സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്‌ഡേയ കട്ജു കഴിഞ്ഞ ദിവസം സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എഴുതിയ കത്ത് ഏറെ ചിന്തോദ്ദീപകമാണ്. ദാദ്രിയിലെ ഹീന സംഭവത്തില്‍ നിരവധി പേരെ ശിക്ഷിക്കുന്നതിനേക്കാള്‍ ജാഗ്രതയോടെ കാണേണ്ടത് മുഹമ്മദ് അഖ്‌ലാഖ് എന്നയാള്‍ ഗോ സംരക്ഷകരാല്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവമാണ് എന്നായിരുന്നു കട്ജുവിന്റെ കത്ത്. പൊലീസും പ്രാദേശിക കോടതികളിലെ ന്യായാധിപന്മാരും അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നു. ഭ്രാന്തന്മാരെപ്പോലെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് അനുമാനിക്കേണ്ടിടത്തേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.
2002ലെ അക്ഷര്‍ധാം ക്ഷേത്ര ആക്രമണ കേസുമായി ബന്ധപ്പെട്ട് ഷാന്‍ ഖാന്‍ എന്ന ചാന്ദ് ഖാന്‍ 11 വര്‍ഷമാണ് തടവറയില്‍ കഴിഞ്ഞത്. കുറ്റവാളിയല്ലെന്ന് കണ്ടെത്തിയ ഷാന്‍ ഖാനെ യാതൊരു നഷ്ടപരിഹാരവും നല്‍കാതെയാണ് പിന്നീട് വിട്ടയച്ചത്. എന്നാലിപ്പോള്‍ ഷാന്‍ വീണ്ടും ഇരുമ്പഴിക്കുള്ളിലായിരിക്കുന്നു. ഗോ വധം ആരോപിച്ചാണ് പുതിയ ജയില്‍ ശിക്ഷ.
തീവ്രവാദ പ്രവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച് ദീര്‍ഘകാലം ജയിലില്‍ പാര്‍പ്പിച്ച ശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെട്ട മുഫ്തി അബ്ദുല്‍ ഖയ്യൂം അബ്ദുല്‍ ഹുസൈന്‍ തന്റെ ജീവിത കഥ പറയുന്നുണ്ട് ‘ജയിലഴിക്കുള്ളിലെ 11 വര്‍ഷം’ എന്ന തന്റെ പുസ്തകത്തില്‍.
ഇതുപോലെ ജയിലനുഭവങ്ങളുടെ മറ്റൊരു ദുരിത കഥയാണ് ആമിര്‍ ഖാന്‍ എഴുതിയ ‘തീവ്രവാദികളെ സൃഷ്ടിക്കുന്ന വിധം’ എന്ന പുസ്തകം. മെട്രിക്കുലേഷന്‍ പരീക്ഷക്കു തയാറെടുക്കുമ്പോഴാണ് ആമിര്‍ഖാനെ തീവ്രവാദ മുദ്ര കുത്തി ജയിലിലടക്കുന്നത്. കൗമാര പ്രായത്തില്‍ തുടങ്ങിയ കാരാഗൃഹവാസത്തില്‍ നിന്ന് 14 വര്‍ഷം കഴിഞ്ഞാണ് ആമിര്‍ മോചിതനായത്. തുടര്‍ന്നുള്ള അവന്റെ ജീവിതവും ഇരുള്‍ നിറഞ്ഞതായി. ഇക്കാലയളവില്‍ ആമിറിന് പിതാവിനെ നഷ്ടമായി. മാതാവാകട്ടെ മാരകമായ രോഗത്തിനടിമയുമായി. നിരപരാധികളെ കുറ്റവാളികളാക്കുന്ന ക്രൂരമായ സാമൂഹ്യ വ്യവസ്ഥിതി വരച്ചുകാട്ടുന്നതാണ് ആമിറിന്റെ കൃതി.
ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിഞ്ഞ് ജീവിതവും ഭാവിയും കുടുംബവും നഷ്ടമായ നിരവധി മുസ്‌ലിം യുവാക്കളുടെ ദയനീയ സ്ഥിതിയുടെ വെളിച്ചത്തുവന്ന ഉദാഹരണങ്ങള്‍ മാത്രമാണിവ. ഗോധ്ര ട്രെയിന് തീവെച്ച സംഭവത്തിലെ മുഖ്യ സൂത്രധാരനെന്ന് പറഞ്ഞ് ഹാജി ഉമര്‍ജി എന്നയാളെ തടവിലാക്കി പീഡിപ്പിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം തെളിവില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. ഹൈദരാബാദിലെ മക്ക മസ്ജിദ് സ്‌ഫോടനം, മലേഗാവ്, സംഝോത എക്‌സ്പ്രസ്, അജ്മീര്‍ സ്‌ഫോടനം തുടങ്ങി കുപ്രസിദ്ധ തീവ്രവാദ കേസുകളില്‍ നിരവധി മുസ്‌ലിം യുവാക്കളാണ് അറസ്റ്റിലായത്. എന്നാല്‍ വ്യക്തമായ തെളിവില്ലാതെ പിന്നീട് ഇവരെയെല്ലാം വിട്ടയക്കേണ്ടി വന്നു. മിക്ക അന്വേഷണങ്ങളും കലങ്ങി മറിഞ്ഞും അധികാരികളുടെ താല്‍പര്യങ്ങള്‍ക്കൊത്തുമാണ് മുന്നോട്ടുപോയത്. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതികളാവേണ്ടതെന്ന മനോഭാവമാണ് പൊലീസിനുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് പൊലീസ് ഏറെക്കുറെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്ന് ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളെക്കുറിച്ച് പഠിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. സ്വാതന്ത്ര്യത്തിനു ശേഷമാണ് പൊലീസ് പക്ഷപാതപരമായ നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ 1961ല്‍ ജബല്‍പൂര്‍ കലാപത്തെത്തുടര്‍ന്നാണ് പൊലീസില്‍ ന്യൂനപക്ഷ വിരുദ്ധ മനോഭാവം കണ്ടുതുടങ്ങിയത്. ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും ഈ സമയം അവരുടെ നയങ്ങള്‍ പ്രകാരം ഈ മനോഭാവം സങ്കീര്‍ണ്ണമാക്കി. മിക്ക അന്വേഷണ കമ്മീഷനുകളും ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും ഈ വസ്തുത പുറത്തു കൊണ്ടുവന്നു.
സര്‍ക്കാര്‍ സര്‍വീസില്‍ മുസ്‌ലിം പ്രാതിനിധ്യം നാമമാത്രമാണ്. സര്‍വീസിലുള്ളവര്‍ മേലാളന്മാര്‍ക്ക് വിധേയരായി നിശബ്ദം കഴിയേണ്ടി വരും. അല്ലെങ്കില്‍ അവരെ വര്‍ഗീയ കലാപങ്ങളിലെ ഇരകളെ രക്ഷിക്കുന്നതിന് ഇടപെടാന്‍പോലും സാധിക്കാത്തവിധം വിദൂര മേഖലകളില്‍ നിയമിക്കപ്പെടും. പല പൊലീസ് ഉദ്യോഗസ്ഥരും കലാപകാരികള്‍ക്കൊപ്പം ചേരുകയോ അവരെ സഹായിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് മുംബൈ കലാപം അന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 1984 ലെ സിഖ് കലാപ വേളയിലും ഗുജറാത്ത് കലാപത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ന്യൂനപക്ഷ വിരുദ്ധ കലാപത്തില്‍ പൊലീസ് നേരിട്ട് കൂട്ടക്കൊല നടത്തിയ സംഭവങ്ങള്‍ വരെയുണ്ടായി. മഹാരാഷ്ട്രയില്‍ 2013ല്‍ നടന്ന കലാപത്തിലാണ് ഇങ്ങനെ സംഭവിച്ചത്. പൊലീസ് മനഃപൂര്‍വം മുസ്‌ലിംകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് മുന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ വി.എന്‍ റോയ് പ്രതികരിച്ചത്. ഒരു മത വിഭാഗത്തില്‍പെട്ട ആളുകളെ ട്രക്കുകളില്‍ കൊണ്ടുവന്ന് പോയന്റ് ബ്ലാങ്കില്‍ നിര്‍ത്തി വെടിവെച്ചുകൊന്ന് കനാലില്‍ തള്ളുകയായിരുന്നു. ഇതില്‍നിന്നും രക്ഷപ്പെട്ട ഏതാനും പേരാണ് പൊലീസുകാരില്‍ നിന്നുണ്ടായ അത്യന്തം ഹീനമായ നടപടി വിവരിച്ചത്.
2001 ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം അമേരിക്കന്‍ മാധ്യമങ്ങള്‍ ‘ഇസ്‌ലാമിക തീവ്രവാദം’ എന്നൊരു പ്രയോഗം തന്നെ സൃഷ്ടിച്ചെടുക്കുകയുണ്ടായി. ഇന്ധന സമ്പത്ത് നിയന്ത്രിക്കുന്നതിന് അല്‍ ഖ്വയ്ദയെ താങ്ങി നിര്‍ത്താനുള്ള അമേരിക്കയുടെ ഗൂഢ ലക്ഷ്യമാണ് ഇത് വ്യക്തമാക്കുന്നത്. ഒപ്പം ലോക തീവ്രവാദത്തിന് കാരണക്കാര്‍ മുസ്‌ലിംകളാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു. മാത്രവുമല്ല, അതുവരെ സമൂഹത്തിനിടയിലായിരുന്നു ഇങ്ങനെയൊരു ചിന്ത വ്യാപകമായിരുന്നതെങ്കില്‍ പിന്നീട് രാഷ്ട്ര നേതാക്കള്‍ തന്നെ അതിന്റെ പ്രചാരകരായി. മാധ്യമങ്ങളും തല്‍പര കക്ഷികളും ആഗോള ഇസ്‌ലാം ഭീതി വിതയ്ക്കുകയും ചെയ്തു.
നിരപരാധികളായ യുവാക്കളെയും മറ്റുള്ളവരെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പൊലീസ് സേനയെ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് സ്ഥാപിതമായ നിരവധി കമ്മീഷനുകള്‍ ഇക്കാര്യത്തില്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിവേകമതികളാക്കല്‍ ആവശ്യമാണ്. അതിന് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പൊലീസ് അക്കാദമികളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണം. ഇത്തരം അക്കാദമികളിലെ പാഠ്യപദ്ധതികള്‍ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കുകയും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയും വേണം. വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും പകരം ഭരണഘടനയുമായി പൊരുത്തപ്പെട്ടുപ്രവര്‍ത്തിക്കുന്നവരാകണം പൊലീസ്. സത്യം മനസ്സിലാക്കാനുള്ള കഴിവും ആവശ്യമാണ്.
നിരപരാധികള്‍ തടവറയില്‍ കഴിയുന്നതിനെതിരെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി നിരവധി സന്നദ്ധ സംഘടനകള്‍ പോരാടുന്നുണ്ട്. ഇത്തരത്തിലുള്ള അനേകം കേസുകള്‍ അവര്‍ കണ്ടെത്തുകയും ചെയ്തു. പക്ഷേ അവര്‍ക്ക് പരിമിതികളുണ്ട്. നിരപരാധികളായി തടവറക്കുള്ളില്‍ കഴിയുന്നവരെ സഹായിക്കാന്‍ രാജ്യത്താകമാനം ശക്തമായ ശൃംഖല ആവശ്യമാണ്. നിരപരാധികള്‍ തടവില്‍ കഴിയുന്ന സംഭവത്തില്‍ അവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കുകയും ഇതിനു കാരണക്കാരായ പൊലീസുകാര്‍ക്ക് മതിയായ ശിക്ഷ നല്‍കുകയും വേണം. തെറ്റൊന്നും ചെയ്യാതെ കാലങ്ങളോളം തടവറയില്‍ കഴിയേണ്ടി വന്നവര്‍ എഴുതിയ പുസ്തകങ്ങള്‍, ഭരണനിര്‍വഹണ വിഭാഗത്തിലേക്ക് പരിശീലനം നേടുന്നവരും പൊലീസ് അക്കാദമികളില്‍ പരിശീലനം നല്‍കുന്നവരും നിര്‍ബന്ധമായും വായിച്ചിരിക്കണം.