ഡോ. കെ. വി. ഗംഗാധരന്‍
സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്
ഓങ്കോളജി വിഭാഗം
കോഴിക്കോട് ആസ്റ്റര്‍ മിംസ്.
വീണ്ടും ഒരു റമസാന്‍ കാലം കൂടി പിന്നിടുമ്പോള്‍ ഹൈദരലി ശിഹാബ് തങ്ങളുടെ തെളിച്ചമുള്ള ഓര്‍മ്മകള്‍ വേദനപോലെ കടന്ന് വരികയാണ്. 2021ലെ റമദാന്‍ കാലത്തിന് തൊട്ട് മുന്‍പാണ് ഹൈദരലി ശിഹാബ് തങ്ങള്‍ അസുഖബാധിതനായി കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തുന്നത്. ഇതിന് മുന്‍പ് രണ്ട് തവണ അദ്ദേഹം സങ്കീര്‍ണ്ണമായ രോഗാവസ്ഥകളെ അതിജീവിച്ച് കഴിഞ്ഞ വ്യക്തിയാണ്. തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടായതിനെ തുടര്‍ന്ന് സംഭവിച്ച ഗുരുതരമായ രോഗാവസ്ഥയാണ് ആദ്യം അദ്ദേഹത്തെ കീഴടക്കിയത്. എന്നാല്‍ രോഗത്തിന്റെ ഗുരുതരാവസ്ഥയെ കീഴടക്കി ജീവിതത്തിലേക്ക് തിരികെയെത്തുവാന്‍ അന്ന് അദ്ദേഹത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിന് സാധിച്ചു. ന്യൂഡല്‍ഹിയിലെ എയിംസില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തുകയും ചെയ്തു.
പിന്നീട് 2019 ഫെബ്രവരി മാസം വീണ്ടും അസുഖബാധിതനായി. ഇത്തവണയും തലച്ചോറിന് തന്നെയായിരുന്നു അസുഖം ബാധിച്ചത്. രണ്ട് ഭാഗങ്ങളിലുമായി രക്തം കട്ടപിടിച്ചിരിക്കുന്ന അവസ്ഥയായിരുന്നു എന്ന് ന്യൂറോ സര്‍ജന്‍ ഡോ. നൗഫല്‍ ബഷീര്‍ സൂചിപ്പിച്ചതോര്‍ക്കുന്നു. ശസ്ത്രക്രിയ മാത്രമായിരുന്നു മാര്‍ഗ്ഗം. അദ്ദേഹം ഡോക്ടര്‍മാര്‍ക്ക് പൂര്‍ണ്ണ വിധേയനായി കിടന്ന് കൊടുത്തു. ശസ്ത്രക്രിയയിലൂടെ വീണ്ടും അദ്ദേഹത്തെ ജീവിതത്തിലേക്കെത്തിക്കുവാന്‍ സാധിച്ചു.
അടുത്ത വരവ് 2021 ഏപ്രില്‍ മാസത്തിലായിരുന്നു. നേരത്തെ ബാധിച്ച അസുഖങ്ങളുടെ ഭാഗമായിരിക്കുമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ വിദഗ്ദ്ധ പരിശോധനയില്‍ അതല്ല, കാന്‍സറാണെന്ന് നിര്‍ണ്ണയിക്കപ്പെട്ടു. കുറച്ചധികം സങ്കീര്‍ണ്ണമായിരുന്നു അവസ്ഥ. ചികിത്സാപരമായ തീരുമാനം പൂര്‍ണ്ണമായും അദ്ദേഹത്തിനും കുടുംബത്തിനും വിട്ടുകൊടുത്തു. ലോകത്തെവിടെ വേണമെങ്കിലും കൊണ്ടുപോയി ചികിത്സിക്കാനുള്ള സാഹചര്യങ്ങളും സൗകര്യങ്ങളുമെല്ലാം അദ്ദേഹത്തിനുണ്ട്. പക്ഷെ ഇവിടെ മതി, ആസ്റ്റര്‍ മിംസില്‍ മതി എന്ന ഒറ്റ വാക്കേ അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടായിരുന്നുള്ളൂ.
ചികിത്സ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിനകം തന്നെ വിവരം മാധ്യമങ്ങള്‍ മണത്തറിഞ്ഞു. ദിവസേനയുള്ള അന്വേഷണങ്ങള്‍ പിന്നീട് മണിക്കുറുടെ തുടര്‍ച്ചയിലേക്ക് വര്‍ദ്ധിച്ചു. ഇടയ്ക്ക് വ്യാജവാര്‍ത്തകള്‍ ഇറങ്ങുകയും അവയുടെ സത്യാവസ്ഥയ്ക്ക് മറുപടി പറയുകയും ചെയ്യേണ്ടി വന്നു. പക്ഷെ ഞങ്ങള്‍ ജാഗരൂഗരായിരുന്നു. നിര്‍വ്വഹിക്കാന്‍ സാധിക്കുന്ന ചികിത്സകളെല്ലാം ഫലപ്രദമായി തന്നെ നിര്‍വ്വഹിച്ചു. അത്ഭുതാവഹമായിരുന്നു ഫലം. അതീവഗുരുതരാവസ്ഥയെ തരണം ചെയ്ത് അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വന്നു.
ഈ ചികിത്സാ കാലയളവിനിടയില്‍ ഒരിക്കല്‍ പോലും എന്തെങ്കിലും കാര്യത്തിന് അസ്വസ്ഥനാവുകയോ, ദേഷ്യപ്പെടുകയോ, പ്രത്യേക പരിഗണന ആവശ്യപ്പെടുകയോ ഒന്നും തന്നെ അദ്ദേഹം ചെയ്തില്ല. പക്ഷെ ഒടുവില്‍ നോമ്പ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുന്‍പ് മാത്രം അദ്ദേഹം ഒരു കാര്യം ആവശ്യപ്പെട്ടു.
‘എനിക്ക് വീട്ടില്‍ പോകണം, ഈ വര്‍ഷത്തെ നോമ്പ് വീട്ടില്‍ തന്നെ പൂര്‍ത്തിയാക്കണം’എനിക്കും രണ്ട് തവണ ആലോചിക്കേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. ആ നോമ്പ്കാലം വരെ അദ്ദേഹം ജീവിച്ചിരിക്കുമോ എന്ന് പോലും ആശങ്കപ്പെട്ടവര്‍ക്ക് മുന്നില്‍ ഉന്മേഷത്തോടെ, ആത്മവിശ്വാസത്തോടെ അദ്ദേഹം വീട്ടിലേക്ക് തിരിച്ചു. ആ നോമ്പ് കാലവും അദ്ദേഹം സന്തോഷത്തോടെ പൂര്‍ത്തീകരിക്കുകയും ചെയ്തു.
അതീവ ഗുരുതരമായ അവസ്ഥകളെ മൂന്ന് തവണ തരണം ചെയ്തെങ്കിലും ഈവര്‍ഷത്തെ നോമ്പ്കാലമെത്തുമ്പോള്‍ നമ്മോടൊപ്പം അദ്ദേഹമില്ല എന്ന ദുഖം വല്ലാതെ വേട്ടയാടുന്നുണ്ട്. എങ്കിലും ദൈവിക ചൈതന്യമുള്ള ആ സാന്നിദ്ധ്യവും സൗമ്യതയുടെ ഗാംഭീര്യം തുളുമ്പുന്ന ആ വാക്കുകളും നമുക്കിടയില്‍ എന്നുമുണ്ടാകുമെന്ന ഉറപ്പ് ഇപ്പോഴും മനസ്സില്‍ ബാക്കി നില്‍ക്കുന്നു.