X

മതസ്ഥാപനങ്ങളുടെ ഭൂമി പൊതു ആവശ്യത്തിന് ഏറ്റെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: ആരാധാനാലയങ്ങള്‍ ഉള്‍പ്പെടെ മത സംഘടനകളുടെയോ സ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലുള്ള ഭൂമി പൊതു ആവശ്യത്തിനു വേണ്ടി സര്‍ക്കാറുകള്‍ക്ക് ഏറ്റെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി. ആറുവരിപ്പാത നിര്‍മാണത്തിനായി ദേവാലയവും സെമിത്തേരിയും ഉള്‍കൊള്ളുന്ന ഭൂമി ഏറ്റെടുക്കാനുള്ള നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി.

പൊതു ആവശ്യത്തിന് ഭൂമി വേണ്ടിവരികയും 1956ലെ ദേശീയ പാത നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഹര്‍ജിക്കാരുടെ ആവശ്യം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. 2012 ഓഗസ്റ്റില്‍ ഭൂമി ഏറ്റെടുക്കാനായി ദേശീയപാതാ അതോറിറ്റി പുറത്തിറക്കിയ ഉത്തരവിനെതിരെ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ അസോസിയേഷന്‍ ആണ് കോടതിയെ സമീപിച്ചത്. ഫിറോസാബാദ് ജില്ലയെ ആഗ്രയുമായി ബന്ധിപ്പിക്കുന്ന ഇറ്റാവ വഴിയുള്ള ബൈപാസിനായി സ്ഥലമേറ്റെടുക്കാനാണ് ദേശീയ പതാ അതോറിറ്റി ഉത്തരവിറക്കിയത്.

നിര്‍ദിഷ്ട അലൈന്‍മെന്റിലൂടെ പാത കടന്നുപോകുമ്പോള്‍ നാലിടത്ത് സെമിത്തേരിയും ദേവാലയങ്ങളും പൊളിച്ചുമാറ്റേണ്ടി വരുമെന്നും ഇത് മതവികാരം വ്രണപ്പെടുത്തുമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യം, ആരാധാന സ്വാതന്ത്ര്യം എന്നിവയുടെയും ആരാധനാലയ നിയമ(സ്‌പെഷ്യല്‍ പ്രൊവിഷന്‍)ത്തിന്റെയും ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

എന്നാല്‍ സാമുദായിക സംഘര്‍ഷത്തിന് വഴിവെക്കും വിധത്തില്‍ ഒരു വിഭാഗത്തിന്റെ ആരാധാനാലയം മറ്റൊരു വിഭാഗമോ വ്യക്തികളോ കൈയേറുന്നതില്‍നിന്ന് സംരക്ഷണം നല്‍കുന്നതാണ് ആരാധനാലയ നിയമമെന്നും പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ഇത് തടസ്സമല്ലെന്നും ജസ്റ്റിസുമാരായ വി.കെ ശുക്ല, എം.സി ത്രിപാഠി എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

അതേസമയം ക്രിസ്തുമസ് ഉള്‍പ്പെടെയുള്ള അടുത്തു വരുന്ന സാഹചര്യത്തില്‍ ദേവാലയം പൊളിക്കാന്‍ ഉത്തരവിടരുതെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇതനുസരിച്ച് അടുത്ത ഒരു മാസത്തേക്ക് ദേവാലയങ്ങള്‍ പൊളിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഒരു മാസത്തിനകം ചര്‍ച്ച് അധികൃതരും ദേശീയപാതാ അതോറിറ്റി അധികൃതരും ചര്‍ച്ച ചെയ്ത് ദേവാലയങ്ങള്‍ പൊളിച്ചുനീക്കുന്നതിനോ മാറ്റി സ്ഥാപിക്കുന്നതിനോ വേണ്ട തീരുമാനം കൈക്കൊള്ളണമെന്നും കോടതി വ്യക്തമാക്കി.

chandrika: