന്‍ സാധ്യതയുള്ളതുകൊണ്ട് എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ തേടാന്‍ പൊതുജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. കോട്ടയം ഉള്‍പ്പെടെ ചില ജില്ലകളില്‍ തക്കാളിപ്പനിയും പടരുന്നുണ്ട്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയും ചിലപ്പോള്‍ മുതിര്‍ന്നവരെയും ബാധിക്കാവുന്ന ഈ വൈറസ് രോഗം അപകടകാരി അല്ലെങ്കിലും മുന്‍കരുതല്‍ ആവശ്യമാണ്. കോഴിക്കോടും മറ്റും മലമ്പനി കൂടി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തര ശ്രദ്ധ അനിവാര്യമായിരിക്കുന്നു. മലമ്പനി ബാധിതര്‍ക്ക് നല്‍കിവരുന്ന മരുന്നുകള്‍ക്ക് സംസ്ഥാനത്ത് ക്ഷാമം നേരിടുന്നതായി വാര്‍ത്തയുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ച് പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണം. മാരകമായ നിപ വൈറസ് ഭീഷണിയും അവഗണിക്കാനാവില്ല. വവ്വാലുകളുടെ പ്രജനന കാലമായതിനാല്‍ കോഴിക്കോട്ടും എറണാകുളത്തും സംസ്ഥാനത്തെ മറ്റു ജില്ലകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കോഴിക്കോട് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യുകയും പന്ത്രണ്ടുകാരന്‍ മരിക്കുകയും ചെയ്തിരുന്നു. 2018ലാണ് സംസ്ഥാനത്ത് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് രോഗം ബാധിച്ച പതിനെട്ടു പേരില്‍ രണ്ടു പേര്‍ മാത്രമാണ് രക്ഷപ്പെട്ടതെന്ന വസ്തുത നിപയുടെ അപകടാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വവ്വാലുകളുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കാന്‍ ആരോഗ്യ വിദഗ്ധര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലത്ത് വീണതും പക്ഷികള്‍ കടിച്ചതുമായ പഴങ്ങള്‍ കഴിക്കരുത്.
ഇത്തവണ മഴക്കാല മുന്നൊരുക്കത്തിന് സമയം കിട്ടിയിട്ടില്ലെന്നും ഓര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ മിക്ക ദിവസങ്ങളിലും കനത്ത മഴ ലഭിച്ചതുകൊണ്ട് ഓടകളിലും മറ്റും വെള്ളം നിറഞ്ഞിരിക്കുകയാണ്. ശുചീകരണ രംഗത്ത് ഇനിയുള്ള ദിവസങ്ങള്‍ ഏറെ വിലപ്പെട്ടതാണെന്നിരിക്കെ അധികൃതരുടെ ഭാഗത്ത് അനാസ്ഥ പാടില്ല. കാലവര്‍ഷം പൂര്‍ണതോതില്‍ എത്തുന്നതിന് മുമ്പ് നഗരങ്ങളിലും മറ്റും കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രംഗത്തിറങ്ങേണ്ടതുണ്ട്. വയലുകളിലും തോടുകളിലും വെള്ളം എത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ജലജന്യ രോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്. സംസ്ഥാനത്ത് ഇപ്പോഴും ശുദ്ധജലം കിട്ടാത്ത നിരവധി ഭാഗങ്ങളുണ്ട്. കാലവര്‍ഷം ശക്തമാകുന്നതോടെ അവിടങ്ങളില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും. കെ-റെയില്‍ പോലുള്ള അനാവശ്യ പ്രോജക്ടുകളുമായി വന്ന് പണവും സമയവും പാഴാക്കുന്നതിന് പകരം സാധാരണക്കാരനെ ബാധിക്കുന്ന കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
ജാഗ്രത മാത്രമാണ് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള പ്രധാന ആയുധമെന്ന് കോവിഡ് കാലത്ത് തെളിയിക്കപ്പെട്ടതാണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സാമൂഹിക സമ്പര്‍ക്കം കുറയ്ക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്തിരുന്നതുകൊണ്ട് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പരമ്പരാഗത പകര്‍ച്ചവ്യാധികളുടെ വ്യാപനം ഗണ്യമായി കുറഞ്ഞിരുന്നു. മഹാമാരിയെ ഭയന്ന് വ്യക്തി ശുചിത്വം പാലിക്കാന്‍ ശ്രമിച്ചതും ഏറെ ഗുണം ചെയ്തിട്ടുണ്ട്. കോവിഡ് ഭീഷണി നീങ്ങിയതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയിരിക്കുകയാണ്. ആളുകള്‍ വീട് വിട്ട് പുറത്തിറങ്ങുകയും മുന്‍കരുതല്‍ നടപടികളെ അവഗണിക്കുകയും ചെയ്യുന്നത് വെല്ലുവിളിയായിരിക്കുകയാണ്. സംസ്ഥാനത്തെ ആരോഗ്യരംഗം ഏറെ സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഭക്ഷ്യ വിഷബാധയുടെ ദുരന്തം ആരോഗ്യസുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുണ്ട്്. പകര്‍ച്ചവ്യാധി പോലുളള രോഗങ്ങള്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം സര്‍ക്കാറിന്റെ അലസതയാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള മുന്നൊരുക്കം ആരോഗ്യവകുപ്പിന്റെ ഭാഗത്ത് ഇപ്പോഴും ഇല്ലെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് പൊതുജനങ്ങള്‍ കൂടുതല്‍ കരുതലോടെയിരിക്കേണ്ടതുണ്ട്.