തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാഭ്യാസ പരിപാടി ‘ഫസ്റ്റ്‌ബെല്‍’ ഹിറ്റ് ആയതോടെ യുട്യൂബില്‍ നിന്ന് പ്രതിമാസം 15 ലക്ഷം രൂപ വരുമാനം. പരസ്യങ്ങള്‍ക്കു നിയന്ത്രണമുള്ളപ്പോഴാണ് ഈ വരുമാനം. നിയന്ത്രണം മാറ്റിയാല്‍ പ്രതിമാസവരുമാനം 30 ലക്ഷം വരെയാകുമെന്നാണ് വിലയിരുത്തല്‍.
കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള സംപ്രേഷണത്തിനു പുറമേയാണ് ഫെയ്‌സ്ബുക്, യുട്യൂബ് എന്നിവ വഴി ലക്ഷക്കണക്കിനു കുട്ടികള്‍ അധ്യയനം നടത്തുന്നത്. ഫസ്റ്റ്‌ബെല്‍ ഇതുവരെ 1000 ക്ലാസുകള്‍ പൂര്‍ത്തിയാക്കി. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമേ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274 കന്നഡ ക്ലാസുകളും, 163 തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു.141 രാജ്യങ്ങളില്‍ നിന്നുള്ള കാഴ്ചക്കാരുണ്ട്.
പ്രതിമാസം 15 കോടിയിലധികം യുട്യൂബ് കാഴ്ചകള്‍. പ്രതിദിനം 5 ലക്ഷം മണിക്കൂര്‍ യുട്യൂബ് കാഴ്ചകള്‍. ഒരു ദിവസത്തെ ക്ലാസുകള്‍ക്ക് യുട്യൂബില്‍ മാത്രം ശരാശരി 54 ലക്ഷം പ്രേക്ഷകരുണ്ട്. യുട്യൂബ് ചാനല്‍ വരിക്കാരുടെ എണ്ണം 15.8 ലക്ഷമാണ്.
കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദം ഒഴിവാക്കാനും പാഠ്യേതര വിഷയങ്ങളില്‍ പരിശീലനം നല്‍കാനുമുള്ള പ്രത്യേക പരിപാടി അടുത്ത മാസം തുടങ്ങുമെന്ന് കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. യോഗ, കായിക വിഷയങ്ങള്‍, പ്രചോദനാത്മക പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തുമെന്നും ഇതിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.