X

മണി ബില്‍: പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി(ജി.എസ്.ടി)യുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ച മണി ബില്ലിനെതിരെ പ്രതിപക്ഷ പ്രതിഷേധം. ധനവകുപ്പുമായി ഒരു തരത്തിലും ബന്ധമില്ലാത്ത നിയമങ്ങളില്‍ പോലും മണി ബില്ലിലൂടെ ഭേദഗതി വരുത്താനുള്ള കേന്ദ്ര നീക്കമാണ് പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. ചട്ടപ്രകാരം മണി ബില്‍ പാസാക്കുന്നതിന് രാജ്യസഭയുടെ അനുമതിആവശ്യമില്ല. ലോക്‌സഭ പാസാക്കിയാല്‍ ബില്‍ നിയമമാകും. ഈ പഴുതുപയോഗിച്ച് ജനാധിപത്യത്തെതന്നെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ പല ബില്ലുകളും പാസാക്കിയെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇതേതുടര്‍ന്ന് പല ബില്ലുകളും കേന്ദ്രം മണി ബില്‍ ആയാണ് സഭയില്‍ അവതരിപ്പിക്കുന്നത്. ഇത്തരം ബില്ലുകള്‍ ചര്‍ച്ച ചെയ്യാനും ഭേദഗതി നിര്‍ദേശിക്കാനും രാജ്യസഭക്ക് അവകാശമുണ്ടെങ്കിലും ഈ ഭേദഗതികള്‍ സ്വീകരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഫലത്തില്‍ രാജ്യസഭയെ നോക്കുകുത്തിയാക്കി മാറ്റുകയാണ് സര്‍ക്കാര്‍. അപകടകരമായ വികാസമാണ് പുതിയ നീക്കമെന്ന് സി.പി.ഐ നേതാവ് ഡി രാജ രാജ്യസഭയില്‍ ആരോപിച്ചു. ഫാസിസം രൂപംകൊണ്ട രാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇതിനോട് ചില സമാനത തോന്നും. അവിടെയും നിയമ നിര്‍മാണ സഭകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയുടെ അധികാരങ്ങള്‍ക്ക് മൂക്കുകയറിട്ടു. മണി ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് ഇതാണ്. ഇന്ന് രാജ്യസഭയെ നോക്കു കുത്തിയാക്കുന്നു. നാളെ ലോക്‌സഭയേയും അവഗണിക്കും. ഇന്ത്യയുടെ ഭാവിയെയും ജനാധിപത്യത്തിന്റെയും റിപ്പബ്ലിക്കിന്റെയും നിലനില്‍പ്പിനേയും ഇത് ആശങ്കയിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടികള്‍ വരും പോകും. സര്‍ക്കാറുകള്‍ മാറി വരും. എന്നാല്‍ രാജ്യം നിലനില്‍ക്കണം. റിപ്പബ്ലിക് അതീവിജിക്കണം. ഇക്കാര്യം സര്‍ക്കാര്‍ മറക്കരുത്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട മണി ബില്ലില്‍ 128 നിയമ ഭേദഗതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 60 ഭേദഗതികളും പലവക ഇനത്തിലാണ്. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങളാണത്. രാജ്യസഭ മുഴുവന്‍ ഇവിടെ അപ്രസക്തമായി മാറുന്നു. ഇന്‍സ്‌പെക്ടര്‍ രാജിന്റെ മൂര്‍ത്തീഭാവമാണിത്. ബില്ലുകള്‍ മണി ബില്‍ ആണോ എന്ന് നിശ്ചയിക്കാനുള്ള അധികാരം ലോക്‌സഭാ സ്പീക്കറില്‍നിന്ന് എടുത്തുകളയണം.
പാര്‍ലമെന്റിനെ പരിഹസിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് തൃണമൂല്‍ അംഗം സുകേന്ദു ശേഖര്‍ റോയ് ആരോപിച്ചു. മണി ബില്ലിന്റെ മറവില്‍ ഐ.ടി നിയമം ഭേദഗതി ചെയ്യുന്നു. ട്രൈബ്യൂണലുകളെ ലയിപ്പിക്കുന്നു. പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്നു. ഇതിലപ്പുറം ജനാധിപത്യം എങ്ങനെ അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

chandrika: