കോഴിക്കോട്: ഓണം-ബക്രീദ് സീസണിലെ തിരക്കിന്റെ മറവില്‍ ഗള്‍ഫ് യാത്രാ നിരക്ക് പന്ത്രണ്ട് ഇരട്ടിയോളം വര്‍ധിപ്പിച്ച വിമാന കമ്പനികള്‍ ആഭ്യന്തര സര്‍വ്വീസ് ചാര്‍ജ്ജും കുത്തനെ കൂട്ടി മലയാളികളെ പിഴിയുന്നു. ആഭ്യന്തര സര്‍വ്വീസില്‍ നാലിരട്ടിയിലേറെയാണ് വര്‍ധിപ്പിച്ചത്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഉത്തരേന്ത്യയിലെക്കാള്‍ പത്തിരട്ടി വരെയാണ് അധിക ചാര്‍ജ്ജ് ഈടാക്കുന്നത്. ഇതു മറികടക്കാന്‍ ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ടിക്കെറ്റെടുത്ത് ഓണവും ബക്രീദും ആഘോഷിക്കുന്നവരെ പിഴിയാനാണ് അപ്രതീക്ഷിത ചാര്‍ജ്ജ് വര്‍ധന നടപ്പാക്കിയത്.
പെരുന്നാള്‍ കഴിഞ്ഞ് മുംബൈ വഴി ഗള്‍ഫിലേക്ക് പറക്കുന്നവരെ ലക്ഷ്യമിട്ടാണ് മുഖ്യമായും വലവിരിച്ചത്. മുംബൈയില്‍ നിന്ന് ഇന്നലെ കൊച്ചിയിലേക്ക് 2,505 രൂപ ഈടാക്കിയവര്‍ തന്നെയാണ് കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് 8,416 രൂപ മുതല്‍ 9,923 രൂപവരെ നിരക്ക് വര്‍ധിപ്പിച്ചത്. ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് 5,500 രൂപയാണ് ശരാശരി നിരക്ക്. തിരിച്ച് കൊച്ചിയില്‍നിന്ന് ബാംഗ്ലൂരിലേക്കാണെങ്കില്‍ 8,890 രൂപ മുതല്‍ 12,634 രൂപ നല്‍കണം.
കൊച്ചിയില്‍നിന്ന് ഡല്‍ഹിയിലേക്ക് 9,267 രൂപ മുതല്‍ 24,217 രൂപവരെയ ഈടാക്കിയപ്പോള്‍ ഡല്‍ഹി-കൊച്ചി യാത്രക്ക് 4,840 രൂപ മതി. ചെന്നൈ-കൊച്ചി വിമാന നിരക്ക് 2500 യുടെ സാധാ നിരക്കില്‍ നിന്ന് 8,921 രൂപ മുതല്‍ 12,525 രൂപവരെയായാണ് ഇന്നലെ കൂട്ടിയത്. എന്നാല്‍, കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് പറക്കാന്‍ ഇന്നലെയും 2,868 രൂപയാണ് ഈടാക്കിയത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നെല്ലാം കൊച്ചിയിലേക്ക് വണ്‍വെയിലാണ് നാലിരട്ടി വര്‍ധന. അര ലക്ഷം രൂപവരെ ഈടാക്കിയിരുന്ന ദുബായ് കൊച്ചി നിരക്ക് യാത്രക്കാര്‍ കുറഞ്ഞതോടെ 8,204 യിലേക്ക് താഴ്ത്തി.
ദുബായിലേക്കും അബുദാബിയിലേക്കും ഉള്‍പ്പെടെ ഗള്‍ഫിലെ ഏത് രാജ്യത്തേക്കും കേരളത്തില്‍ നിന്ന് 10,000 രൂപയില്‍ താഴെയാണ് സാധാരണ നിരക്ക്. ബലിപെരുന്നാളും ഓണവും ആഘോഷിക്കാന്‍ കുടുംബ സമേതം നാട്ടില്‍ വന്ന് പോവുന്നവരുടെ തിരക്ക് മുതലെടുക്കാന്‍ 70000-80000 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഓണവും പെരുന്നാളും ആഘോഷിച്ച്് മടങ്ങുന്നവരെയാണ് ഏറ്റവും വലിയ കഴുത്തറപ്പ്. 7000-8000 രൂപ നിരക്കുള്ള കോഴിക്കോട്-ഒമാന്‍ ചാര്‍ജ്ജ് 17-ാം തിയതി 71000 മുതല്‍ 80000 രൂപ വരെയാണ്. അതേ ദിവസം കോഴിക്കോട്-ജിദ്ദ 60,000 രൂപക്ക് മുകളിലാണ് നിരക്ക്. ദുബൈയിലേക്ക് 30,000-35,000 രൂപയും വേണം. പിറ്റേന്ന് കോഴിക്കോട്-ജിദ്ദ 40,000-45,000 രൂപയാണ് നിരക്ക്.
ലുഖ്മാന്‍ മമ്പാട്