തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശന വിവാദത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സി.പി.എം സെക്രട്ടറിയേറ്റില്‍ രൂക്ഷമായ വിമര്‍ശനം. ക്ഷേത്രദര്‍ശന വിവാദവും ഇതേതുടര്‍ന്നുണ്ടായ വിവാദങ്ങളും മന്ത്രി ക്ഷണിച്ചുവരുത്തിയതാണെന്നും സി.പി.എം നേതാവെന്ന നിലയില്‍ മന്ത്രിയുടെ നടപടി പാര്‍ട്ടി തത്വങ്ങളുടെ ലംഘനമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. എന്നാല്‍, വിഷയത്തില്‍ മന്ത്രി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്തു വഷളാക്കാന്‍ സെക്രട്ടറിയേറ്റ് ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നേതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും നിര്‍ദേശം നല്‍കി. ബി.ജെ.പി അടക്കമുള്ളവര്‍ വിഷയം മുതലെടുക്കുന്ന സാഹചര്യം കാണണമെന്നും വിവാദങ്ങള്‍ ഒഴിവാക്കണമെന്നും കോടിയേരി നിര്‍ദേശിച്ചു.
എന്തിനും വിവാദങ്ങള്‍ കണ്ടെത്തുന്ന ഒരു രീതി പൊതുവേ മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധരും ശത്രുക്കളും മന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയതു സി.പി.എമ്മിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ബോധപൂര്‍വം വിമര്‍ശിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്തു കൂടുതല്‍ വിവാദങ്ങളിലേക്കു പോകാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെതിരെ വിശദമായ ചര്‍ച്ച സെക്രട്ടറിയേറ്റില്‍ നടന്നില്ലെങ്കിലും യോഗത്തില്‍ പങ്കെടുത്ത ആരും അദ്ദേഹത്തെ ന്യായീകരിച്ചില്ല. എം.വി ഗോവിന്ദനും മന്ത്രി എ.കെ ബാലനും കടകംപള്ളിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇതിനുശേഷമാണു കോടിയേരി ഇടപെട്ടു വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ഒഴിവാക്കിയത്.
വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്ന മന്ത്രിയുടെ വിശദീകരണത്തിലെ കുറ്റസമ്മതം കണക്കിലെടുക്കണമെന്നും പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇത്തരം സംഘടനാ വിരുദ്ധ പ്രവണതകള്‍ അവിടെ ചര്‍ച്ച ചെയ്തു കൂടുതല്‍ വ്യക്തത വരുത്തുന്നതാകും നല്ലതെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയുടെ നിലപാടിനോടു യോജിച്ചു. ഇതോടെയാണു കടകംപള്ളിക്കെതിരായ ചര്‍ച്ചക്ക് സെക്രട്ടറിയേറ്റില്‍ വിരാമമായത്.
വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നതാകും ഉചിതമെന്ന അഭിപ്രായമാണ് സി.പി.എം സെക്രട്ടറിയേറ്റില്‍ ഉണ്ടായത്. സ്ഥാനാര്‍ത്ഥിയെ 19നോ 20നോ പ്രഖ്യാപിക്കാന്‍ കഴിയണമെന്നാണ് സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത്. ഇതിനായി പാര്‍ട്ടി സെക്രട്ടറി പങ്കെടുത്തുകൊണ്ടുള്ള മലപ്പുറം ജില്ലാ കമ്മിറ്റി യോഗം നാളെ ചേരാനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ ഏരിയാ കേന്ദ്രങ്ങളില്‍ ഈ മാസം 20ന് പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കാനും സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനിച്ചു.