X

മറക്കാനാവില്ല ബെലോ

ബെലോ ഹോറിസോണ്ട എന്ന് പറയുമ്പോള്‍ ഓര്‍മയിലേക്ക് ഓടി വരുന്നത് 2014 ജൂലൈ എട്ടാണ്. മിനാറോ സ്‌റ്റേഡിയത്തില്‍ കരഞ്ഞ് മടുത്ത ബ്രസീലുകാരെയും… നല്ല മഴയുള്ള ആ ദിവസം രാവിലെ ബസ് മാര്‍ഗം സാന്‍ജോസില്‍ നിന്നും എട്ട് മണിക്കൂര്‍ യാത്ര-ബെലോയിലേക്ക്. അവിടെ നിന്നും ടാക്‌സിയില്‍ സ്‌റ്റേഡിയത്തിലേക്ക്. അത്യഹ്ലാദത്തില്‍ മഞ്ഞ പുതച്ച എസ്റ്റാഡിയോ മിനാറോയെ ഒന്നര മണിക്കൂര്‍ കൊണ്ട് ജര്‍മന്‍കാര്‍ കണ്ണീര്‍കടലാക്കിയപ്പോള്‍ അടുത്ത ദിവസമിറങ്ങിയ റിയോ ടൈംസിന്റെ ഒന്നാം പേജില്‍ വാര്‍ത്തകളൊന്നുമുണ്ടായിരുന്നില്ല-കേവലം ഏഴ് പന്തുകള്‍ മാത്രം…! ബ്രസീലിലെ പ്രേതഭൂമി എന്നാണ് ബെലോയെ എല്ലാവരും വിശേഷിപ്പിച്ചത്….

ലോകകപ്പിന്റെ റിപ്ലിക്കയെ കെട്ടിപ്പിട്ച്ച് മിനാറോ സ്‌റ്റേഡിയത്തില്‍ പൊട്ടിക്കരഞ്ഞ ആ കപ്പടാമീശക്കാരനെ ആരും മറക്കില്ല. ഇന്ന് അതേ വേദിയില്‍ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍… ആ ഇരമ്പം ഇവിടെ കേള്‍ക്കാം. ബാര്‍സയില്‍ ഒപ്പം കളിക്കുന്ന, കെട്ടിപ്പിടിക്കുന്ന സാക്ഷാല്‍ മെസിയും നെയ്മറും അല്‍പ്പകാലത്തിന് ശേഷം ഇരു ചേരികളില്‍… ഉഗ്രന്‍ ഫോമിലാണ് ബ്രസീല്‍. റിയോ ഒളിംപിക്‌സിന് ശേഷം. ഇന്നലെ മെയില്‍ വഴി ബ്രസീല്‍ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോള്‍ പലരും ബെലോയിലെത്തിയിരിക്കുന്നു. ചര്‍ച്ചുകളില്‍ പ്രാര്‍ത്ഥന നടത്തുകയാണ് പലരും.

ജര്‍മനിയോട് ലോകകപ്പ് സെമിയിലേറ്റ തോല്‍വി പാടെ മറക്കാന്‍ ഇന്ന് ബദ്ധവൈരികളായ അര്‍ജന്റീനയെ അവര്‍ക്ക് തോല്‍പ്പിക്കണം. ലോകകപ്പ് ദുരന്തത്തിന് സാക്ഷികളായവരില്‍ മാര്‍സിലോ, ഫെര്‍ണാണ്ടിഞ്ഞോ, പൗലിഞ്ഞോ എന്നിവര്‍ ഇന്ന് കളിക്കുമെന്നാണ് കരുതുന്നത്. യുവതാരങ്ങളില്‍ ഗബ്രിയേല്‍ ജിസസിലാണ് നാട്ടുകാരുടെ പ്രതീക്ഷ. ഒളിംപിക്‌സില്‍ അരങ്ങ് തകര്‍ത്തവരെല്ലാം ഒരുമിക്കുമ്പോള്‍ വ്യക്തമായ സാധ്യതയും നെയ്മറിന്റെ പടക്ക് തന്നെ. ബെലോയില്‍ പ്രേതമില്ലെന്ന് തെളിയിക്കപ്പെട്ടാല്‍ ബ്രസീലിന്റെ സന്തോഷം പറഞ്ഞറിയിക്കേണ്ടി വരില്ല

chandrika: