X

‘മന്നാര്‍ഗുഡി മങ്ക’യും തമിഴകത്തെ ബി.ജെ.പിയും

കെ.പി ജലീല്‍

യലളിതയുടെ തിരോധാനം തീര്‍ത്ത ശൂന്യതയില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങളിലാണ് വാര്‍ത്താലോകം. രാജാജി ഹാളിലെ ജയയുടെ ഭൗതിക ശരീരത്തിനടുത്തുവെച്ച് തോഴി ശശികലയുടെ തലയിലും തോളിലും തലോടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മരണത്തില്‍ സാന്ത്വനം പ്രകടിപ്പിച്ചത്. സാധാരണ ഗതിയില്‍ ഒരു പ്രധാനമന്ത്രി ഇങ്ങനെ ചെയ്യാറില്ല. ഇതിനുപിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രം ഒളിപ്പിച്ചിരിപ്പുണ്ടെന്നാണ് പലരും കരുതുന്നത്.

 

കേന്ദ്ര മന്ത്രിയും മുന്‍ പാര്‍ട്ടി വൈസ് പ്രസിഡണ്ടുമായ വെങ്കയ്യ നായിഡു നേരത്തെ തന്നെ ജയയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ്. കഴിഞ്ഞ മൂന്നു ദിവസമായി അദ്ദേഹം ചെന്നൈയില്‍ കരുക്കള്‍ നീക്കുന്നു. മുമ്പും പലപ്പോഴും പ്രധാന മന്ത്രിക്കുപകരം വെങ്കയ്യ നായിഡുവാണ് തമിഴ്‌നാട്ടില്‍ മോദിയുടെ ദൂതുമായി എത്തിയിരുന്നത്. രാജ്യസഭയില്‍ 11 അംഗങ്ങളുള്ള അണ്ണാ ഡി.എം.കെയുടെ പിന്തുണ സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ഭരണകക്ഷിക്ക് പ്രാധാന്യമുള്ളതാണ്. നോട്ട് അസാധുവാക്കിയതിനെതിരെയും മറ്റും അണ്ണാ ഡി.എം.കെ അംഗങ്ങള്‍ സര്‍ക്കാരിനെതിരെ കാര്യമായി ബഹളം വെച്ചില്ല. ചരക്കുസേവന നികുതിയുടെ കാര്യത്തിലും പാര്‍ട്ടിയുടെ വലിയ പ്രതിഷേധമുണ്ടായില്ല.

 

ജയലളിത ഈ സമയത്ത് ആസ്പത്രിയിലായിരുന്നുവെന്നത് കണക്കിലെടുത്താലും മമതയോ മായാവതിയോ കെജ്‌രിവാളോ പ്രകടിപ്പിച്ച പ്രതിഷേധം അണ്ണാഡി.എം.കെ ഉയര്‍ത്തിയില്ല എന്നതും ബി.ജെ.പിയെ സന്തോഷിപ്പിക്കുന്ന ഘടകങ്ങളാണ്. പാര്‍ലമെന്റിലെ പിന്തുണയാവും ബി.ജെ.പി ആവശ്യപ്പെടുന്നത്. ഇതിനിടയിലാണ് ജയയുടെ മരണവും ശശികലയെയും മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെയും വരുതിയിലാക്കാനുള്ള ശ്രമവും. ഇതിന് ഇരുവരും വഴങ്ങിക്കൊടുക്കുമോ എന്ന് പറയേണ്ടത് വരാനിരിക്കുന്ന രാഷ്ട്രീയ കരുനീക്കളാണ്.

 

ഇത് പരാജയപ്പെട്ടാല്‍ ലോക്‌സഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈയെ കയ്യിലെടുക്കാന്‍ ബി.ജെ.പി അവസാന കളി കളിക്കുമോ എന്നാണ് അറിയേണ്ടത്. അതിന് പക്ഷേ നിന്നുകൊടുത്താല്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഒരുവിധ അടിത്തറയുമില്ലാത്ത സംസ്ഥാനത്ത് അവര്‍ക്ക് തന്നെ വ്യക്തിപരമായി വലിയ തിരിച്ചടിയാകും നേരിടേണ്ടിവരിക. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രു മിത്രങ്ങളില്ല. മുമ്പ് ശശികലയെ പാര്‍ട്ടിയില്‍ നിന്ന് ജയലളിത പുറത്താക്കിയതിനു പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, അനധികൃത സ്വത്തു സമ്പാദനക്കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതുവെച്ചും ബി.ജെ.പി ശശികലയെയും കൂട്ടരെയും വിരട്ടിക്കൂടായ്കയില്ല.

 
പനീര്‍ശെല്‍വവും ശശികലയും തമ്മില്‍ നല്ല ആത്മബന്ധമാണുള്ളതെന്നാണ് കേള്‍വി. ‘ശശികലയുടെ ആളെ’ന്ന് പാര്‍ട്ടിയില്‍ വിളിപ്പേരുള്ള ആളാണ് ‘ഒ.പി’. തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പാര്‍ട്ടിയുടെ ശക്തിദുര്‍ഗമായി നിലകൊള്ളുന്ന തേവര്‍ സമുദായത്തിന്റെ പ്രതിനിധികളാണ് ഇരുവരും. അണ്ണാ ഡി.എം.കെയില്‍ നിന്ന് കുറച്ചു പേരെ ബി.ജെ.പി പിടിച്ചാല്‍ തന്നെയും ബി.ജെ.പി അനുകൂല പക്ഷത്തിന് ഇപ്പോഴൊരു സര്‍ക്കാരുണ്ടാക്കാനാവില്ല. അപ്പോള്‍ തല്‍കാലത്തേക്കെങ്കിലും വെറുതെയിരിക്കാനാവും അവര്‍ ശ്രമിക്കുക. അതേസമയം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുസമയത്ത് വിമതരെ വെച്ച് തെരഞ്ഞെടുപ്പില്‍ പരമാവധി നേട്ടം കൊയ്യാനാവും ബി.ജെ.പിയുടെ ശ്രമം.

 

നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറായാല്‍ ഡി. എം.കെ ഭൂരിപക്ഷം നേടുമെന്ന ഭയം ബി.ജെ.പിക്കുണ്ട്. എം.ജി.ആര്‍ മരണപ്പെട്ട ശേഷം അണ്ണാ ഡി.എം.കെ തമ്മില്‍ തല്ലിയ 1989ല്‍ ഡി.എം.കെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നുവെന്ന കാര്യം ഓര്‍ക്കണം. 1991ല്‍ ഇരുപക്ഷവും ഒരുമിച്ച ശേഷമായിരുന്നു ജയ ആദ്യ മുഖ്യമന്ത്രിയായി പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയത്. ഈ സന്ദേശം ജയയുടെ പിന്‍ഗാമികളും ഭൈമീകാമുകന്മാരും തിരിച്ചറിയുമോ അതോ കേവല നേട്ടത്തിനായി ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യത്തെ ഒറ്റിക്കൊടുക്കുമോ എന്ന് കാത്തിരുന്നുകാണാം.

 

2014ലെ തിരഞ്ഞെടുപ്പില്‍ തനിച്ചുനിന്നിട്ടുപോലും ലോക്‌സഭയിലേക്ക് 39ല്‍ 37 പേരെയും ജയിപ്പിക്കാന്‍ ജയലളിതയുടെ പാര്‍ട്ടിക്ക് കഴിഞ്ഞു. ഡി.എം.കെ മന്ത്രി രാജയുടെയും എം.പി കനിമൊഴിയുടെയും ടുജി സ്‌പെക്ട്രമടക്കമുള്ള കോടികളുടെ അഴിമതികളാണ് ഇതിനു നിദാനമായത്. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ 134 നിയമസഭാംഗങ്ങളാണ് 227 അംഗ സഭയില്‍ എ.ഐ. എ.ഡി.എം.കെക്കുള്ളത്. ഡി.എം.കെക്ക് 89ഉം കോണ്‍ഗ്രസിന് എട്ടും മുസ്്‌ലിം ലീഗിന് ഒന്നും.

 
പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂരിനടുത്ത തിരുവാരൂരിലെ വണിക് മാഫിയ എന്നറിയപ്പെടുന്ന മന്നാര്‍ഗുഡി കുടുംബാംഗമാണ് വി.എന്‍ ശശികല. മൂന്നര പതിറ്റാണ്ടായി അന്തരിച്ച മുഖ്യമന്ത്രി ജെ. ജയലളിതയുടെ കൂട്ടുകാരിയായ ശശികലയിലൂടെയാണ് മുഖ്യമന്ത്രി പദം തട്ടിയെടുക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നുവെന്ന അഭ്യൂഹമുണ്ട്. പുതിയ മുഖ്യമന്ത്രിയായി ഒ. പനീര്‍ശെല്‍വത്തെ തെരഞ്ഞെടുത്തെങ്കിലും ജയലളിതയെ പിന്തുണച്ചുവന്ന വന്‍ അനുയായി വൃന്ദം ശശികലക്ക് അനുകൂലമായി കൂറുമാറിയിരിക്കുകയാണെന്നാണ് ചെന്നൈയില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍. പനീര്‍ശെല്‍വം മുഖ്യമന്ത്രിപദത്തിലിരുന്നാല്‍ തന്നെയും ശശികലയായിരിക്കും തല്‍കാലത്തേക്ക് സര്‍ക്കാരിനെ പിന്നില്‍ നിന്ന് നയിക്കുക എന്നാണ് സൂചനകള്‍.

 

ജയലളിത മരിക്കുമ്പോഴും വിലാപയാത്രയിലുമെല്ലാം ശശികലയുടെയും മണ്ണാര്‍ഗുഡി കുടുംബത്തിന്റെയും ശക്തമായ സാന്നിധ്യമാണ് ലോകം കണ്ടത്. ജയ ടി.വി തന്നെ ശശികലയിലേക്ക് കൂടുതല്‍ സമയവും ചാനല്‍ ക്യാമറ തിരിച്ചുവെച്ചുവെന്നതും ചൂണ്ടുപലകയായി കാണണം. വൈകാതെ തന്നെ ജയയുടെ മരണത്തിലൂടെ ഒഴിച്ചിട്ട പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദം ശശികല ഏറ്റെടുത്തേക്കും.

 
സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ താല്‍കാലിക ജീവനക്കാരന്‍ മാത്രമായിരുന്നു ജയലളിതയുടെ ഗുരുവായ എം.ജി രാമചന്ദ്രന്റെ കാലത്ത് ശശികലയുടെ ഭര്‍ത്താവ് നടരാജന്‍. എം.ജി.ആര്‍ വഴിയാണ് ജയലളിതക്ക് ഭാര്യ ശശികലയെ പരിചയപ്പെടുത്തുന്നത്. സ്വന്തമായി കുടുംബമോ ബന്ധുക്കളോ ഇല്ലാതിരുന്ന ജയ ശശികലയുമായുള്ള ബന്ധത്തിലൂടെയാണ് ഏകാന്തതയെ അകറ്റിയിരുന്നത്. അക്കാലത്ത് സ്റ്റുഡിയോ നടത്തിയിരുന്ന ശശികലക്കായിരുന്നു ജയലളിതയുടെ പാര്‍ട്ടി പ്രചാരണത്തിന്റെ വീഡിയോഗ്രാഫിയുടെ ചുമതല.

 

താന്‍ പോകുന്നിടത്തൊക്കെ തടിച്ചുകൂടുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ നന്നായി പകര്‍ത്തിയതില്‍ മതിപ്പുതോന്നിയാണ് ശശികലയെ ജയക്കു സ്വീകാര്യയാകുന്നത്. ഒരവസരത്തില്‍ എം.ജി.ആറുമായുള്ള അടുത്ത ബന്ധം മണത്തറിഞ്ഞ് ശശികലയെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനും ജയ ശ്രമിച്ചതായി വിശ്വസ്ത കേന്ദ്രങ്ങള്‍ പറഞ്ഞിട്ടുണ്ട്. ജയയുമായുള്ള അടുത്ത ബന്ധം ശശികലയും ഭര്‍ത്താവ് നടരാജനും നല്ലവണ്ണം മുതലെടുക്കുന്നതായി പാര്‍ട്ടിയിലെ പലരും ആദ്യ കാലത്ത് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും സ്വന്തം അമ്മക്ക് തുല്യമാണ് ശശികലയെന്ന ജയലളിതയുടെ പ്രസ്താവം ഇവരെയൊക്കെ അകറ്റി നിര്‍ത്തുകയായിരുന്നു.

ശശികലയുടെ മകനും കുടുംബവും ജയയുടെ മൃതദേഹത്തിന് സമീപം മുഴുവന്‍ സമയവും നിലയുറപ്പിച്ചതും ജയയുടെ അന്ത്യകര്‍മങ്ങള്‍ ശശികല തന്നെ നിര്‍വഹിച്ചതും എതിരാളികള്‍ക്കുള്ള കനത്ത പ്രഹരമായി. 1996ലും 2011ലും പാര്‍ട്ടിയില്‍ നിന്നും ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനില്‍ നിന്നും പുറത്താക്കപ്പെട്ട നടരാജനും ശശികലയും കൂട്ടരും രണ്ടു തവണയും ജയക്കെതിരെ തിരിഞ്ഞില്ല എന്നത് ഇവരുടെ കുശാഗ്ര ബുദ്ധിക്ക് തെളിവായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ശശികലയുമായുള്ള ബന്ധം വേര്‍പെടുത്തുന്നത് ജയലളിതക്കും വലിയ പ്രയാസമായിരുന്നുവെന്നത് വേറെ കാര്യം. ഒരു അഭിമുഖത്തില്‍ ജയ തന്നെ ഇക്കാര്യം സംബന്ധിച്ച ചോദ്യത്തിന് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.

‘ശശികലയുടെ നേര്‍ക്കുള്ള വിമര്‍ശനങ്ങളും ആരോപണങ്ങളുമെല്ലാം താനുമായി അവര്‍ക്കുള്ള അടുപ്പം കാരണമാണ്’. ജയലളിതയുടെ ഈ വാക്കുകള്‍ 1992ലായിരുന്നുവെന്ന് ഓര്‍ക്കണം. അതിനുശേഷമാണ് രണ്ടുതവണ അവരെ പുറത്താക്കിയത്. ഒരര്‍ഥത്തില്‍ പാര്‍ട്ടിയിലെ ഏതിരാളികളെ സാന്ത്വനപ്പെടുത്തുന്നതിനുവേണ്ടിയാണ് ജയ ഇങ്ങനെ ചെയ്തതെന്ന് ചിന്തിക്കുന്നവരുമുണ്ട്.

 

ജയയുടെ ശൂന്യത തളം കെട്ടിനില്‍ക്കുന്ന പോയസ് ഗാര്‍ഡനിലും തമിഴ് സര്‍ക്കാരിലും ദ്രാവിഡ രാഷ്ട്രീയത്തിലുമെല്ലാം തനിക്ക് അപ്രമാദിത്തമുണ്ടെന്ന് തന്നെയാണ് ശശികലയുടെ പെരുമാറ്റത്തിലൂടെ കാണാനാവുന്നത്. എ.ഐ.എ.ഡി.എം.കെക്കും പാര്‍ട്ടി നേതാക്കള്‍ക്കും ജയയുടെ മുന്നില്‍ ചിന്ന അമ്മയാണ് ശശികല. ഈ പദവി ഉപയോഗിച്ച് അവര്‍ അധികാരം പിടിക്കുമോ എന്ന് തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

 

ഇനി ശശികലക്ക് താല്‍പര്യമില്ലെങ്കില്‍ തന്നെയും അവരുടെ സില്‍ബന്ധികളും നടരാജനും വെറുതെയിരിക്കുമെന്ന് തോന്നുന്നില്ല. കച്ചവട തന്ത്രം നടരാജനെയും മറ്റും സംസ്ഥാനത്തെ അധികാരകൊത്തളങ്ങളിലേക്ക് മാടിവിളിക്കുക തന്നെ ചെയ്യും. നടരാജനും ശശികലക്കും മക്കള്‍ക്കുമൊപ്പം മറ്റ് കുടുംബാംഗങ്ങളായ ഇളവരശി, മകന്‍ വിവേക്, ഡോ. വെങ്കടേഷ്, ഡോ. ശിവകുമാര്‍ എന്നിവരെല്ലാം ജയയുടെ ഭൗതിക ശരീരത്തിന് തൊട്ടടുത്ത് ഏറെ നേരം നിലകൊണ്ടു എന്നത് കാണാതിരുന്നുകൂടാ. ജയയുടെ ദത്തുപുത്രന്‍ സുധാകരനെ എവിടെയും കാണാനില്ല എന്നതും ഏറെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.

chandrika: