തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനത്തിന് പാത്രമായ ആരോഗ്യ മന്ത്രി കെ.കെ ശൈലജ രാജിവെക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് അഞ്ച് എം.എല്‍.എമാര്‍ നിയമസഭ കവാടത്തിനുമുന്നില്‍ അനിശ്ചിതക്കാല സത്യഗ്രഹം ആരംഭിച്ചത്. കോടതി വിധിയില്‍ രൂക്ഷമായ വിമര്‍ശനമുണ്ടായിട്ടും മന്ത്രിസഭയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മന്ത്രി ഇതുവരെ കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോടതി അതിരൂക്ഷമായി വിമര്‍ശിക്കുകയും വിധി പുറപ്പെടുവിക്കുകയും ചെയ്തിട്ടും മന്ത്രി രാജിവെക്കാത്തത് ജനാധിപത്യ വിശ്വാസത്തില്‍ പുലര്‍ത്തേണ്ട മൂല്യബോധവും ധാര്‍മികതയും നഷ്ടമായതുകൊണ്ടാണ്.
കോടതിയില്‍നിന്നും ചെറിയ പരാമര്‍ശം ഉണ്ടായിട്ടും കെ.പി വിശ്വനാഥനും കെ.എം മാണിയുമൊക്ക രാജിവെച്ചിരുന്നു. ഇവിടെ കോടതി വിധിയില്‍ തന്നെ വിമര്‍ശിച്ചിട്ടും മന്ത്രി രാജിവെക്കുന്നില്ല. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും മന്ത്രി കാട്ടിയെന്നാണ് കോടതി വിധി. പക്ഷേ മന്ത്രിയെ പുറത്താക്കുന്നതിനുപകരം കോടതിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് മന്ത്രിയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇതുപോലൊരു വിധി കോടതിയില്‍നിന്നും ഒരിക്കലും ഉണ്ടായിട്ടില്ല. കോടതി പരാമര്‍ശം മാറ്റിക്കിട്ടാന്‍ കോടതിയെ സമീപിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വീണ്ടും കോടതിയില്‍ പോയാല്‍ ഇതിലും വലിയ തിരിച്ചടി കിട്ടും. ആറ് ഒഴിവുകളിലേക്ക് 103 പേരുടെ അപേക്ഷ കിട്ടിയിട്ടും ജില്ലാ പ്രാതിനിധ്യത്തിന്റെ പേരിലാണ് വീണ്ടും അപേക്ഷ ക്ഷണിച്ചത്. ഇതിനെയാണ് കോടതി വിമര്‍ശിച്ചത്. മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണ്. കുട്ടികളെ കൊല്ലുന്ന കംസന്‍ മാത്രം ചെയ്യുന്ന കാര്യമാണ് മന്ത്രി ചെയ്തത്. ഡി.ജി.പിയും ബാലാവകാശ കമ്മീഷനംഗമായി നിയമിച്ച സുരേഷിനെതിരെ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് വാസ്തവവിരുദ്ധവും സഭയെ തെറ്റിദ്ധരിപ്പിക്കലുമാണ്. അഡീഷണല്‍ അഡ്വ. ജനറല്‍ ഹൈക്കോടതിയില്‍ ഹാജരായതാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിന് പുറത്താക്കപ്പെട്ട വയനാട് ചൈല്‍ഡ് ഡെവലപ്മെന്റ് കമ്മിറ്റിയിലെ അംഗമായിരുന്നയാളെയാണ് മന്ത്രി ബാലാവകാശ കമ്മീഷന്‍ അംഗമാക്കിയത്. ഇയാള്‍ പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ടുപോയതുള്‍പ്പെടെ ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇതിന് കൂട്ടുനിന്ന മന്ത്രിക്ക് ധാര്‍മികമായി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ പ്രശ്നവും വഷളാക്കിയത് മന്ത്രിയാണ്. 85 ശതമാനം എം.ബി.ബി.എസ് സീറ്റില്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെ പ്രവേശനം നടത്താന്‍ അവസരം ലഭിച്ചിട്ടും വിഷയം പ്രതിസന്ധിയിലെത്തിച്ചത് മന്ത്രിയുടെ കഴിവുകേടാണ്. ഇപ്പോള്‍ ആയിരക്കണക്കിന് കുട്ടികളുടെ ഭാവി മുള്‍മുനയിലാണ്. ഇതേ സമീപനമാണ് ബാലവകാശ കമ്മീഷന്‍ നിയമനത്തിലും മന്ത്രിയില്‍നിന്നും ഉണ്ടായത്. മന്ത്രി ശൈലജയയെയും കായലും ഭൂമിയും അനധികൃതമായി കയ്യേറിയ മന്ത്രി തോമസ് ചാണ്ടിയെയും പി.വി.അന്‍വര്‍ എം.എല്‍.എയെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രി ഇവരെ സംരക്ഷിച്ചാലും ജനകീയ കോടതിയില്‍ രക്ഷപ്പെടാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡോ.എം.കെ മുനീര്‍, അനൂപ് ജേക്കബ്, ഷാഫി പറമ്പില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
- 7 years ago
chandrika
Categories:
Video Stories