X

മധുരം നിറച്ച് ലിവയില്‍ മത്സരം

ദുബൈ: വേദിയില്‍ മധുരം നിറച്ച് 12ാമത് ലിവ ഇത്തപ്പഴ ഉത്സവത്തിലെ മത്സര വിഭാഗങ്ങള്‍. മത്സരവിധി കാത്ത് ഈത്തപ്പഴം നിറച്ച നൂറുകണക്കിന് ബക്കറ്റുകളാണ് അടുക്കി വെച്ചിരിക്കുന്നത്. പകുതി പാകമായ റബത് മത്സരങ്ങള്‍ തുടങ്ങി വിവിധ ഇനങ്ങളും വിവിധ പാകത്തിലുമുള്ള ഈത്തപ്പഴങ്ങള്‍ കണ്ണിനും നാവിനും ഒരുപോലെ കുളിര്‍മയുണ്ടാക്കും. ആദ്യ ദിനത്തിലെ മത്സരങ്ങളില്‍ 35ഓളം കര്‍ഷകരാണ് പങ്കെടുത്തത്. 105 കിലോ വരെയുള്ള ഈത്തപ്പഴ കുലകള്‍ ആര്‍ക്കും കൗതുകമുണ്ടാക്കും. ഈ ഇനത്തില്‍ വിജയിക്ക് 50,000 ദിര്‍ഹമാണ് സമ്മാനം. വിവിധ പ്രദേശങ്ങളില്‍ കൃഷി ചെയ്ത ഈത്തപ്പനകളില്‍ നിന്നുള്ള പഴങ്ങള്‍ക്കു വേണ്ടിയും മത്സരമുണ്ട്. ഒരു ലക്ഷം മുതല്‍ 5000 ദിര്‍ഹം വരെയാണ് ആദ്യ 15 സ്ഥാനക്കാര്‍ക്ക് സമ്മാനമായി ലഭിക്കുക.

ഉയര്‍ന്ന നിലവാരമുള്ള ഈത്തപ്പഴ ഇനങ്ങളാണ് മത്സരത്തിനെത്തുക. റതബ് ഇനങ്ങളുടെ മത്സരത്തില്‍ വലിപ്പം, നിറം, തൂക്കം, രുചി, കീടനാശിനി മുക്തമാണോ എന്നിവയാണ് പരിശോധിക്കുക. എന്നാല്‍ ഇക്കുറി മത്സരത്തിനെത്തിയ എല്ലാ ഇനങ്ങളും ഒന്നിനൊന്ന് മെച്ചമാണെന്ന് റത്തബ് മത്സരത്തിലെ വിധികര്‍ത്താവായ ഖലീഫ മക്തൂം അല്‍ മസ്രൂയി പറഞ്ഞു. ലിവയില്‍ പ്രസിദ്ധമായ ഇടത്തരം വലിപ്പമുള്ള മധുരമുള്ള പഴമാണ് ദബ്ബ. ആദ്യ പാകമാകുന്നതിനാലാണ് റത്ബ് മത്സരങ്ങളും ഇവ ഉപയോഗിച്ച് നടത്തുന്നതെന്ന് റത്തബ് മത്സര വിധികര്‍ത്താവ് കൂടിയായ ഡോ. ഹസ്സന്‍ ഷഹാന പറഞ്ഞു.

അബുദാബിയില്‍ പുതുതായി വിളവെടുക്കുന്ന ഈത്തപ്പഴങ്ങളുടെ മഹോത്സവം സംഘടിപ്പിക്കുന്നത് അബുദാബി സാംസ്‌കാരിക പരിപാടി, പൈതൃകോത്സവ സമിതിയാണ്. ഈമാറാത്തി പൈതൃകത്തിന്റെ ആഘോഷവും പടിഞ്ഞാറന്‍ മേഖലയുടെ സാമ്പത്തിക മേഖലയിലെ ജനങ്ങള്‍ക്ക് നല്ലൊരു പിന്തുണയും കൂടിയാണ് ഈത്തപ്പഴ മഹോത്സവം. ദശദിന മസ്തരം സമാപിക്കുന്ന ജൂലൈ മ30ന് വിവിധ ഇനങ്ങള്‍ കാഷ് അവാര്‍ഡുകള്‍ക്കായി മാറ്റുരക്കും. മൊത്തത്തില്‍ 6 ദശലക്ഷം ദിര്‍ഹമിന്റെ 220 സമ്മാനങ്ങളാണ് വിതരണം ചെയ്യുക. മികച്ച മാതൃകാ തോട്ടം, മികച്ച പഴക്കൊട്ട, മികച്ച മാങ്ങ, മികച്ച നാരങ്ങ, മികച്ച പാരമ്പര്യ മാതൃക, ഫോട്ടോഗ്രഫി മത്സരങ്ങളും ഉണ്ടാകും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ പഴങ്ങളും യു.എ.ഇയില്‍ നിന്നുള്ളതാകണമെന്ന് നിബന്ധനയുണ്ട്.

chandrika: