X

മത മൈത്രിയുടെ പ്രകാശഗോപുരം

 
ഒരു രാജ്യം അതിന്റെ മഹാനായ പുത്രനെ ഓര്‍ത്തെടുക്കുകയാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ അമ്പാസിഡര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്‌നേഹിക്കുന്ന സര്‍വ്വരേയും കണ്ണീരിലാഴ്ത്തി വിടവാങ്ങിയത ്എട്ടു വര്‍ഷം മുമ്പ് ഇത് പോലെ ഒരു ആഗസ്റ്റ് ഒന്നിനാണ്. 120 കോടിയില്‍ പരം ജനങ്ങളധിവസിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായി ലോകത്തിന് മുന്നില്‍ എക്കാലവും ഉയര്‍ത്തിക്കാട്ടിയ മതേതരത്വവും ജനാധിപത്യവും അപകടകരമായ സന്ധിയെ അഭിമുഖീകരിക്കുന്ന പ്രത്യേക സന്ദര്‍ഭത്തിലാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന മഹിതസ്മരണ രാജ്യം ആഗ്രഹിക്കുന്ന ഒരു ദര്‍ശനമായി വീണ്ടും വന്നണയുന്നത്.
ന്യൂനപക്ഷ ദലിത് വിഭാഗങ്ങള്‍ രാജ്യത്ത് ഫാസിറ്റ് ശക്തികളാല്‍ വേട്ടയാടപ്പെടുന്ന അത്യന്തം ഭീതിദമായ സാഹചര്യത്തില്‍, ഭൂരിഭാഗവും ന്യൂനപക്ഷങ്ങള്‍ സമ്മതിദായകരായ ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലിമെന്റിലെത്തുമ്പോള്‍ സര്‍വ്വ പ്രശ്‌നങ്ങളുടേയും പ്രതിവിധിയായി മുന്നില്‍ തെളിയുന്നതും അത് കൊണ്ട് തന്നെ ശിഹാബ് തങ്ങളുടെ പാതയാണ്. എത്രമേല്‍ പ്രകോപനപരമായ അന്തരീക്ഷത്തിലും സമചിത്തത കൈവെടിയാതെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുക എന്നതാണത്. പ്രാണനു തുല്യമായി സ്്‌നേഹിക്കുന്നതും ജീവവായുപോലെ കൊണ്ടുനടക്കുന്നതുമായ ആശയങ്ങളും അവകാശങ്ങളും വെല്ലുവിളിക്കപ്പെടുമ്പോഴും ‘ആത്മസംയമനം പാലിക്കുക; നീതിയുടെ മാര്‍ഗം തേടുക’ എന്നൊരാഹ്വാനം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളില്‍നിന്നു വന്നുകഴിഞ്ഞാല്‍ അനുയായി വൃന്ദവും അഭ്യുദയകാംക്ഷികളും മാത്രമല്ല പൊതു സമൂഹം തന്നെ ആ നിലപാടിനൊപ്പം നിന്നതാണ് ചരിത്രം.
ദേശീയ രാഷ്ടീയത്തില്‍ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനും രാജ്യത്തിന്റെ പരമോന്നത നിയമ നിര്‍മ്മാണ സഭയില്‍ മര്‍ദ്ദിതരും പീഡിതരുമായ ജനതയുടെ അവകാശങ്ങളുയര്‍ത്തുന്നതിനും മുസ്്‌ലിം ലീഗ് പ്രതിനിധികളുടേയും ജനാധിപത്യ വിശ്വാസികളുടേയും മുന്നിലുള്ള പ്രയോഗ മാതൃകയാണ് ശിഹാബ് തങ്ങള്‍ കാണിച്ചുതന്ന ആ സംയമനത്തിന്റെ നയ, നിലപാടുകള്‍.
കേരളത്തിന്റെ ആത്മീയ, രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഒരു പോലെ ശോഭിച്ചുനിന്ന സൗമ്യ സാനിധ്യമായിരുന്ന പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ അന്തരിച്ച 1975 ല്‍, അദ്ദേഹം വഹിച്ചിരുന്ന പദവിയിലേക്ക്-മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഐകകണേഠ്യന തെരഞ്ഞടുക്കപ്പെട്ടുവരുമ്പോള്‍ ശിഹാബ് തങ്ങള്‍ നല്ല യുവാവാണ്. രാഷ്ട്രീയത്തില്‍ അന്ന് അദ്ദേഹം താരതമ്യേന പുതുമുഖമായിരുന്നു. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്നും കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി നാട്ടില്‍ തിരിച്ചെത്തി, മുഖ്യമായും വിദ്യാഭ്യാസ സാമൂഹിക മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കുകയായിരുന്നു. ഏറനാട് താലൂക്ക് മുസ്‌ലിം ലീഗ് പ്രസിഡന്റ് പദവിയാണ് അന്ന് വഹിച്ചിരുന്നത്. പക്ഷെ മുസ്‌ലിം ലീഗിന്റെ സമുന്നത സാരഥ്യത്തിലേക്ക് മഹാപുരുഷന്‍മാരായ ബാഫഖി തങ്ങളുടേയും പൂക്കോയ തങ്ങളുടേയും പിന്‍ഗാമിയായി കടന്നുവന്ന ശിഹാബ് തങ്ങള്‍ പിന്നീട് ദേശീയ രാഷ്ട്രീയത്തിന്റെ തന്നെ ശ്രദ്ധാ കേന്ദ്രമായി തീരുന്നതാണ് കണ്ടത്.
രാജ്യത്തെ മതമൈത്രിയുടെ പ്രകാശഗോപുരമായി തന്റെ ജീവിത കാലമത്രയും അറിയപ്പെടാനും ശാന്തിയുടെ പ്രഭചൊരിഞ്ഞ് നില്‍ക്കാനും ശിഹാബ് തങ്ങള്‍ക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസവും സൂക്ഷ്മമായ വാക്കുകളും സംശുദ്ധമായ വ്യക്തിത്വവും ആദരണീയമായ തലയെടുപ്പും ആരിലും മതിപ്പുളവാക്കി. ശിഹാബ് തങ്ങള്‍ എന്ന നാമം മുസ്‌ലിം ലീഗിന്റെമാത്രമല്ല മലയാളി പൊതുസമൂഹത്തിന്റെ മൊത്തം അഭിമാന പ്രതീകമായി. ശിഹാബ് തങ്ങളുടെ മാധ്യസ്ഥ്യത്തിലേക്ക് വെച്ചാല്‍ പരിഹരിക്കപ്പെടാത്ത ഒരു പ്രശ്‌നവുമില്ലെന്നായി. പാണക്കാട് കൊടപ്പനക്കല്‍ വസതി ആശ്രയത്തിന്റേയും ആശ്വാസത്തിന്റേയും പ്രശ്‌നപരിഹാരത്തിന്റേയും സങ്കേതമായി പുകള്‍പെറ്റു. ജാതി മത ഭേദമന്യേ, ദരിദ്ര, സമ്പന്ന വ്യത്യാസമില്ലാതെ പണ്ഡിതനോ പാമരനോ എന്നില്ലാതെ ശിഹാബ് തങ്ങളുടെ സാന്ത്വനം തേടിചെന്നു സംതൃപ്തിയോടെ മടങ്ങി.
നാടെങ്ങും അസ്വസ്ഥത പുകഞ്ഞ നിര്‍ണായക ഘട്ടങ്ങളില്‍ രാജ്യവും ഭരണാധികാരികളും ശിഹാബ് തങ്ങളുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു. സംഘര്‍ഷങ്ങളുടേയും കലാപങ്ങളുടേയും തീയണക്കാന്‍ സ്വന്തം ജീവനും ആരോഗ്യവും വകവെക്കാതെ അദ്ദേഹം ഓടിയെത്തി. മത സഹോദര്യത്തിന് പോറലേല്‍ക്കാതിരിക്കാന്‍ ഒരു കാവല്‍പടയാളിയായി ജീവിതം സമര്‍പ്പിച്ച മഹദ് വ്യക്തിത്വമായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.
ചരിത്രത്തിലെ നിരവധി നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ ശിഹാബ് തങ്ങളുടെ ഇടപെടലിലൂടെ ശാന്തി സമാധാനം കൈവരിച്ചതിന്റെ അനുഭവങ്ങളും ഓര്‍മ്മകളും മനസ്സില്‍ വരുന്നു.
അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ ഗോപുരവാതിലിന് ഏതോ സാമൂഹ്യദ്രോഹികള്‍ തീയിട്ട വാര്‍ത്ത മതമൈത്രിക്ക് പേരുകേട്ട മലപ്പുറത്തിന്റെയും സംസ്ഥാനത്തിന്റേയും പൊതുജീവിതത്തില്‍ ആശങ്കയുടെ കാര്‍മേഘങ്ങള്‍ പടര്‍ത്തിയ സംഭവമായിരുന്നു. ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിട്ട് പോലും സംഭവം അറിഞ്ഞയുടന്‍ തങ്ങള്‍ ബന്ധപ്പെട്ടു. ഉടന്‍ തന്നെ ക്ഷേത്ര പരിസരത്തെത്തുക എന്നതായിരുന്നു അപ്പോള്‍ തങ്ങളുടെ നിര്‍ബന്ധം. അങ്ങനെ ജുമുഅ നമസ്‌കാരം കഴിഞ്ഞയുടന്‍ തങ്ങളുമൊത്ത് അങ്ങാടിപ്പുറത്തെ ക്ഷേത്രാങ്കണത്തിലെത്തുമ്പോള്‍ അവിടെ ഒരു വലിയ ജനാവലി തന്നെ തടിച്ചുകൂടിയിരുന്നു. അന്ന് തങ്ങളുടെ സന്ദര്‍ശനം ക്ഷേത്ര പാലകരിലും നാട്ടിലുമുണ്ടാക്കിയ സമാശ്വാസവും സംതൃപ്തിയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ മുഖത്ത് പ്രകടമായിരുന്നു. എന്റെ ചുമലില്‍ കയ്യൂന്നി ക്ഷേത്ര പടവുകള്‍ ഇറങ്ങി വരുന്ന തങ്ങളുടെ ചിത്രം അന്ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് വന്നത് കണ്ടപ്പോള്‍ മനസ്സിലുണ്ടായ വികാരങ്ങള്‍ വിവരണാതീതമാണ്.
രാജ്യം നടുങ്ങിപ്പോയ നാളുകളാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സന്ദര്‍ഭം. അന്ന് മുസ്‌ലിംലീഗ് ഭരണത്തിലാണ്. രാജ്യമെങ്ങും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ ക്രമസമാധാനനില അപകടത്തിലേക്ക് നീങ്ങുമെന്ന് കരുതിയ ഭയാനക നിമിഷങ്ങള്‍. അത്രമാത്രം പ്രക്ഷുബ്ധവും സ്‌ഫോടനാത്മകവുമാണ് അന്തരീക്ഷം. പ്രശ്‌നത്തിന്റെ ആഴവും പരപ്പും പ്രത്യാഘാതങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചര്‍ച്ച പുരോഗമിക്കുകയാണ്. അവിടെവെച്ച് ആദ്യം തന്നെ ശിഹാബ് തങ്ങളെ വിളിച്ചു. ഫോണിന്റെ മുറുതലക്കല്‍ ആദ്യം കേട്ടത് പ്രതിസന്ധിഘട്ടത്തില്‍ വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാവചനങ്ങളായിരുന്നു. തുടര്‍ന്ന് തങ്ങള്‍ പറഞ്ഞു. ‘സമചിത്തത വെടിയണ്ട. വേണ്ടതൊക്കെ ചെയ്‌തോളൂ.’ നാടിന്റെ ചിരപുരാതനമായ മതമൈത്രിയും സാഹോദര്യവും സമാധാനവും തകരാതിരിക്കാന്‍ ജനങ്ങളോട് തങ്ങളുടെ ആഹ്വാനം അനിവാര്യമാണെന്ന് ഞാന്‍ പറഞ്ഞു. അല്‍പസമയത്തിനകം തന്നെ ദൂരദര്‍ശന്‍ ചാനലിലും മറ്റും തങ്ങളുടെ പ്രസ്താവന വന്നു. പത്രങ്ങളും വലിയ പ്രാധാന്യത്തോടെ തങ്ങളുടെ ആഹ്വാനം പ്രസിദ്ധീകരിച്ചു. കത്തിപ്പടരുമായിരുന്ന കേരളത്തിന്റെ അന്തരീക്ഷത്തെ അങ്ങനെ ശിഹാബ് തങ്ങളുടെ തല്‍ക്ഷണ ഇടപെടല്‍ ശാന്തവും സമാധാനപൂര്‍ണവുമാക്കി.
ജനാധിപത്യ മാര്‍ഗത്തിലൂടെ ബാബരി മസ്ജിദിന് വേണ്ടി ശബ്ദിക്കാനും ഭൂരിപക്ഷ വര്‍ഗീയതക്ക് ശക്തി പകര്‍ന്ന് സമുദായത്തിന് കൂടുതല്‍ നഷ്ടങ്ങളുണ്ടാകാതിരിക്കാനും ജാഗ്രത പുലര്‍ത്തണമെന്നായിരുന്നു തങ്ങളുടെ നിലപാട്. മതസൗഹാര്‍ദ്ദം തകര്‍ക്കുന്നവരോട് യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നത് തങ്ങളുടെ ഉറച്ച നയമായിരുന്നു. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ നിലക്കൊള്ളാന്‍ മുസ്‌ലിംലീഗ് കൈക്കൊണ്ട നയപരിപാടികളെല്ലാം ശിഹാബ് തങ്ങളുടെ ആശയാടിത്തറയില്‍ ഊന്നിയായിരുന്നു. വര്‍ഗീയതയോടും തീവ്രവാദത്തോടുമുള്ള നയസമീപനത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അകത്തുനിന്നും പുറത്തുനിന്നും പാര്‍ട്ടിക്കെതിരെ തിരിഞ്ഞപ്പോള്‍ പോലും തെരഞ്ഞെടുപ്പില്‍ തോല്‍വികള്‍ സംഭവിച്ചാലും ശരി തീവ്ര നിലപാടുകളോട് രാജിയാവാനാകില്ലെന്ന് തങ്ങള്‍ തറപ്പിച്ചു പറഞ്ഞു. അക്രമത്തെ ആത്മസംയമനംകൊണ്ടല്ല നേരിടേണ്ടതെന്നു വാദിക്കാന്‍ വന്നവരോട് സമാധാന മാര്‍ഗത്തിലൂടെ നേടുന്ന പ്രശ്‌നപരിഹാരമാണ് സമുദായത്തിന് ആവശ്യമെന്നായിരുന്നു തങ്ങളുടെ മറുപടി. അതായിരുന്നു ശരിയുടെ മാര്‍ഗമെന്ന് കാലം പിന്നീട് തെളിയിക്കുകയും ചെയ്തു.
1980 ല്‍ മലപ്പുറത്ത് അറബി ഭാഷാ സമരത്തിനു നേരെ ഇടതു സര്‍ക്കാര്‍ വെടിവെക്കുകയും മൂന്ന് യുവാക്കള്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് മാരകമായ പരിക്കേല്‍ക്കുകയും ചെയ്തപ്പോഴും സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗത്തിലൂടെ പ്രതികരിക്കാനായിരുന്നു തങ്ങള്‍ ആഹ്വാനം ചെയ്തത്. അന്ന് മലപ്പുറം നഗരസഭയുടെ ചെയര്‍മാനാണ് ഈ ലേഖകന്‍. ആ പ്രതിസന്ധി ഘട്ടത്തില്‍ ധീരമായി വിഷയങ്ങളില്‍ ഇടപെടാനും പൊലീസ് നടപടികളെ ഭയപ്പെടാതെ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമെത്തിക്കാനുമായിരുന്നു തങ്ങള്‍ തന്നോട് നിര്‍ദേശിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ, സാമുദായിക സംഘര്‍ഷങ്ങള്‍ തലപൊക്കിയപ്പോഴും നാദാപുരത്ത് അക്രമ പരമ്പരകളും കൊലപാതകങ്ങളും അരങ്ങേറിയ സമയത്തും ശിഹാബ് തങ്ങള്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. സമുദായത്തിനകത്തും മുന്നണിയിലെ കക്ഷികള്‍ക്കകത്തും ഭിന്നതകളുണ്ടാകുമ്പോള്‍ ഒരു മാധ്യസ്ഥന്റെ റോളില്‍ ശിഹാബ് തങ്ങള്‍ ഇടപെടുകയും അപ്പോഴെല്ലാം രമ്യതയിലെത്തുകയും ചെയ്തതും കേരളം കണ്ടതാണ്. ദേശീയ നേതാക്കളുമായും രാജ്യത്തിന്റെ ഭരണാധികാരികളുമായെല്ലാം തങ്ങള്‍ പുലര്‍ത്തിയ ഉറ്റ ബന്ധം പരസ്പര ബഹുമാനത്തിന്റെതു കൂടിയായിരുന്നു. 2009 ആഗസ്റ്റ് ഒന്നിന്റെ രാത്രിയില്‍ സംഭവിച്ച ഒരു യുഗത്തിന്റെ അസ്തമയമായിരുന്നു. മതമൈത്രിക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും ഉറച്ച അസ്തിവാരമൊരുക്കാന്‍ ജീവിതകാലം മുഴുവന്‍ പരിശ്രമിക്കുകയും ഒരു വാക്കുകൊണ്ടുപോലും അപരന്റെ മനസ്സില്‍ മുറിവേല്‍പ്പിക്കാതിരിക്കുകയും വേദനിക്കുന്നവന് സമാശ്വാസമാവുകയും ചെയ്ത മഹദ് വ്യക്തിയുടെ വേര്‍പാട്. രാജ്യത്തെ ദലിത്, മുസ്‌ലിം ന്യൂനപക്ഷ, പിന്നാക്ക ജന വിഭാഗങ്ങള്‍ എണ്ണമറ്റ ഭീഷണികളെ അഭിമുഖീകരിക്കുകയും ഇന്ത്യയുടെ മതേതര ജനാധിപത്യ വ്യവസ്ഥ തന്നെ വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ ശിഹാബ് തങ്ങളുടെ ജീവിതവും സന്ദേശവും ഏറെ പ്രസക്തമാവുകയാണ്.

chandrika: