X

മധ്യപ്രദേശില്‍ ഗാന്ധിയുടെ ചിത്രമില്ലാതെ 2000 രൂപാ നോട്ടുകള്‍

ഭോപ്പാല്‍: മഹാത്മാഗാന്ധിയുടെ ചിത്രം പതിയാത്ത 2000 രൂപയുടെ നോട്ടുകളും വിതരണത്തില്‍. മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയില്‍പെട്ട ബിച്ചുഗാവഡിയിലെ കര്‍ഷകര്‍ക്കാണ് ഇത്തരത്തിലുള്ള നോട്ടുകള്‍ ലഭിച്ചത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശുവ്പുരി റോഡ് ശാഖയില്‍ നിന്നാണ് ഗാന്ധിജിയുടെ ചിത്രം പ്രിന്റ് ചെയ്യാത്ത നോട്ടുകള്‍ ഇവര്‍ക്ക് ലഭിച്ചത്. വ്യാജ നോട്ടുകാളാണെന്ന ധാരണയില്‍ പണം ബാങ്കില്‍ മടക്കി നല്‍കിയപ്പോള്‍ യഥാര്‍ത്ഥ നോട്ടുകള്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ബാങ്കില്‍ നിന്ന് മൂന്ന് 2000 ലഭിച്ചതെന്നും വീട്ടിലെത്തിയപ്പോള്‍ മകനാണ് നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമില്ലെന്ന് ശ്രദ്ധയില്‍പ്പെടുത്തിയതെന്നും കര്‍ഷകനായ ലക്ഷമണ്‍ മീണ പറഞ്ഞു. പ്രിന്റിങില്‍ വന്ന പിശകാവാം കാരണമെന്ന് ബാങ്ക് അധികൃതര്‍ വിശദീകരിച്ചു. ഗാന്ധിജിയുടെ ചിത്രത്തിനുള്ള സ്ഥലം നോട്ടില്‍ ഒഴിച്ചിട്ടിട്ടുണ്ടെങ്കിലും അച്ചടിച്ചിട്ടില്ല. ഇത്തരത്തിലുള്ള നോട്ടുകള്‍ ലഭിച്ചത് ഗ്രാമീണരില്‍ ആദ്യം പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാല്‍ പിഴവ് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്നെ നോട്ടുകള്‍ തിരിച്ചെടുത്തതായി ബാങ്ക് മാനേജര്‍ ശ്രാവണ്‍ലാല്‍ മീണ അറിയിച്ചു.

chandrika: