X

മതിയാകുമോ 50 ദിവസം

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനു പിന്നാലെ ഉടലെടുത്ത പ്രശ്‌നങ്ങള്‍ 50 ദിവസം കൊണ്ട് ഇല്ലാതാകും എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നത്. ഇതുപ്രകാരം നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടില്‍ നിന്ന് അമ്പത് ദിവസത്തെ ദൂരത്തേക്ക് ഇനി ഒരാഴ്ചത്തെ ദൂരം മാത്രമേയുള്ളൂ.

പ്രധാനമന്ത്രി പറഞ്ഞിരുന്ന സമയപരിധി ഡിസംബര്‍ 28ന് അവസാനിക്കും. ഇത്രയും സമയത്തിനുള്ളില്‍ രാജ്യം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുമോ എന്നതാണ് ചോദ്യം.

നോട്ട് അച്ചടിക്കുന്ന ഇന്ത്യന്‍ പ്രിന്റിങ് പ്രസുകളുടെ ശേഷിയെ കുറിച്ച് റിസര്‍വ് ബാങ്കുകള്‍ നല്‍കുന്ന വിവരപ്രകാരം ഇക്കാലയളവില്‍ എല്ലാം സാധാരണ നിലയിലാകില്ല. വേണ്ടത്ര നോട്ടുകള്‍ ലഭ്യമാക്കാന്‍ കഴിയാത്തതു തന്നെ കാരണം. കേന്ദ്രബാങ്ക് വിലയിരുത്തല്‍ പ്രകാരം തിരിച്ചുവിളിക്കപ്പെട്ട പണത്തിന്റെ 35 ശതമാനം (ഒമ്പത് ലക്ഷം കോടി) വിതരണം ചെയ്യാന്‍ തന്നെ അടുത്ത വര്‍ഷം മെയ് ആകും. തിരിച്ചുവിളിക്കപ്പെട്ട 14 ലക്ഷവും വിനിമയത്തിലെത്തണമെങ്കില്‍ 2017 ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടി വരും. ഇവയെ കുറിച്ചുള്ള വസ്തുതകള്‍

ആര്‍.ബി.ഐക്ക് നാല് പ്രസുകളാണ് ഉള്ളത്; ദേവാസ് (മധ്യപ്രദേശ്), നാഷിക് (മഹാരാഷ്ട്ര), സല്‍ബോനി (പശ്ചിമബംഗാള്‍), മൈസൂരു (കര്‍ണാടക).
ഈ പ്രസുകളുടെ ഒരു വര്‍ഷത്തെ അച്ചടി ശേഷി 2670 കോടി നോട്ടുകള്‍. ദിവസം അച്ചടിക്കാനാവുക ഏകദേശം 7.4 കോടി നോട്ടുകള്‍.
സാധാരണഗതിയില്‍ പ്രസില്‍ രണ്ടു ഷിഫ്റ്റുകള്‍. ഇപ്പോള്‍ മൂന്ന്. ഉത്പാദന ശേഷി ദിവസം 11.1 കോടി നോട്ടുകളായി ഉയര്‍ത്തി.

അതേസമയം, പ്രസുകളുടെ പകുതിയിലധികം മെഷീനുകള്‍ക്ക് ഉയര്‍ന്ന സുരക്ഷാ പ്രത്യേകതകള്‍ ഉള്ള അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ അച്ചടിക്കാനുള്ള ശേഷിയില്ല.
അതിനര്‍ത്ഥം, നാലു പ്രസിലെയും എല്ലാ മെഷീനുകളും 24 മണിക്കൂറും 500 രൂപാ നോട്ട് അച്ചടിച്ചാല്‍, ദിനം പ്രതി 5.56 കോടി നോട്ടുകള്‍ മാത്രമേ ഉത്പാദിപ്പിക്കാനാകൂ.

chandrika: