X

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനിക്ക് സുപ്രീംകോടതിയുടെ അനുമതി. മകന്‍ ഹഫീസ് ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ആഗസ്റ്റ് ഏഴു മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാനാണ് അനുമതി. കേരള സന്ദര്‍ശനത്തിലെ സുരക്ഷയുടെ ചെലവ് മഅ്ദനി വഹിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ചെലവ് കര്‍ണാടക സര്‍ക്കാര്‍ വഹിക്കണമെന്ന മഅ്ദനി ആവശ്യപ്പെട്ടെങ്കിലും കോടതി നിരാകരിച്ചു. അര്‍ബുദ ബാധിതയായ മാതാവിനെ കാണാന്‍ ആഗസ്ത് ഒന്ന് മുതല്‍ ഏഴ് വരെ ബംഗളൂരു എന്‍.ഐ.എ കോടതി മഅ്ദനിക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. ആഗസ്റ്റ് ഒമ്പതിന് തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് മകന്റെ വിവാഹം. വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അസുഖബാധിതരായ മാതാപിതാക്കളെ കാണുന്നതിനുമായി നാട്ടില്‍ പോകാന്‍ അനുവാദം നല്‍കണമെന്നും ഇതിനായി ജാമ്യവ്യവസ്ഥയില്‍ 20 ദിവസത്തെ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മഅ്ദനി ആദ്യം എന്‍.ഐ.എ കോടതിയെ സമീപിച്ചത്. എന്നാല്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് കോടതി അനുമതി നല്‍കിയിരുന്നില്ല. ഇതിനെതിരേയാണ് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്. ചികിത്സാ ആവശ്യങ്ങള്‍ക്കായി മഅ്ദനിക്ക് നേരത്തെ ജാമ്യം അനുവദിച്ച് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ബംഗളൂരുവിന് പുറത്തേക്ക് പോവാന്‍ അനുവാദമുണ്ടായിരുന്നില്ല.

chandrika: