X

മലപ്പുറം സ്‌ഫോടനം: അന്വേഷണം ഏത് എജന്‍സി ഏറ്റെടുത്താലും പ്രതികളെ ഉടന്‍ പിടികൂടണം പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറം സ്‌ഫോടനത്തിന്റെ അന്വേഷണം ഏത് എജന്‍സി എറ്റെടുത്താലും പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തീവ്രവാദം നാടിന്റെ നാശമാണ്. ഇത്തരം പ്രവൃത്തികള്‍ ക്രിമിനല്‍ കുറ്റമാണ്. ഇത് മുളയിലേ നുള്ളാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയണം. പൊലീസ് അന്വേഷണം പോരെന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്. അത് തിരുത്തി അന്വേഷണം ഊര്‍ജ്ജിതമാക്കണം. രാജ്യത്തിന്റെ സമാധാനവും സൗഹൃദവും തകര്‍ക്കുന്ന ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും മത സാമൂഹിക സാംസ്‌കാരിക സംഘടനകളും ഒരുമിച്ച് രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം സ്‌ഫോടനത്തിന്റെ അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. അത് അന്വേഷണ സംഘത്തിന്റെ വലിയ പോരായ്മയാണ്. മലപ്പുറം സ്‌ഫോടനത്തിന്റെ അന്വേഷണം അങ്ങിനെ ആയിക്കൂടാ. സമൂഹത്തിനിടയില്‍ വലിയ കാമ്പയില്‍ ഇതിനെതിരെ ഉയര്‍ന്നു വരുന്നുണ്ട്. അന്വേഷണവുമായി മുഴുവന്‍ പേരും സഹകരിക്കണം. എന്ത് വിവരം കിട്ടിയാലും അത് ബന്ധപ്പെട്ടര്‍ക്ക് കൈമാറണം.

ശരീഅത്ത് സംരക്ഷണ വിഷയത്തില്‍ മുഴുവന്‍ സംഘടനകളും ഒറ്റക്കെട്ടായ നിലപാടുമായാണ് മുന്നോട്ട് പോകുന്നത്. എല്ലാ സംഘടനകളും ഒപ്പു ശേഖരിച്ച് കേന്ദ്ര സര്‍ക്കാറിന് എത്തിക്കുന്ന തിരക്കിലാണ്. അതിനിടയില്‍ ഉണ്ടാവുന്ന ചില അപസ്വരങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ല. വലിയ ശക്തി ഇതിനെതിരെ എതിര്‍പ്പുമായി മുന്നോട്ടു പോകുമ്പോള്‍ ചെറിയ വിഭാഗത്തിന്റെ എതിര്‍പ്പില്‍ പ്രസക്തിയില്ല. ഈ വിഷയത്തില്‍ മുസ്‌ലിം ലീഗിനെയല്ല പേഴ്‌സണല്‍ ലോബോര്‍ഡിനാണ് സംഘടനകള്‍ പിന്തുണ നല്‍കേണ്ടത്. പേഴ്‌സണല്‍ ലോബോര്‍ഡാണ് ഇത് കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നതെന്നും മുസ്‌ലിംലീഗ് ഇതിനൊപ്പമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

chandrika: